ദില്ലി: കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് രാജ്യത്തെ വാഹനവിപണി. ഓഗസ്റ്റില്‍ മാത്രം 31.57 ശതമാനമാണ് വില്‍പനയില്‍ കുറവുണ്ടായത്. തുടര്‍ച്ചയായ പത്താം മാസമാണ് വാഹന വിപണിയിലെ ഇടിവ്. ഈ സാഹചര്യത്തില്‍ അടുത്തയാഴ്‍ച നടക്കാനിരിക്കുന്ന  ജിഎസ്‍ടി കൗണ്‍സില്‍ യോഗത്തെ വാഹന നിര്‍മ്മാതാക്കളും ഡീലര്‍മാരുമൊക്കെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. 

വാഹന വിപണിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിന് ജിഎസ്‍ടി നിരക്കുകളില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയേക്കുമോ എന്നാണ് വാഹനലോകം ഉറ്റുനോക്കുന്നത്. അടുത്ത വെള്ളിയാഴ്ച ഗോവയില്‍ ചേരുന്ന ജിഎസ്‍ടി കൗണ്‍സില്‍ യോഗം ഇത് സംബന്ധിച്ച് നിര്‍ണായക തീരുമാനമെടുത്തേക്കും. ജിഎസ്‍ടി നിരക്കുകളില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വാഹനങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദ്ദേശമാണ് കൗണ്‍സിലിന്‍റെ പരിഗണനയിലെത്തുന്നത്. ജിഎസ്‍ടി 12 ശതമാനമാക്കണമെന്ന നിര്‍ദ്ദേശവും കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തേക്കും. നിരവധി വാഹന നിര്‍മാതാക്കള്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. 

എന്നാല്‍ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാകുമെന്നതിനാല്‍ കേരളം ഉള്‍പ്പെടെയുളള ചില സംസ്ഥാനങ്ങള്‍  നികുതി കുറയ്ക്കുന്നതിനോട് യോജിക്കുന്നില്ല. എന്തായാലും നികുതി കുറച്ചാല്‍ വാഹന വിലയിലും കുറവു വന്നേക്കും. അതോടെ വാഹനവിപണി വീണ്ടും ഉണരുമെന്ന പ്രതീക്ഷയിലാണ് വണ്ടിക്കമ്പനികള്‍.