കൊട്ടാരക്കര: കൊല്ലം -ചെങ്കോട്ട റെയിൽ പാതയിലെ ആവണീശ്വരം സ്റ്റേഷന്റെ ​ഗുൽമോഹർ മനോഹാരിതയെക്കുറിച്ച് ട്വീറ്റ് ചെയ്ത് ദക്ഷിണ റെയിൽവേ. പ്രകൃതിയുടെ എണ്ണമറ്റ നിറങ്ങൾ! എന്ന അടിക്കുറിപ്പോടെയാണ് ദക്ഷിണ റെയിൽവേ ചിത്രം പങ്കുവച്ചിരിക്കുന്നത്. സമാനമായ അടിക്കുറിപ്പോടെ ചിത്രം ദക്ഷിണ റെയിൽവേയുടെ ഫേസ്ബുക്ക് പേജിലും സ്ഥാനം പിടിച്ചിട്ടുണ്ട്. 

പ്രദേശവാസികൾ ആരോ പകർത്തി സമൂഹമാധ്യമത്തിലിട്ട ഫോട്ടോയാണ് റെയിൽവേ ഉപയോ​ഗിച്ചിരിക്കുന്നത്. റെയിൽവേയുടെ ഔദ്യോ​ഗിക പേജിലെ പോസ്റ്റ് ഒട്ടേറെപ്പേർ ഷെയർ ചെയ്തു. കൊല്ലം പത്തനാപുരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷനാണ് ആവണീശ്വരം. ബ്രിട്ടീഷ് ഭരണകാലത്ത് പ്രധാനമായും ചരക്ക് നീക്കത്തിനായാണ് കൊല്ലം -ചെങ്കോട്ട റെയിൽപാത നിർമിച്ചത്.