Asianet News MalayalamAsianet News Malayalam

നിര്‍മ്മാണം നിര്‍ത്തുന്നു, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ഇനിയില്ല!

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ജനപ്രിയ മോഡലായ ഗ്രാന്‍ഡ് ഐ10ന്‍റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നു

Grand i10 Removed From Hyundais Official Website
Author
Mumbai, First Published Jan 14, 2021, 4:25 PM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ജനപ്രിയ മോഡലായ ഗ്രാന്‍ഡ് ഐ10ന്‍റെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഹ്യുണ്ടായിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഈ വാഹനം അപ്രത്യക്ഷമായതോടെയാണ് ഗ്രാന്റ് ഐ10 നിരത്തൊഴിയുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. ഗ്രാന്‍ഡ് i10-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഹ്യുണ്ടായി നീക്കം ചെയ്‍തെന്നും ഉല്‍പ്പാദനം നിര്‍ത്തുന്നതിന്‍റെ ഭാഗമിണിതെന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം സാന്‍ട്രോ, ഗ്രാന്‍ഡ് i10 നിയോസ്, i20 എന്നിങ്ങനെ മൂന്ന് ഹാച്ച്ബാക്കുകള്‍ ഇപ്പോഴും വെബ്‍സൈറ്റില്‍ ലഭ്യമാണ്. ഗ്രാന്‍ഡ് i10 മോഡലിന്റെ ഡീസല്‍ പതിപ്പിനെ നേരത്തെ പിന്‍വലിച്ചിരുന്നു. എന്നാൽ, ബിഎസ് VI-ലേക്ക് നവീകരിച്ച പെട്രോള്‍, സിഎന്‍ജി പതിപ്പിനെ കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു. 81 bhp കരുത്തും 114 Nm ടോർക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ കാപ്പ VTVT പെട്രോള്‍ എഞ്ചിനായിരുന്നു വാഹനത്തിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവലായിരുന്നു ഗിയര്‍ബോക്സ്. 64 bhp കരുത്തും, 98 Nm ടോർക്കും ആണ് സിഎന്‍ജി കരുത്തില്‍ എത്തുന്ന ഗ്രാന്‍ഡ് i10 ഉത്പാദിപ്പിച്ചിരുന്നത്. ഹാച്ച്ബാക്ക് ശ്രേണിയില്‍ ഗ്രാന്റ് ഐ10 നിയോസ് എത്തിയതോടെ മാഗ്‌ന, സ്‌പോര്‍ട്‌സ് വേരിയന്റുകളില്‍ മാത്രമാണ് ഗ്രാന്റ് ഐ10 വിപണിയില്‍ എത്തിയിരുന്നത്. 

രണ്ടാം തലമുറ ഗ്രാന്‍ഡ് i10 നിയോസിനെ വിപണിയില്‍ എത്തിച്ചതോടെയാണ് i10 -ന്റെ ഡീസല്‍ പതിപ്പിനെ കമ്പനി വിപണിയില്‍ നിന്നും പിന്‍വലിക്കുന്നത്. ഗ്രാന്‍ഡ് i10 നിയോസ് നിലവിലില്‍ വിപണിയിലുള്ള ഗ്രാന്‍ഡ് i10 -നിലും കൂടുതല്‍ വിശാലവും, പ്രീമിയവുമാണ്. സാന്‍ട്രോ വെന്യു മോഡലുകളുടെ ചില വേരിയന്റുകളെയും പിൻവലിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വെന്യുവിന്റെ 1.0 ലിറ്റര്‍ S മാനുവല്‍, ഗ്രാന്‍ഡ് i10 നിയോസ് കോര്‍പ്പറേറ്റ് എഡിഷന്‍, സാന്‍ട്രോ കോര്‍പ്പറേറ്റ് എഡിഷന്‍ എന്നിവയും വിപണിയില്‍ നിന്നും പിന്വലിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 

2019 ഓഗസ്റ്റിലാണ് ഗ്രാന്‍ഡ് ഐ10 നിയോസിനെ ഹ്യുണ്ടായി ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ ഗ്രാന്‍ഡ് i10-ന്റെ മൂന്നാം തലമുറ മോഡലും ഇന്ത്യയില്‍ രണ്ടാം തലമുറ മോഡലുമാണിത്. ഗ്രാന്‍ഡ് ഐ10 നിയോസ് 1.0 ലിറ്റര്‍ ടര്‍ബോ ജിഡിഐ എന്‍ജിന്‍ നല്‍കി അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു.  ദ അത്‌ലറ്റിക്ക് മിലേനിയല്‍ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 1 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കൂടാതെ 1.2 ലീറ്റര്‍, പെട്രോള്‍ എന്‍ജിനും 1.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഐ 10 നിയോസില്‍ ഉള്ളത്.

പെട്രോള്‍ എന്‍ജിന് 83 പിഎസ് കരുത്തും 11.6 കെജിഎം ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന് 75 പിഎസ് കരുത്തും 19.4 എന്‍എം ടോര്‍ക്കുമുണ്ട്. ഇരു എന്‍ജിനുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും എഎംടി ഗിയര്‍ബോക്‌സുമുണ്ട്. പെട്രോള്‍ മോഡലിന് ലീറ്ററിന് 20.7 മൈലേജും ഡീസല്‍ മോഡലിന്  ലീറ്ററിന് 26.2 മൈലേജുമാണ് ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നത്.  

പഴയ ഗ്രാന്‍ഡ് i10 മോഡലില്‍ നിന്നും നിരവധി മാറ്റങ്ങങ്ങളോടെയാണ് പുതിയ നിയോസ് പുറത്തിറങ്ങിയിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള കാസ്‌കാഡ് ഗ്രില്‍, വ്യത്യസ്തമായ ഡേ ടൈം റണ്ണിങ് ലാമ്പ്, പ്രൊജക്ട ഹെഡ്‌ലാമ്പ്, ക്രോം ഡോര്‍ ഹാന്‍ഡില്‍, റൂഫ് റെയില്‍സ്, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവയാണ് പുറംമോഡിയിലെ സവിശേഷതകള്‍.

ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം. ഡാഷ്‌ബോര്‍ഡും പുതുക്കിപ്പണിതിട്ടുണ്ട്. ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തെ സവിശേഷതകളാണ്.

Follow Us:
Download App:
  • android
  • ios