Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ വണ്ടിക്കമ്പോളത്തില്‍ 'വന്‍മതില്‍' പണിയാന്‍ ചൈന!

ചൈനീസ് വാഹന ഭീമന്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു

Great Wall Motors enters Indian market
Author
Delhi, First Published Feb 8, 2020, 2:42 PM IST

ചൈനീസ് വാഹന ഭീമന്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു. ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ കമ്പനിയുടെ ഹവാല്‍ ബ്രാന്‍ഡിന് കീഴില്‍ ‘കണ്‍സെപ്റ്റ് എച്ച്’ എന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവിയും ഇലക്ട്രിക് കണ്‍സെപ്റ്റ് വിഷന്‍ 2025-ഉം അവതരിപ്പിച്ചാണ് അരങ്ങേറ്റം.

കണ്‍സെപ്റ്റ് എച്ച് ഹൈബ്രിഡ് ഇലക്ട്രിക് എസ്‌യുവി, വിഷന്‍ 2025 എന്നീ കണ്‍സെപ്റ്റുകള്‍ക്ക് പുറമെ, ഹവല്‍ എച്ച്9, എഫ്7, എഫ്7എക്‌സ്, എഫ്5, ഇലക്ട്രിക് വാഹനങ്ങളായ ഐക്യു, ആര്‍1 എന്നീ വാഹനങ്ങള്‍ ഒട്ടോ എക്‌സ്‌പോയില്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് പ്രദര്‍ശിപ്പിച്ചു. 

ഭാവിയില്‍ ഹവാല്‍ ബ്രാന്‍ഡ് വിപണിയിലെത്തിക്കുന്ന മിഡ്‌സൈസ് എസ്‌യുവി ആയിരിക്കും ഇപ്പോഴത്തെ കണ്‍സെപ്റ്റ്. എസ്‌യുവിയുടെ പവര്‍ട്രെയ്ന്‍ സംബന്ധിച്ച് വിശദാംശങ്ങളില്ല. രൂപകല്‍പ്പനയുടെ കാര്യത്തില്‍, നിലവില്‍ നിരവധി ഹവാല്‍ എസ്‌യുവികളില്‍ കാണുന്ന ധാരാളം സ്റ്റൈലിംഗ് സൂചകങ്ങള്‍ പുതിയ കണ്‍സെപ്റ്റില്‍ നല്‍കിയിരിക്കുന്നു. എന്നാല്‍ വലിയ ക്രോം ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, 19 ഇഞ്ച് വ്യാസമുള്ള അലോയ് വീലുകള്‍, ‘ടി’ ആകൃതിയുള്ള ടെയ്ല്‍ ലാംപുകള്‍ എന്നിവ മറ്റ് ഹവാല്‍ എസ്‌യുവികളില്‍നിന്ന് വ്യത്യസ്തമാണ്.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയര്‍ന്നുനില്‍ക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഗിയര്‍ തെരഞ്ഞെടുക്കുന്നതിന് ടച്ച്പാഡ്, മറ്റ് നിരവധി ഫംഗ്ഷനുകള്‍ക്കായി ഡോറില്‍ മറ്റൊരു ടച്ച്പാഡ് എന്നിവ കാബിന്‍ വിശേഷങ്ങളാണ്. ഡാഷ്‌ബോര്‍ഡിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ എല്‍ഇഡി ലൈറ്റ് ബാര്‍ നല്‍കിയിരിക്കുന്നു. നാവിഗേഷനും മറ്റും ഡിസ്‌പ്ലേ ചെയ്യുന്നതിന് കോ-ഡ്രൈവര്‍ക്ക് മുന്നില്‍ മറ്റൊരു സ്‌ക്രീന്‍ ഉണ്ടായിരിക്കും. വലിയ പനോരമിക് സണ്‍റൂഫ്, ഫോര്‍വേര്‍ഡ് കൊളീഷന്‍ അലര്‍ട്ട് സിസ്റ്റം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവ മറ്റ് ഫീച്ചറുകളാണ്.

