ഇന്ത്യന്‍ എംപിവി വിപണിയിലെ രാജാവ് ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയ്ക്ക് ഇരുട്ടടിയുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ കാര്‍ണിവല്‍ അവതരിപ്പിച്ചത് അടുത്തിടെയാണ്. ഇപ്പോഴിതാ ഇന്നോവയ്ക്ക് അങ്ങ് ചൈനയില്‍ നിന്നും പുതിയൊരു എതിരാളി കൂടി വരുന്നു. 

ചൈനീസ് കാർ നിർമാതാക്കളായ ഹൈമയുടെ 7 എക്സ് എന്ന എംപിവി ആണത്. 2020 ദില്ലി ഓട്ടോ എക്സ്പോയിൽ കമ്പനി വാഹനത്തെ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ചൈനയിലിറങ്ങിയ വാഹനമാണിത്. ഇറ്റാലിയൻ കാർ നിർമാതാക്കളായ മസരാറ്റിയുടെ സിഗ്നേച്ചർ ഗ്രില്ലിനോട് സാമ്യമുള്ള മുൻവശത്തെ ഗ്രില്ലാണ് ഈ വാഹനത്തെ വ്യത്യസ്‍തമാക്കുന്നത്.  

മസരാറ്റിയുടെ ഗ്രില്ലിനോട് സാമ്യം പുലര്‍ത്തുന്ന ഗ്രില്‍ 7X -ന്റെ മുന്‍വശത്തെ മനോഹരമാക്കുന്നു. ഗ്രില്ലിന് കൂടുതല്‍ ഭംഗി നല്‍കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ചെറിയ ഹെഡ്‌ലാമ്പുകള്‍, കറുപ്പ് അഴകോടുകൂടിയ പില്ലറുകള്‍ എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍. മെഴ്‌സിഡീസ് വാഹനങ്ങളില്‍ കണ്ടിരിക്കുന്ന ഡ്യുവല്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേയും വാഹനത്തില്‍ ഇടംപിടിച്ചേക്കും. വലിപ്പത്തിന്റെ കാര്യത്തില്‍ ഇന്നോവ ക്രിസ്റ്റയെക്കാള്‍ ഒരുപടി മുന്നിലാണ് 7X.

4,815 എംഎം നീളവും 1,874 എംഎം വീതിയും 1,720 എംഎം ഉയരവും 2,860 എംഎം വീല്‍ബേസുമുണ്ട് ഈ ചൈനീസ് വാഹനത്തിന്. അതായാത് വലുപ്പത്തിൽ ഇന്നോവ ക്രിസ്റ്റയെ വാഹനം  കവച്ചു വയ്ക്കുമെന്ന് ചുരുക്കം. ഏഴു സീറ്റ് ലേഔട്ടോടെയാകും വാഹനം വിപണിയില്‍ എത്തുക. രണ്ടും മൂന്നും നിരകളില്‍ ബെഞ്ച് സീറ്റുകളാകും കമ്പനി നല്‍കുക. 

ആഗോള വിപണിയില്‍ ഈ വാഹനത്തിന് കരുത്ത് പകരുന്നത് 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് . ഈ എഞ്ചിന്‍ 190 bhp കരുത്തും 293 Nm ടോര്‍ക്കും സൃഷ്‍ടിക്കും. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സാണ് ട്രാന്‍സ്‍മിഷന്‍. മൂന്ന് ഡ്രൈവ് മോഡുകളും വാഹനത്തില്‍ ലഭ്യമാണ്. അതേസമയം വാഹനത്തിന്റെ വിലയോ, എന്ന് വിപണിയില്‍ അവതരിപ്പിക്കും എന്നത് സംബന്ധിച്ചോ ഒന്നും തന്നെ കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.