ദില്ലി: വന്‍ മാന്ദ്യത്തിലാണ് രാജ്യത്തെ വാഹനവിപണി. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് വിപണിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റില്‍ മാത്രം 31.57 ശതമാനമാണ് വില്‍പനയില്‍ കുറവുണ്ടായത്. തുടര്‍ച്ചയായ പത്താം മാസമാണ് വാഹന വിപണിയിലെ ഇടിവ്. ഈ സാഹചര്യത്തില്‍ അടുത്തയാഴ്‍ച നടക്കാനിരിക്കുന്ന  ജിഎസ്‍ടി കൗണ്‍സില്‍ യോഗത്തെ വാഹന നിര്‍മ്മാതാക്കളും ഡീലര്‍മാരുമൊക്കെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. 

വാഹനങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദ്ദേശമാണ് കൗണ്‍സിലിന്‍റെ പരിഗണനയിലെത്തുന്നത്. ജിഎസ്‍ടി 12 ശതമാനമാക്കണമെന്ന നിര്‍ദ്ദേശവും കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തേക്കും. നിരവധി വാഹന നിര്‍മാതാക്കള്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ജിഎസ്‍ടി നിരക്കുകള്‍ കുറയ്ക്കുന്നതോടെ വാഹനങ്ങളുടെ വലയിലും വലിയ വ്യത്യാസം വന്നേക്കും. 

എന്നാല്‍ വണ്ടിക്കമ്പനികളുടെയും വാഹനപ്രേമികളുടെയും പ്രതീക്ഷക്കെതിരാണ് കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍. നികുതി കുറയ്ക്കുന്നതിനോട് കേരളം ഉള്‍പ്പെടെയുള്ള ഈ സംസ്ഥാനങ്ങള്‍ യോജിക്കുന്നില്ല.  വരുമാനത്തില്‍ വലിയ കുറവുണ്ടാകുമെന്നതിനാലാണ് കേരളം ഉള്‍പ്പെടെ ജിഎസ്‍ടി കുറയ്ക്കുന്നതിനെ എതിര്‍ക്കുന്നത്. 

വാഹനങ്ങളുടെ ജിഎസ്‍ടി കുറയ്ക്കണമെന്ന നിര്‍ദ്ദേശം കൗണ്‍സിലിന്‍റെ പരിഗണനയ്ക്കെത്തുമ്പോള്‍ കേരളം ഉള്‍പ്പെടെ കടുത്ത എതിര്‍പ്പുയര്‍ത്തിയേക്കും. കൗണ്‍സിലിലെ ഭൂരിപക്ഷ അഭിപ്രായത്തിന് അനുസരിച്ചാണ് നികുതി കുറയ്ക്കുക. അതുകൊണ്ട് വാഹന നിര്‍മ്മാതാക്കളുടെ പ്രാര്‍ത്ഥന ഫലിക്കുമോ എന്നത് കാത്തിരുന്ന് കാണണം.