ഐക്കണിക്ക് അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സന്‍റെ 2020 മോഡല്‍ 1200 കസ്റ്റം ഇന്ത്യയിലെത്തി. വാഹനത്തെ കമ്പനിയുടെ  ഇന്ത്യാ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തു. 10.77 ലക്ഷം രൂപയാണ് ദില്ലി എക്‌സ് ഷോറൂം വില. കളര്‍ ഓപ്ഷനുകള്‍ക്ക് അനുസരിച്ച് വിലയില്‍ മാറ്റം വരും. പൂര്‍ണമായ വിലവിവരപ്പട്ടിക കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല.

1,202 സിസി, വി ട്വിന്‍, എയര്‍ കൂള്‍ഡ് ഇവൊലൂഷന്‍ എന്‍ജിനാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ 1200 കസ്റ്റം മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 4,250 ആര്‍പിഎമ്മില്‍ 97 എന്‍എം പരമാവധി ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും.

മിഡ്‌നൈറ്റ് ബ്ലൂ, റിവര്‍ റോക്ക് ഗ്രേ, റിവര്‍ റോക്ക് ഗ്രേ/വിവിഡ് ബ്ലാക്ക്, ബില്യാര്‍ഡ് റെഡ്/വിവിഡ് ബ്ലാക്ക് എന്നീ നാല് നിറങ്ങളില്‍ സ്‌പോര്‍ട്സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും. എന്‍ജിനില്‍ കറുത്ത റോക്കറുകള്‍, ബ്ലാക്ക് ക്രോം ഫിനിഷ് ലഭിച്ച ദീര്‍ഘവൃത്ത ആകൃതിയുള്ള എയര്‍ കവര്‍, ബ്ലാക്ക് ക്രോം ടൈമര്‍ കവര്‍ എന്നിവ നല്‍കിയതോടെ സ്‌റ്റൈലിംഗ് വീണ്ടും വര്‍ധിച്ചു.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരു വശങ്ങളിലും സസ്‌പെന്‍ഷനും നല്‍കിയിരിക്കുന്നു. മുന്‍, പിന്‍ ചക്രങ്ങളില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്ക് നല്‍കി. 16 ഇഞ്ച് വയര്‍ സ്‌പോക്ക് ചക്രങ്ങളിലാണ് 1200 കസ്റ്റം ഓടുന്നത്. കാസ്റ്റ് അലോയ് വീലുകള്‍ ഓപ്ഷണലായി ലഭിക്കും. മുന്നില്‍ 130/90 ടയറും പിന്നില്‍ 150/80 ടയറും ഉപയോഗിക്കുന്നു.

സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, ഇരട്ട ട്രിപ്പ് മീറ്ററുകള്‍, ലോ ഫ്യൂവല്‍ വാണിംഗ് ലൈറ്റ്, ലോ ഓയില്‍ പ്രഷര്‍ ലൈറ്റ്, എന്‍ജിന്‍ ഡയഗ്‌നോസ്റ്റിക്‌സ് റീഡ്ഔട്ട്, എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍, ക്ലോക്ക് എന്നിവ ഉള്‍പ്പെടുന്ന പകുതി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിച്ചു.