Asianet News MalayalamAsianet News Malayalam

കാറിനെച്ചൊല്ലി തര്‍ക്കം; മാരുതി ട്രൂ വാല്യു ഷോറൂമിൽ യുവതികളെയടക്കം പൂട്ടിയിട്ട് മർദിച്ച കേസിൽ പ്രതികൾ ഒളിവിൽ

ട്രൂ വാല്യുവില്‍ നിന്ന് വാങ്ങിയ കാറിന്റെ ഉടമസ്ഥാവകാശം മാറുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളാണ്.

group of young women and men beaten and locked inside Maruti True Value Showroom in kochi afe
Author
First Published Oct 25, 2023, 5:57 AM IST

കൊച്ചി: കൊച്ചിയില്‍ യൂസ്‍ഡ് കാര്‍ ഷോറൂം ജീവനക്കാര്‍ യുവതികളെയും സുഹൃത്തുക്കളെയും പൂട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ ഒളിവിലെന്ന് പൊലീസ്. വൈറ്റില മാരുതി ട്രൂ വാല്യു ഷോറൂം മാനേജര്‍ അടക്കം അഞ്ച് പേരാണ് മര്‍ദ്ദനത്തിന് ശേഷം മുങ്ങിയത്. എന്നാല്‍ യഥാര്‍ത്ഥത്തിൽ സംഭവിച്ചത് മറിച്ചാണെന്നും വിശദീകരിക്കാന്‍ ഒരു ദിവസംകൂടി സമയം വേണമെന്നും ട്രൂ വാല്യൂ അധികൃതര്‍ അറിയിച്ചു.

വൈറ്റില മാരുതി ട്രൂ വാല്യു ഷോ റൂമില്‍ പെണ്‍കുട്ടികളെയും രണ്ട് യുവാക്കളെയും പൂട്ടിയിട്ട് മര്‍ദ്ദിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. പെണ്‍കുട്ടികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തപ്പോഴേക്കും പ്രതികള്‍ ഒളിവില്‍ പോയെന്നാണ് വിവരം. മാനേജര്‍ ജോസ്, കണ്ടാല്‍ അറിയാവുന്ന നാല് ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ ആയുധം ഉപയോഗിച്ച് മര്‍ദ്ദിച്ചതിനടക്കം ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മൂക്കിന് പരിക്കേറ്റ യുവാവിന്‍റെ ചികിത്സ തുടരുകയാണ്.

ട്രൂ വാല്യുവില്‍ നിന്ന് വാങ്ങിയ കാറിന്റെ ഉടമസ്ഥാവകാശം മാറുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞെന്നും ശരീരത്തില്‍ കയറിപിടിച്ചെന്നും പരാതിയില്‍ ഉണ്ട്. പൂട്ടിയിട്ടതിന് പിന്നാലെ പെണ്‍കുട്ടികള്‍ ബഹളം വച്ചതോടെയാണ് മുറി തുറന്നുകൊടുത്തത്. സംഭവത്തില്‍ ട്രൂവാല്യു അധികൃതര്‍ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നും യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് വിശദീകരിക്കാന്‍ ഒരു ദിവസം കൂടി സമയം വേണമെന്നുമാണ് അധികൃതര്‍ അറിയിച്ചത്.

കരുമാലൂര്‍ സ്വദേശികളായ സോഫിയ, ശ്രുതി, നിധിന്‍ ,ഷംസീര്‍ എന്നിവര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റതെന്ന് പരാതിയില്‍ പറയുന്നു. മര്‍ദ്ദനമേറ്റ സോഫിയുടെ ബന്ധു മൂന്ന് മാസം മുന്‍പ് ട്രൂ വാല്യുവില്‍ നിന്ന് കാറ് വാങ്ങി. ഇതുവരെ കാറിന്‍റെ ഉടമസ്ഥാവകാശം ബന്ധുവിന്‍റെ പേരിലേക്ക് മാറ്റിയിട്ടില്ല. ഒടുവില്‍ ട്രൂ വാല്യുക്കാരെ ബന്ധപ്പെട്ടപ്പോള്‍ വെള്ളക്കടലാസില്‍ ഒപ്പിട്ടു വാങ്ങി. തുടര്‍ന്നും ഉടമസ്ഥാവകാശം മാറ്റാതായതോടെയാണ് സോഫിയ സുഹൃത്തുക്കളുമൊത്ത് ട്രൂ വാല്യു ഷോറൂമിലെത്തിയത്. 

അകത്തേക്ക് കൊണ്ടുപോയ മാനേജര്‍ മുറിയില്‍ പൂട്ടിയിട്ടു. പെണ്‍കുട്ടികളെ കേട്ടാല്‍ അറയ്ക്കുന്ന തെറി പറഞ്ഞു. നിധിനും ഷംസീറും ഇത് ചോദ്യം ചെയ്തതോടെ ക്രൂരമായി മര്‍ദ്ദിച്ചു. ജീവനക്കാര്‍ നിലത്തിട്ട് ചവിട്ടി, ദേഹത്ത് കയറി പിടിച്ചു എന്നും ഉപദ്രവിച്ചു എന്നും പെണ്‍കുട്ടികളുടെ മൊഴിയിലുണ്ട്. മര്‍ദ്ദനത്തിനല്‍ നിധിന്‍റെ മുക്കിന് ഗുരുതര പരിക്കേറ്റു. ശ്രുതിയുടെ കൈക്കും പരിക്കുണ്ട്. പൂട്ടിയിട്ട് കടന്നുകളഞ്ഞ ജീവനക്കാര്‍ പെണ്‍കുട്ടികള്‍ ബഹളം വച്ച് പൊലീസിനെ വിളിക്കുമെന്ന് കണ്ടതോടെയാണ് തുറന്നുവിട്ടത്. ട്രൂവാല്യുവില്‍ ഉണ്ടായിരുന്ന വനിതാ ജീവനക്കാരിയും പൂട്ടിയിടാന്‍ കൂട്ടുനിന്നെന്ന് പെണ്‍കുട്ടികള്‍ ആരോപിക്കുന്നു.

വീഡിയോ റിപ്പോര്‍ട്ട് കാണാം...
Watch Video

Follow Us:
Download App:
  • android
  • ios