Asianet News MalayalamAsianet News Malayalam

Mahindra Thar : ഗുരുവായൂരപ്പന്‍റെ 'ഥാർ' ഭക്തരിൽ ആർക്കും സ്വന്തമാക്കാം; പരസ്യലേലം പ്രഖ്യാപിച്ചു,അറിയേണ്ടതെല്ലാം

ഡിസംബർ 18 ശനിയാഴ്‌ച ഉച്ചക്ക് ശേഷം 3 മണിക്കാണ് പരസ്യ ലേലം നടത്തുക

guruvayoor temple mahindra thar suv auction details
Author
Trissur, First Published Dec 9, 2021, 7:52 PM IST

തൃശ്ശൂർ: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച 'ഥാർ' (Mahindra Thar) ഭക്തരിൽ ആർക്കും സ്വന്തമാക്കാൻ അവസരം. കാണിക്കയായി ലഭിച്ച 'ഥാർ' പരസ്യലേലത്തിന് വയ്ക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഡിസംബർ18 ശനിയാഴ്‌ച ഉച്ചക്ക് ശേഷം 3 മണിക്കാണ് പരസ്യ ലേലം നടത്തുക. തുലാഭാരത്തിനുള്ള ചന്ദനം, വെളളി നിരക്കുക്കുകൾ കുറയ്ക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്‌യുവി ഥാർ ലഭിച്ചത്. വാഹന വിപണിയിൽ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവ് മഹീന്ദ്രാ ആൻറ് മഹീന്ദ്രാ ലിമിറ്റഡാണ് നാലാം തിയതി രാവിലെ നടയ്ക്കൽ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് സമർപ്പിക്കപ്പെട്ടത്. ആരെയും ആകർഷിക്കുന്ന നിറമായതിനാൽ വിപണിയിൽ നല്ല ഡിമാന്റുള്ള എസ്‌യുവിയാണ്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എൻജിൻ.

ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ്‌ ഓഫ് ഗ്ലോബൽ പ്രോഡക്ട് ഡവലപ്മെന്റ് ആർ വേലുസ്വാമി കൈമാറുകയായിരുന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയർമാൻ ജോസ് സാംസൺ, കേരള കസ്റ്റമർ കെയർ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയിൽസ് മാനേജർ ജഗൻകുമാർ ഡിഎച്ച്, ക്ഷേത്രം ഡിഎ പി മനോജ് കുമാർ, ക്ഷേത്രം മാനേജർ എകെ രാധാകൃഷ്ണൻ, അസിസ്റ്റന്റ് മാനേജർ രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

2020 ഒക്ടോബർ രണ്ടിനാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്‍യുവിയെ വിപണിയില്‍ അവതരിപ്പിച്ചത്. എത്തി ഒരുവര്‍ഷത്തിനിടെ വിപണിയില്‍ കുതിക്കുകയാണ് ഥാർ. വാഹനം ഇതുവരെ ബുക്ക് ചെയ്‍ത ഉപഭോക്താക്കളിൽ 40 ശതമാനം പേരും മിലേനിയൽസ് (1981നും 1996നും ഇടയിൽ ജനിച്ചവർ) ആണെന്നാണ് മഹീന്ദ്ര വ്യക്തമാക്കുന്നു. ഇത് വരെ ഥാർ ബുക്ക് ചെയ്‍തവരിൽ 50 ശതമാനം പേർ ഓട്ടോമാറ്റിക് വേരിയന്റുകളാണ് ബുക്ക് ചെയ്‍തിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല 25 ശതമാനത്തോളം പേർ തിരഞ്ഞെടുത്തിരിക്കുന്നത് പെട്രോൾ വേരിയന്റുകളാണെന്നും കമ്പനി പറയുന്നു.

2020ല്‍ നിരത്തില്‍ എത്തിയതിനു ശേഷം പുതിയ മഹീന്ദ്ര ഥാറിനെ തേടി 19 ലധികം അവാർഡുകളും എത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിൽക്കുന്ന ഫോർ വീൽ ഡ്രൈവ് വാഹനവും മഹീന്ദ്ര ഥാർ ആണ്. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അഞ്ചിൽ നാല് സ്റ്റാർ റേറ്റിങ്ങും മഹീന്ദ്ര ഥാർ നേടിയിട്ടുണ്ട്. Rs 12.78 ലക്ഷം മുതൽ 15.08 ലക്ഷം വരെയാണ് 2021 മഹീന്ദ്ര ഥാറിന്റെ നിലവിലെ എക്‌സ്-ഷോറൂം വില. 2020 ഓഗസ്റ്റ് 15നാണ് പുത്തൻ ഥാറിനെ മഹീന്ദ്ര അവതരിപ്പിച്ചത്. പിന്നാലെ ഒക്ടോബർ രണ്ടിന് രണ്ടാം തലമുറ ഥാറിന്റെ വില്പന ആരംഭിക്കുകയും ചെയ്‍തു. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. മാനുവല്‍ ട്രാന്‍സ്‍മിഷനൊപ്പം എല്‍.എക്സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.

ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്‍മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം.

Follow Us:
Download App:
  • android
  • ios