Asianet News MalayalamAsianet News Malayalam

തടസങ്ങള്‍ നീങ്ങുന്നു, ആ ചൈനീസ് 'വന്‍ മതിലും' ഇന്ത്യയിലേക്ക്!

എന്നാല്‍ നീട്ടിവെച്ച ആ വരവ് ഈ വര്‍ഷമുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ ഹവല്‍ എഫ്7 എന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ സഹിതം ഇന്ത്യന്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Great Wall Motors India Plans Follow Up
Author
Mumbai, First Published Jun 7, 2021, 2:19 PM IST

ഏറെക്കാലമായി രാജ്യത്തെ വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്‍റെ  ഇന്ത്യാ പ്രവേശനം. രണ്ട് വര്‍ഷം മുമ്പാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്‍റെ ഇന്ത്യയിലെ അനുബന്ധ കമ്പനിയായ ഹവല്‍ മോട്ടോര്‍ ഇന്ത്യയുടെ വരവ് പ്രഖ്യാപിച്ചത്. 2020 ആദ്യം ഹവല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിച്ചേക്കും എന്നും 2021-2022 കാലഘട്ടത്തില്‍ ഹവലിന്റെ ആദ്യ മോഡലും ഇന്ത്യന്‍ നിരത്തിലെത്തിയേക്കുമെന്നും ഹവല്‍ എച്ച്6 എസ്‍യുവി മോഡലായിരിക്കും ആദ്യം ഗ്രേറ്റ് വാള്‍ കുടുംബത്തില്‍നിന്ന് ഇന്ത്യയിലെത്തുക എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ കൊവിഡ്-19 വൈറസിന്റെ വ്യാപനം അതിന് വിനയായി. കൊവിഡ് വേണ്ടവിധം നിയന്ത്രിക്കാൻ ചൈന കാണിച്ച അലംഭാവം ചൂണ്ടിക്കാട്ടി ധാരാളം രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. കടക്കെണിയിലായ ഇന്ത്യൻ കമ്പനികളെ ചൈനീസ് കമ്പനികൾ വിഴുങ്ങാതിരിക്കാൻ ഇന്ത്യയും ചില നീയന്ത്രണങ്ങൾ പ്രഖ്യാപിച്ചതും ചൈനീസ് വണ്ടിക്കമ്പനിയുപടെ വരവിന് തടസമായി.

എന്നാല്‍ നീട്ടിവെച്ച ആ വരവ് ഈ വര്‍ഷമുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ ഹവല്‍ എഫ്7 എന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ സഹിതം ഇന്ത്യന്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിക്കുന്ന ആദ്യ വാഹനം ഇതായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനുപുറമെ, ബെംഗളൂരുവില്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ റിസേര്‍ച്ച് സെന്ററും ആരംഭിച്ചാതും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ഈ റിസേര്‍ച്ച് സെന്ററില്‍ ഓട്ടോണമസ് ഡ്രൈവിങ്ങ് സിസ്റ്റം, ഹൈബ്രിഡ് കണ്‍ട്രോള്‍ യൂണിറ്റ്, വെഹിക്കിള്‍ കണ്‍ട്രോള്‍ യൂണിറ്റ്, ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം എന്നിവയുടെ ഗവേഷണമാണ് നടക്കുന്നതെന്നാണ് വിവരം. ഇന്ത്യയില്‍ ഇവര്‍ എത്തിക്കുന്ന വാഹനം ഉയര്‍ന്ന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായുള്ളതായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

2020ല്‍ ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്സ്പോയിലായിരുന്നു ഹവല്‍ എഫ്7 എന്ന വാഹനത്തിന്‍റെ അവതരണം. ഹവൽ എന്ന ബ്രാൻഡിന് കീഴിൽ കോൺസെപ്റ്റ് H എന്ന എസ്‌യുവി കോൺസപ്റ്റിന്റെ ആഗോള അവതരണം, ലോകത്തെ ഏറ്റവും വിലക്കുറവുള്ള ഇലക്ട്രിക്ക് കാർ എന്ന് വിശേഷണമുള്ള ആർ1 തുടങ്ങിയവ കമ്പനി ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചിരുന്നു. 

ആഗോള നിരത്തുകളില്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് മുമ്പുതന്നെ അവതരിപ്പിച്ച വാഹനമാണ് ഹാവല്‍ എഫ്7. 1.5 ലിറ്റര്‍, 2.0 ലിറ്റര്‍ ടി-ജി.ഡി.ഐ. ടര്‍ബോ പെട്രോള്‍ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 1.5 ലിറ്റര്‍ എന്‍ജിന്‍ 150 ബി.എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കും 2.0 ലിറ്റര്‍ എന്‍ജിന്‍ 190 ബി.എച്ച്.പി. പവറും 340 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 4620 എം.എം. നീളം, 1846 എം.എം. വീതി, 1690 എം.എം. ഉയരം, 2725 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അളവുകള്‍. ഇന്ത്യന്‍ നിരത്തുകളില്‍ പ്രധാനമായും ജീപ്പ് കോംപസ്, ഹ്യുണ്ടായി ടൂസോണ്‍ തുടങ്ങിയ വാഹനങ്ങളുമായായിരിക്കും ഹവല്‍ എഫ്7 മത്സരിക്കുക.  