ഇന്ത്യന്‍ വിപണിയില്‍ ഏതെല്ലാം മോഡലുകളാണ് പുറത്തിറക്കുകയെന്ന് ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ജനറൽ മോട്ടോഴ്സിന്റെ മഹാരാഷ്ട്രയിലെ തലേഗാവ്‌ പ്ലാന്റ് വാങ്ങി നവീകരിക്കാനാണ് ഗ്രേറ്റ് വാൾ മോട്ടോഴ്‍സിന്‍റെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി ഗ്രേറ്റ് വാൾ മോട്ടോഴ്സും ജനറൽ മോട്ടോഴ്സും ധാരണ പാത്രത്തിൽ ഒപ്പിട്ടു കഴിഞ്ഞു. ബെംഗളൂരുവില്‍ റിസേര്‍ച്ച് ആന്‍ഡ് ഡെവലെപ്പമെന്റ് വിഭാഗം ആരംഭിക്കുമെന്ന് 2016-ല്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം 2019 നവംബറിലാണ് ഗ്രേറ്റ് വാള്‍ ഇന്ത്യന്‍ പ്രവേശനം വീണ്ടും സൂചിപ്പിക്കുന്നതും 7000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് വ്യക്തമാക്കിയതും. ഇതിനായി ഹവല്‍ മോട്ടോര്‍ ഇന്ത്യ എന്ന പേരിലാണ് ഗുരുഗ്രാം കേന്ദ്രീകരിച്ച് അനുബന്ധ കമ്പനി രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. 

ചൈനയിലെ ഏറ്റവും വലിയ എസ്‌യുവി, പിക്ക്അപ്പ് നിർമാതാക്കളായ ഹെബേയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഗ്രേറ്റ് വാൾ മോട്ടോർസ് ലിമിറ്റഡ്. എസ്‌യുവികളും പിക്ക് അപ്പുകളുമാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ചൈനയില്‍ ഇറക്കുന്നത്. എന്നാല്‍, ഇന്ത്യയിലേക്ക് എസ്‌യുവികളും ചെറു ഇലക്ട്രിക് കാറുകളുമായിരിക്കും ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് എത്തിക്കുക. ഹാവന്‍ എച്ച്6, എച്ച്9 എന്നീ എസ്‌യുവികളും ഓറെ ആര്‍1 എന്ന ഇലക്ട്രിക് കാറുമായിരിക്കുമിത്.

ഇന്ത്യയില്‍ ഏറെ ആവശ്യക്കാരുള്ള പാസഞ്ചര്‍ വാഹന ശ്രേണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ്‌ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് വരുന്നത്. നിലവില്‍ ചൈനയിലെ ഏറ്റവും വലിയ എസ്.യു.വി, പിക്കപ്പ് ട്രക്ക് നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിനു കീഴില്‍ ഗ്രേറ്റ് വാള്‍, ഹവല്‍, വേ, ORA എന്നീ നാല് ബ്രാന്‍ഡുകളുണ്ട്. ചൈനയില്‍ സെഡാന്‍, പിക്കപ്പ് ട്രക്ക്, പാസഞ്ചര്‍ കാര്‍ എന്നിവയാണ് ഗ്രേറ്റ് വാളിലൂടെ പുറത്തിറങ്ങുന്നത്. എസ്.യു.വികളിലാണ് ഹവലിന്റെ ശ്രദ്ധ. വേയിലൂടെ അഡംബര വാഹനങ്ങളും ORA ഇലക്ട്രിക് വാഹനങ്ങളുമാണ് പുറത്തിറക്കുന്നത്. ഇതില്‍ ഗ്രേറ്റ് വാള്‍ ബ്രാന്‍ഡിലുള്ള പാസഞ്ചര്‍ വാഹനങ്ങളാണ് ആദ്യം ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെത്തുന്ന ഹവല്‍ എസ്.യു.വി.കളുടെ മാത്രം ബ്രാന്‍ഡാണ്. സെഡാന്‍, പിക്കപ്പ് ട്രക്ക്, പാസഞ്ചര്‍ കാര്‍ എന്നിവയാണ് ഗ്രേറ്റ് വാളിലൂടെ പുറത്തിറങ്ങുന്നത്. വേയിലൂടെ അഡംബര വാഹനങ്ങളും ORA ഇലക്ട്രിക് വാഹനങ്ങളുമാണ് ഇറക്കുന്നത്. 

അതേസമയം ഇപ്പോഴും ഗ്രേറ്റ് വാളിന്റെ സാന്നിധ്യം ഇന്ത്യയിലുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ കോഡിങ് സോഫ്റ്റ്‌വെയര്‍, നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ എന്നിവയ്ക്കായി കമ്പനിയുടെ ഒരു റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ടെക്‌നോളജി ഹബ്ബ് ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 
 

Follow Us:
Download App:
  • android
  • ios