Asianet News MalayalamAsianet News Malayalam

ഹാര്‍ലി ഡേവിഡ്‌സണ്‍ 300 സിസി റോഡ്‌സ്റ്റര്‍ ഒരുങ്ങുന്നു

പുതിയ ബൈക്കിന് എസ്.ആർ.വി 300 എന്നാണ് പേരിട്ടിരിക്കുന്നത്. ഹാർലിയുടെ പരമ്പരാഗത ഡിസൈനുകൾക്ക് അനുസൃതമായാണ് എസ്.ആർ.വി 300 ഉം ഒരുക്കിയിരിക്കുന്നത്. 

Harley Davidson 300cc Segment Roadster
Author
Mumbai, First Published Mar 23, 2021, 5:31 PM IST

2019 ലാണ്  ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ചൈനീസ് ഇരുചക്ര വാഹന ഭീമന്‍ ക്വിയാന്‍ജിയാംഗുമായി (ബെനെല്ലിയുടെ മാതൃ കമ്പനി) പങ്കാളിത്തം സ്ഥാപിച്ച കാര്യം പ്രഖ്യാപിച്ചത്. ഹാര്‍ലി ഡേവിഡ്‌സണ്‍, ക്വിയാന്‍ജിയാംഗ് സംയുക്ത സംരംഭത്തിന്റെ പ്രോജക്റ്റ് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ബെനെല്ലി 302എസ് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്.

പുതിയ ബൈക്കിന് എസ്.ആർ.വി 300 എന്നാണ് പേരിട്ടിരിക്കുന്നത്. ഹാർലിയുടെ പരമ്പരാഗത ഡിസൈനുകൾക്ക് അനുസൃതമായാണ് എസ്.ആർ.വി 300 ഉം ഒരുക്കിയിരിക്കുന്നത്. നേക്കഡ് മോട്ടോർസൈക്കിൾ പോലെ തോന്നിക്കുന്ന 338ആറിൽ നിന്ന് വ്യത്യസ്തമായി, കമ്പനിയുടെ സ്‌പോർട്‌സ്റ്റർ സ്റ്റൈലിങാണ് നൽകിയിരിക്കുന്നത്.

ഏഷ്യന്‍ വിപണികള്‍ ലക്ഷ്യമാക്കിയാണ് പുതിയ മോഡല്‍ വികസിപ്പിക്കുന്നത്. 302എസ് അടിസ്ഥാനമാക്കിയുള്ള ‘338ആര്‍ സ്ട്രീറ്റ് ട്രാക്കര്‍’ കണ്‍സെപ്റ്റ് ഹാര്‍ലി ഡേവിഡ്‌സണ്‍ അനാവരണം ചെയ്‍തു. എന്നാല്‍ ഈ കണ്‍സെപ്റ്റ് മോട്ടോര്‍സൈക്കിളിന് മറ്റൊരു എന്‍ജിനാണ് നല്‍കിയിരിക്കുന്നത്.

പുതിയ ഉല്‍പ്പന്നത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാകാനിരിക്കേ, പുതിയ മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സാധാരണ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്റ്റൈലിംഗ് ലഭിച്ചതാണ് പുതിയ മോട്ടോര്‍സൈക്കിള്‍. ഹാര്‍ലിയുടെ പരമ്പരാഗത ഡിസൈന്‍ ഘടകങ്ങള്‍ ലഭിച്ച ക്രൂസര്‍ മോട്ടോര്‍സൈക്കിളാണ് വരുന്നതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ക്രൂസറുകളില്‍ സാധാരണ കാണുന്ന താഴ്ന്ന സ്റ്റാന്‍സ്, സുഖസവാരിക്കായി മുന്നിലേക്ക് നല്‍കിയ ഫൂട്ട്‌പെഗുകള്‍ എന്നിവ ഉണ്ടായിരിക്കും. കണ്ണുനീര്‍ തുള്ളിയുടെ ആകൃതിയുള്ളതായിരിക്കും ഇന്ധന ടാങ്ക്. റെട്രോ ലുക്കിനായി വൃത്താകൃതിയുള്ള ഹെഡ്‌ലാംപ് നല്‍കും.

ഹാര്‍ലി ഡേവിഡ്‌സണ്‍ അയേണ്‍ 883 ക്രൂസറിന്റെ അതേ സ്റ്റൈലിംഗ് സൂചകങ്ങളായിരിക്കും എസ്ആര്‍വി300 എന്ന് വിളിക്കപ്പെടുന്ന പുതിയ മോട്ടോര്‍സൈക്കിളിന് നല്‍കുന്നത്. പുതിയ 296 സിസി, വാട്ടര്‍ കൂള്‍ഡ്, ഓവര്‍ഹെഡ് കാം, വി ട്വിന്‍ എന്‍ജിനായിരിക്കും പുതിയ മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്നത്. ഈ എന്‍ജിന്‍ ഏകദേശം 30 ബിഎച്ച്പി പരമാവധി കരുത്ത് ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മുന്നില്‍ 16 ഇഞ്ച് വ്യാസമുള്ള ചക്രവും പിന്നില്‍ 15 ഇഞ്ച് ചക്രവും ഉപയോഗിക്കും. ഓള്‍ ബ്ലാക്ക് അലോയ് വീലുകള്‍ നല്‍കും. കറുത്ത സ്‌പോക്കുകളുടെ അരികുകള്‍ പോളിഷ് ചെയ്തിരിക്കും. 1400 മില്ലിമീറ്ററായിരിക്കും എസ്ആര്‍വി300 മോട്ടോര്‍സൈക്കിളിന്റെ വീല്‍ബേസ്. മണിക്കൂറില്‍ 129 കിലോമീറ്ററായിരിക്കും ടോപ് സ്പീഡ്. സസ്‌പെന്‍ഷന്‍ ജോലികള്‍ക്കായി മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്കുകള്‍ നല്‍കും. 163 കിലോഗ്രാം മാത്രമായിരിക്കും ക്രൂസറിന്റെ കര്‍ബ് വെയ്റ്റ്. ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറായിരിക്കും. ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡായിരിക്കും ഈ മോഡലിന്‍റെ മുഖ്യ എതിരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios