നാളെ ഗോവയില്‍ നടക്കാനിരിക്കുന്ന 37-ാമത് ജിഎസ്‍ടി കൗണ്‍സില്‍ യോഗത്തെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യത്തെ വാഹനവിപണി നോക്കിക്കാണുന്നത്. വാഹനങ്ങളുടെ ജിഎസ്‍ടി 28 ശതമാനത്തില്‍ നിന്ന് 12 ശതമാനമോ 18 ശതമാനമോ ആയിട്ടെങ്കിലും കുറയ്ക്കണമെന്ന ആവശ്യമാണ് വാഹന നിര്‍മ്മാതാക്കള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. 

പുതിയ വാഹനങ്ങളുടെ ജിഎസ്‍ടി 28-ല്‍നിന്ന് 18 ആക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വണ്ടിക്കമ്പനികളുടെയും വാഹനപ്രേമികളുടെയും പ്രതീക്ഷക്കെതിരാണ് കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍. നികുതി കുറയ്ക്കുന്നതിനോട് കേരളം ഉള്‍പ്പെടെയുള്ള ഈ സംസ്ഥാനങ്ങള്‍ യോജിക്കുന്നില്ല.  വരുമാനത്തില്‍ വലിയ കുറവുണ്ടാകുമെന്നതിനാലാണ് കേരളം ഉള്‍പ്പെടെ ജിഎസ്‍ടി കുറയ്ക്കുന്നതിനെ എതിര്‍ക്കുന്നത്.  അതുകൊണ്ട് തന്നെ കനത്ത നികുതി നഷ്‍ടം ഉണ്ടാകുമെന്നതിനാല്‍ വാഹന, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കാനിടയില്ലെന്നും ചില കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നുണ്ട്. 

എന്തായാലും വാഹന സ്‌പെയര്‍ പാട്‌സുകളുടെ ജി.എസ്.ടി. ഉയര്‍ന്ന സ്ലാബില്‍ നിലനിര്‍ത്തിയേക്കും. സ്‌പെയര്‍ പാര്‍ട്‌സുകളുടെ ജിഎസ്‍ടി കുറക്കുന്നത് പഴയ വാഹനങ്ങള്‍ക്ക് തുണയാവുമെന്നും അത് പുതിയ വാഹനങ്ങളുടെ വില്‍പ്പനയെ ബാധിക്കുമെന്നതിനാലുണ് തീരുമാനം. ഒപ്പം വൈദ്യുതി വാഹനങ്ങളുടെ ജിഎസ്‍ടി 12ല്‍ നിന്നും അഞ്ചാക്കിയത് ഇനിയും കുറക്കാനാകുമോ എന്നും കൗണ്‍സില്‍ ചര്‍ച്ചചെയ്‍തേക്കും. ഒപ്പം ടൂറിസം മേഖലയ്ക്ക് ജിഎസ്‍ടി ഇളവ് പ്രഖ്യാപിച്ചേക്കും. 7,500 മുതല്‍ 10000 രൂപ വരെയുള്ള ഹോട്ടല്‍ മുറി വാടകയുടെ 28 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കുമെന്നാണ് ധന മന്ത്രാലയവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെ ഹോട്ടല്‍ മുറികളുടെ വാടക നിരക്കില്‍ കുറവുണ്ടായേക്കും.  ലോട്ടറി നികുതി 28 ശതമാനമായി ഉയര്‍ത്താനുള്ള ശുപാര്‍ശയും യോഗത്തിന്‍റെ പരിഗണനയിലുണ്ട്.

അതേസമയം പൊതുമേഖലാ ബാങ്ക് മേധാവികളുമായി കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് കൂടിക്കാഴ്‍ച നടത്തും. പണലഭ്യത കൂട്ടാനുളളനടപടികള്‍ ചര്‍ച്ചയാകും. പലിശനിരക്ക് കുറച്ച റിസര്‍വ് ബാങ്ക് നടപടിയുടെ ഗുണം ഇടപാടുകാരില്‍ എത്തിക്കാനുളള മാര്‍ഗങ്ങളും ചര്‍ച്ചചെയ്യും. ബാങ്കുകള്‍ക്ക് വായ്പ വിതരണത്തിനായി 70,000 കോടി രൂപ ലഭ്യമാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വായ്പയും ഭവന വായ്‍പയും നല്‍കി സമ്പദ് വ്യവസ്ഥ ചലിപ്പിക്കുന്നതിനുളള സാധ്യതകളും ആരായും.