ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, വിഡബ്ല്യു ടൈഗൺ, സ്‌കോഡ കുഷാക്ക് എന്നിവയ്‌ക്ക് എതിരാളിയായി ഹോണ്ട ഒരു പുതിയ കോംപാക്റ്റ് എസ്‌യുവിയും ഇന്ത്യൻ വിപണിയിൽ വികസിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട പുതിയ WR-V കോംപാക്റ്റ് എസ്‌യുവി ഇന്തോനേഷ്യയിൽ അവതരിപ്പിച്ചു . പുതിയ ജാസ്/സിറ്റി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ മോഡൽ. ഇത് ആദ്യം ഇന്തോനേഷ്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ WR-Vക്ക് നീളവും വീതിയും ഉയരവും കൂടുതലുണ്ട്. യഥാർത്ഥത്തിൽ, ഇന്ത്യൻ വിപണിയിൽ പുതിയ WR-V-യെ കുറിച്ച് പഠിക്കുകയാണ് ഹോണ്ട. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, വിഡബ്ല്യു ടൈഗൺ, സ്‌കോഡ കുഷാക്ക് എന്നിവയ്‌ക്ക് എതിരാളിയായി ഹോണ്ട ഒരു പുതിയ കോംപാക്റ്റ് എസ്‌യുവിയും ഇന്ത്യൻ വിപണിയിൽ വികസിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

നിലവിലുള്ള ഡബ്ല്യുആർ-വി വികസിപ്പിക്കാൻ ഉപയോഗിക്കുന്ന നാലാം തലമുറ സിറ്റി ആർക്കിടെക്ചറിന് പകരം അഞ്ചാം തലമുറ സിറ്റി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഇന്ത്യ-സ്പെക് ഹോണ്ട എസ്‌യുവി. പുതിയ ഹോണ്ട എസ്‌യുവിക്ക് 4.2-4.3 മീറ്റർ നീളമുണ്ടാകും, തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന ഹോണ്ട എച്ച്ആർ-വിക്ക് താഴെയാകും. തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലേക്ക് പുതിയ എസ്‌യുവി കയറ്റുമതി ചെയ്യാനും ഹോണ്ടയ്ക്ക് കഴിയും.

 2023 ഹോണ്ട ഡബ്ല്യുആര്‍വി, കൂടുതൽ വിശദാംശങ്ങൾ പുറത്ത്

ഹോണ്ടയുടെ ക്രെറ്റ എതിരാളിയായ പുതിയ എസ്‌യുവി ഉത്സവ സീസണിന് തൊട്ടുമുമ്പ് 2023 മധ്യത്തോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകള്‍. പുതിയ ഹോണ്ട എസ്‌യുവി സിറ്റി സെഡാനുമായി എഞ്ചിൻ ഓപ്ഷനുകൾ പങ്കിടാൻ സാധ്യതയുണ്ട്. അതേസമയം 2023 ഏപ്രിലിൽ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ വരുന്നതോടെ ഇന്ത്യൻ വിപണിയിൽ നിന്ന് 1.5 ലിറ്റർ ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഹോണ്ട തീരുമാനിച്ചിരുന്നു.

സിറ്റി സെഡാന് കരുത്ത് പകരുന്ന 1.5 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനാണ് പുതിയ ഹോണ്ട കോംപാക്ട് എസ്‌യുവിക്ക് കരുത്തേകാൻ സാധ്യത. ഈ എഞ്ചിന് 121 bhp കരുത്തും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവലും സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾപ്പെടാൻ സാധ്യതയുണ്ട്. സിറ്റി സെഡാനിൽ വാഗ്ദാനം ചെയ്യുന്ന ഹോണ്ടയുടെ e:HEV ഹൈബ്രിഡ് സിസ്റ്റവും ഇതിന് ലഭിക്കാൻ സാധ്യതയുണ്ട്. രണ്ട് ഇലക്ട്രിക് മോട്ടോറുകളുള്ള അറ്റ്കിൻസൺ സൈക്കിൾ 1.5 എൽ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇതിന് ലഭിക്കുക. പെട്രോൾ യൂണിറ്റ് പരമാവധി 98 ബിഎച്ച്പി പവറും ഇലക്ട്രിക് സഹായത്തോടെ 109 ബിഎച്ച്പിയും ഉത്പാദിപ്പിക്കുന്നു. ഇതിന്റെ സംയുക്ത ടോർക്ക് ഔട്ട്പുട്ട് 253 എൻഎം ആണ്. ഹൈബ്രിഡ് സെഡാൻ സിംഗിൾ, ഫിക്സഡ് ഗിയർ റേഷ്യോയിലും മൂന്ന് ഡ്രൈവ് മോഡുകളിലും ലഭ്യമാണ്. 

കഴിഞ്ഞ വർഷം അവതരിപ്പിച്ച ആര്‍ എസ് എസ്‍യുവി കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണ് പുതിയ തലമുറ ഹോണ്ട WR-V. പുതിയ മോഡലിന് 4,060 എംഎം നീളവും 1,608 എംഎം ഉയരവും 1,780 എംഎം വീതിയും 2495 എംഎം വീൽബേസുമുണ്ട്. ഇതിന് 220 എംഎം ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 17 ഇഞ്ച് അലോയ് വീലുകളിലാണ് എസ്‌യുവി സഞ്ചരിക്കുന്നത്. പുതിയ മോഡലിന് 380 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ട്. ഇന്തോനേഷ്യയില്‍ കിയ സോണറ്റ്, ടൊയോട്ട റൈസ്, ദിഹാസ്‍തു റോക്കി എന്നിവയ്‌ക്കൊപ്പം പുതിയ WR-V മത്സരിക്കും.

സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ, പുതിയ ഹോണ്ട WR-V യിൽ ആറ് എയർബാഗുകൾ, ഇബിഡി സഹിതമുള്ള എൺബിഎസ്, അഡാസ് സാങ്കേതികവിദ്യയായ ഹോണ്ട സെൻസിംഗ് സുരക്ഷാ ബണ്ടിൽ എന്നിവ ലഭിക്കുന്നു. ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയിൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹൈ ബീം അസിസ്റ്റ് എന്നിവയും മറ്റുള്ളവയും ഇതിലുണ്ട്. മാനുവൽ, സിവിടി ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 121 ബിഎച്ച്പി, 1.5 എൽ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.