വാഹനങ്ങളെ ശബ്‍ദം കൊണ്ട് തിരിച്ചറിയുന്ന വാഹനപ്രേമികളുടെ ഒരു കാലമുണ്ടായിരുന്നു. അംബാസിഡറിന്‍റെ ശബ്‍ദം ബുള്ളറ്റിന്‍റെ ഫട് ഫട് ശബ്‍ദം മഹീന്ദ്ര ജീപ്പുകളുടെ ശബ്‍ദം യമഹ ആര്‍എക്സ് 100ന്‍റെ പൊട്ടുന്ന ശബ്‍ദം, അങ്ങനെ ഓര്‍മ്മകളിലേക്ക് വഴി നടത്തുന്ന അനവധി നിരവധി വാഹന ശബ്‍ദങ്ങള്‍ പലരുടെയും മനസിലുണ്ടാകും. എന്നാല്‍ എഞ്ചിന്‍ ശബ്‍ദം അരോചകമാണെന്ന് ചിലരെങ്കിലും കരുതുന്ന ന്യൂജന്‍കാലമാണിത്. ഇലക്ട്രിക്ക് കാറുകളുടെ വരവോടെ എഞ്ചിന്‍ ശബ്‍ദമെന്നത് തീര്‍ത്തും അന്യമായേക്കാം.

ഇതിനൊരു മറുമരുന്നുമായി എത്തിയിരിക്കുകയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബി‌എം‌ഡബ്ല്യു. തങ്ങളുടെ പുതിയ ഇലക്ട്രിക്ക് കാറുകളുടെ ശബ്‍ദം ഡിസൈന്‍ ചെയ്യാന്‍ ബി‌എം‌ഡബ്ല്യു ഒരു വിഖ്യാത സിനിമാ സംഗീത സംവിധായകനെ തന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഓസ്‍കാർ ജേതാവായ ചലച്ചിത്ര സംഗീത സംവിധായകന്‍ ഹാൻസ് സിമ്മറാണ് ബി‌എം‌ഡബ്ല്യുവിന്‍റെ നിശബ്ദ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ശബ്‍ദം നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഒരു ശബ്ദവും നൽകാത്ത ഇലക്ട്രിക് എഞ്ചിനാണ് പുതിയ കാറുകള്‍ക്കെന്നും അതുകൊണ്ടുതന്നെ തങ്ങളുടെ ഡ്രൈവർമാർക്ക് സമഗ്രമായ ശബ്‌ദാനുഭവങ്ങൾ നൽകുകയാണ് ലക്ഷ്യമെന്നുമാണ്  ബി‌എം‌ഡബ്ല്യു ബ്രാൻഡ് മാനേജ്‌മെന്റ് തലവന്‍ ജെൻസ് തീമർ പറയുന്നത്. അതുകൊണ്ടാണ് കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങൾക്കായി ശബ്‍ദം സൃഷ്ടിക്കുന്നതിനായി വിഖ്യാത സംഗീത സംവിധായകനത്തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

ബിഎംഡബ്ല്യു എഞ്ചിനുകള്‍ക്ക് സംഗീതമൊരുക്കുമ്പോള്‍ തന്‍റെ അമ്മയുടെ കാറിന്‍റെ ശബ്‍ദത്തിന്‍റെ ഓര്‍മ്മകളാണ് മനസില്‍ നിറയുന്നതെന്ന് സിമ്മര്‍ പറയുന്നു. വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോഴും മുന്നോട്ടു നീങ്ങുമ്പോഴും നിര്‍ത്തുമ്പോഴുമൊക്കെ വേറിട്ട സംഗീത ശകലങ്ങളാവും സിമ്മര്‍ സൃഷ്‍ടിക്കുക.