എന്നാല്‍ എക്സ്പോയില്‍ പ്രധാന മോഡലുകൾ അവതരിപ്പിക്കുകയും ഇന്ത്യൻ സംരഭത്തിലേക്ക് ചില ഉന്നതരെ നിയമിക്കുകയും ചെയ്‍തതല്ലാതെ കാര്യമായി ഗ്രേറ്റ് വാൾ മോട്ടോർസ് ഇന്ത്യയിൽ ഇതുവരെ നിക്ഷേപം നടത്തിയിരുന്നില്ല. ജനറൽ മോട്ടോഴ്സിന്റെ മഹാരാഷ്ട്രയിലെ തലേഗാവ്‌ പ്ലാന്റ് വാങ്ങി നവീകരിക്കുന്നത്തിന്റെ പ്രവർത്തനങ്ങളിൽ ആയിരുന്നു ഗ്രേറ്റ് വാൾ മോട്ടോർസ്. ഇതിനായി ഗ്രേറ്റ് വാൾ മോട്ടോഴ്സും ജനറൽ മോട്ടോഴ്സും 2020 ജനുവരി 18-ന് ധാരണപത്രത്തിൽ ഒപ്പിട്ടിരുന്നു. ഏകദേശം 7000 കോടി രൂപയുടെ നിക്ഷേപം തുടക്കത്തിൽ നടത്തി ഇന്ത്യൻ വാഹന വിപണിയിൽ വൻ ശക്തിയാവാനുള്ള പുറപ്പാടിലായിരുന്നു ഗ്രേറ്റ് വാൾ മോട്ടോർസ്.

ഇന്ത്യയില്‍ ഏറെ ആവശ്യക്കാരുള്ള പാസഞ്ചര്‍ വാഹന ശ്രേണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ്‌ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് വരുന്നത്. നിലവില്‍ ചൈനയിലെ ഏറ്റവും വലിയ എസ്.യു.വി, പിക്കപ്പ് ട്രക്ക് നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിനു കീഴില്‍ ഗ്രേറ്റ് വാള്‍, ഹവല്‍, വേ, ORA എന്നീ നാല് ബ്രാന്‍ഡുകളുണ്ട്. ചൈനയില്‍ സെഡാന്‍, പിക്കപ്പ് ട്രക്ക്, പാസഞ്ചര്‍ കാര്‍ എന്നിവയാണ് ഗ്രേറ്റ് വാളിലൂടെ പുറത്തിറങ്ങുന്നത്. എസ്.യു.വികളിലാണ് ഹവലിന്റെ ശ്രദ്ധ. വേയിലൂടെ അഡംബര വാഹനങ്ങളും ORA ഇലക്ട്രിക് വാഹനങ്ങളുമാണ് പുറത്തിറക്കുന്നത്. ഇതില്‍ ഗ്രേറ്റ് വാള്‍ ബ്രാന്‍ഡിലുള്ള പാസഞ്ചര്‍ വാഹനങ്ങളാണ് ആദ്യം ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെത്തുന്ന ഹവല്‍ എസ്.യു.വി.കളുടെ മാത്രം ബ്രാന്‍ഡാണ്. സെഡാന്‍, പിക്കപ്പ് ട്രക്ക്, പാസഞ്ചര്‍ കാര്‍ എന്നിവയാണ് ഗ്രേറ്റ് വാളിലൂടെ പുറത്തിറങ്ങുന്നത്. വേയിലൂടെ അഡംബര വാഹനങ്ങളും ORA ഇലക്ട്രിക് വാഹനങ്ങളുമാണ് ഇറക്കുന്നത്. 

ചൈനീസ് ട്രക്ക് നിര്‍മാതാക്കളായ ഫോട്ടോണിന്റെ കൈവശമുള്ള മഹാരാഷ്ട്രയിലെ ചകാനിലെ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനിടെയാണ് കൊവിഡ് 19 വരുന്നത്. അതോടൊപ്പം ഇന്ത്യ വിട്ട ജനറല്‍ മോട്ടോഴ്സിന്റെ തലേഗാവിലെ നിര്‍മാണ കേന്ദ്രം ഏറ്റെടുക്കുന്ന കാര്യവും കമ്പനിയുടെ പരിഗണനയിലുണ്ട്. അതേസമയം ഇപ്പോഴും ഗ്രേറ്റ് വാളിന്റെ സാന്നിധ്യം ഇന്ത്യയിലുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ കോഡിങ് സോഫ്റ്റ്‌വെയര്‍, നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ എന്നിവയ്ക്കായി കമ്പനിയുടെ ഒരു റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ടെക്‌നോളജി ഹബ്ബ് ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios