Asianet News MalayalamAsianet News Malayalam

കയ്യില്‍ ഹൈടെക്ക് ഗാഡ്‍ജെറ്റ്, 200 എസ്‍യുവികള്‍; വണ്ടിക്കള്ളനെ പൊക്കിയ പൊലീസ് ഞെട്ടി!

ആഡംബര വാഹനങ്ങളുടെ അത്യാധുനിക ലോക്ക് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ അനായസം ഹാക്ക് ചെയ്യാന്‍ കഴിയുന്ന ഹൈടെക് ഗാഡ്‍ജെറ്റാണ് പിടികൂടിയത്. 

Gurugram police held high tech car theft racket
Author
Gurgaon, First Published Jan 17, 2021, 1:21 PM IST

ഹൈടെക്ക് വാഹന മോഷണ സംഘത്തെ അറസ്റ്റ് ചെയ്‍ത് ഗുരുഗ്രാം പൊലീസ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ദില്ലിയിലും സമീപ പ്രദേശങ്ങളില്‍ നിന്നുമായി 200 ല്‍ അധികം ആഡംബര എസ്‍യുവികള്‍ മോഷ്‍ടിച്ച അന്തര്‍ സംസ്ഥാന വാഹന മോഷണ സംഘത്തലവനാണ് പിടിയിലായതെന്ന് നോര്‍ത്ത് ഈസ്റ്റ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാഗാലാന്‍ഡിലെ ദിമാപൂരില്‍ നിന്നുള്ള കിഖേറ്റോ അചൂരി എന്നയാളും സംഘവുമാണ് പിടിയിലായത്. ദില്ലി, രാജസ്ഥാൻ, ഹരിയാന, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മോഷ്‍ടിച്ച ആഡംബര കാറുകളുമായി ദിമാപൂർ ആസ്ഥാനമായുള്ള മോഷണ സംഘമാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സംഘത്തലവനായ അചൂരിയാണ് മോഷ്‍ടിച്ച കാറുകളുടെ ചേസിസും എഞ്ചിന്‍ നമ്പറുകളും മാറ്റി രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, അസം, മിസോറം, ഹരിയാന എന്നിവിടങ്ങളില്‍ കൊണ്ടുപോയി വില്‍ക്കുന്നതെന്ന് പൊലീസ് പറയുന്നു. നൂതന ലോക്ക് സംവിധാനങ്ങളുള്ള കാറുകളുടെ സുരക്ഷാ സംവിധാനങ്ങളെ ഹാക്ക് ചെയ്യാന്‍ കഴിയുന്ന കംപ്യൂട്ട്ര‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ഹൈടെക് ഉപകരണവും 70 ലക്ഷം രൂപയോളം വില വരുന്ന രണ്ട് എസ്‍യുവികളും സംഘത്തില്‍ നിന്നും പിടിച്ചെടുത്തതായും പൊലീസ് പറയുന്നു.  

അചൂരിയുടെ രണ്ട് അടുത്ത സഹായികളെ ഒരു എസ്‍യുവി മോഷ്‍ടിക്കാന്‍ ശ്രമിക്കുന്നതിനിടെ അടുത്തിടെ പൊലീസ് പിടികൂടിയിരുന്നു. ഹിസാറിലെ അങ്കിത്, ഉത്തർപ്രദേശിലെ ഗാസിയാബാദിലെ സലാൽ എന്നീ രണ്ട് കുറ്റവാളികളെയാണ് 2020 ഡിസംബർ 17 ന് പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയത്. ഇതോടെയാണ് റാക്കറ്റിനെ സംബന്ധിച്ച വിവരം പുറത്തായത്. തുടര്‍ന്നുള്ള പൊലീസ് നീക്കങ്ങളുടെ ഒടുവിലാണ് അചൂരി പിടിയിലായത്. 

അത്യാധുനിക ഗാഡ്‍ജെറ്റിനൊപ്പം അരുണാചല്‍ പ്രദേശ് അതോറിറ്റിയുടെ നാല് ഹൈ-സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകളും ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ആഡംബര വാഹനങ്ങളുടെ അത്യാധുനിക ലോക്ക് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ അനായസം ഹാക്ക് ചെയ്യാന്‍ കഴിയുന്ന ഹൈടെക് ഗാഡ്‍ജെറ്റാണ് പിടികൂടിയത്. ഈ ഉപകരണം ഉപയോഗിച്ച് വാഹനങ്ങളുടെ എഞ്ചിന്‍ നിയന്ത്രണ മൊഡ്യൂള്‍ ഹാക്ക് ചെയ്താണ് കാറുകള്‍ അണ്‍ലോക്ക് ചെയ്യുന്നത്. വാഹനങ്ങളുടെ ഗ്ലാസുകള്‍ തകര്‍ക്കാതെ അണ്‍ലോക്കുചെയ്‍ത് കാറുകളിലേക്ക് കടക്കാനാണ് ഈ ഉപകരണം ഉപയോഗിക്കുന്നതെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗുരുഗ്രാം, ഫരീദാബാദ്, റോഹ്തക്, ദില്ലി, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളില്‍ നിന്ന് 200 ലധികം എസ്യുവികള്‍ മോഷ്ടിച്ചതായി സംഘം സമ്മതിച്ചു. സംഘം ഒരു കാര്‍ മോഷ്ടിക്കാന്‍ മൂന്ന് മിനിറ്റില്‍ താഴെ സമയമെടുത്തിരുന്നുവെന്നും ഒരു ദിവസം രണ്ട് വാഹനങ്ങളെങ്കിലും മോഷ്ടിക്കാറുണ്ടെന്നും പൊലീസ് പറയുന്നു.  ഒറിജിനല്‍ എന്ന് തോന്നിപ്പിക്കുന്ന പുതിയ രേഖകള്‍ തയ്യാറാക്കിയായിരുന്നു ഈ വാഹനങ്ങളുടെ വില്‍പ്പന.

വിവിധ നഗരങ്ങളിലെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലര്‍മാരുമായി സംഘത്തിനു ബന്ധമുണ്ടെന്നും മോഷ്‍ടിച്ച വാഹനങ്ങള്‍ വില്‍ക്കുന്നതിലും വാങ്ങുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന ആളുകളുടെ എല്ലാ വിവരങ്ങളും അറിയാന്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
 

Follow Us:
Download App:
  • android
  • ios