അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമന്‍ ടെസ്‌ലയുടെ മോഡൽ 3 ഓടിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്‌സോതാക്കിസ് ഈ വാഹനം ഓടിച്ചുനോക്കുന്നതിന്റെ ചിത്രമാണ് വൈറലാകുന്നത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ടെസ്‌ലയുടെ പോപ്പ്-അപ്പ് സ്റ്റോര്‍ ഗ്രീക്കിന്റെ തലസ്ഥാനമായ ഏഥന്‍സില്‍ തുറന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി ഈ ഇലക്ട്രിക് വാഹനം ഓടിച്ചുനോക്കാനെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്‌ല മോഡൽ 3 ഡ്രൈവ് ചെയ്യാനൊരുങ്ങുന്ന മിറ്റ്സോടാകിസിന്‍റെ ചിത്രം EV G(R)EEK എന്ന ട്വിറ്റർ പേജിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ടെസ്‌ല കമ്പനി സിഇഓ ഇലോൺ മസ്‍ക് ഈ ഫോട്ടോ ലൈക്കടിച്ചതോടെ സംഭവം വൈറലായി.

സാധാരണ രാഷ്ട്രതലവന്മാര്‍ വില കൂടിയതും ബുള്ളറ്റ് പ്രൂഫ് സംവിധാനം ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഗ്രീസ് പ്രധാനമന്ത്രി ടെസ്‌ലയുടെ ഏറ്റവും ചെറിയ വാഹനം തിരഞ്ഞെടുത്തതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീര്‍ത്തും പ്രചാരം കുറവുള്ള രാജ്യമാണ് ഗ്രീസ്. ഈ രാജ്യത്ത് രാജ്യത്ത് നിലവില്‍ 1000 ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ ഉണ്ടാകുവെന്നാണ് കണക്ക്. ഇത് ഇവിടുത്തെ മൊത്ത വാഹനങ്ങളുടെ 0.3 ശതമാനമാണ്. എന്നാല്‍, ഇപ്പോള്‍ വൈറലായിരിക്കുന്ന ഈ ചിത്രം ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരത്തിന് വഴിവെച്ചേക്കാമെന്നാണ് പ്രതീക്ഷ.  ഗ്രീസില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നികുതി  ഇളവും നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടെസ്‌ല വാഹനനിരയിലെ ഏറ്റവും വിലക്കുറവുള്ള വാഹനമാണ് മോഡല്‍-3. ഇതില്‍ 238 ബിഎച്ച്പി മുതൽ 450 ബിഎച്ച്പി വരെ പവർ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുകകളാണ് പ്രവർത്തിക്കുന്നത്.  ഒറ്റത്തവണ ഫുൾ ചാർജിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള ശേഷിയുള്ള മോഡൽ 3 ടെസ്‌ലയുടെ ഏറ്റവും ജനപ്രീതിയുള്ള ഇലക്ട്രിക് കാര്‍ കൂടിയാണ്.