Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ പ്ലാന്‍റ് അടച്ചുപൂട്ടാനൊരുങ്ങി ഈ വമ്പന്‍ ബൈക്ക് കമ്പനി!

തങ്ങളുടെ വാഹന ശ്രേണിയില്‍ നിന്നും 30 ശതമാനത്തോളം മോഡലുകളെ വെട്ടിക്കുറയ്ക്കാനും കമ്പനി അടുത്തിടെ തീരുമാനിച്ചിരുന്നു.

Harley Davidson India Operations Scaled Down Reports
Author
Mumbai, First Published Aug 10, 2020, 1:36 PM IST

ഐക്കണിക്ക് അമേരിക്കന്‍ ആഡംബര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‍സണ്‍ ഇന്ത്യയിലെ നിര്‍മാണ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. 

കമ്പനിയുടെ പുതിയ സിഇഒ ജോചെന്‍ സീറ്റ്‌സിന്റെ നേതൃത്വത്തില്‍, ഹാര്‍ലി ഡേവിഡ്‍സണ്‍ റിവയര്‍ എന്ന പേരില്‍ ഒരു പുതിയ ബിസിനസ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇത് കമ്പനിയുടെ പുതുക്കിയ പഞ്ചവത്സര പദ്ധതിയുടെ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന ഈ പദ്ധതി അനുസരിച്ച്  പ്രാഥമിക വിപണികളായ യൂറോപ്പ്, ചൈന, യുഎസ് എന്നിവയില്‍ കമ്പനിയുടെ മുഴുവന്‍ ശ്രദ്ധയും മാറ്റുമെന്നാണ് സൂചന. തല്‍ഫലമായി, ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും ഏകീകരിക്കാനും ആഗ്രഹിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വിപണികള്‍ക്കായി ആസൂത്രണം ചെയ്ത എന്‍ട്രി ലെവല്‍ ഹാര്‍ലി-ഡേവിഡസണ്‍ എന്ന പദ്ധതിയും നടക്കാനിടയില്ല. മാത്രമല്ല മോഡലുകള്‍ക്കൊപ്പം നിലവിലെ ലൈനപ്പിന്റെ ചില വകഭേദങ്ങളും കമ്പനി നിര്‍ത്തലാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

തങ്ങളുടെ വാഹന ശ്രേണിയില്‍ നിന്നും 30 ശതമാനത്തോളം മോഡലുകളെ വെട്ടിക്കുറയ്ക്കാന്‍ കമ്പനി അടുത്തിടെ തീരുമാനിച്ചിരുന്നു. 2020 രണ്ടാം പാദത്തില്‍ വലിയ നഷ്‍ടം നേരിട്ടതിന് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കമ്പനി കടക്കുന്നത്. 

ഇപ്പോള്‍ ഉയര്‍ന്ന വളര്‍ച്ചാ വിഭാഗത്തില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ നീക്കം. അതിനാല്‍ ഇപ്പോള്‍ 2020 മോഡലുകള്‍ ഏതാനും മാസങ്ങള്‍ കൂടി നീട്ടുകയും പുതിയ 2021 ബൈക്കുകള്‍ അടുത്ത വര്‍ഷം മാത്രമേ വിപണിയില്‍ എത്തിക്കുകയുള്ളുവെന്നും ആണ് റിപ്പോര്‍ട്ടുകള്‍. 

നല്ല സംഖ്യയില്‍ വില്‍ക്കാത്തതും കമ്പനിയിലേക്ക് വരുമാനം കൊണ്ടുവരാന്‍ സഹായിക്കാത്തതുമായ മോഡലുകള്‍ ആയിരിക്കും ഇത്തരത്തില്‍ ബ്രാന്‍ഡ് പിന്‍വിലിക്കുക. അടുത്തിടെ അമേരിക്കയിലെ 140-ഓളം ജീവനക്കാരെ ബ്രാന്‍ഡ് പിരിച്ചുവിട്ടിരുന്നു. യോര്‍ക്ക്, പെന്‍സില്‍വാനിയയിലെ പ്ലാന്റിലെ 90 പ്രൊഡക്ഷന്‍ തൊഴിലാളികളെയും വിസ്‌കോണ്‍സിന്‍ ടോമാഹാവ് ഫാക്ടറിയിലെ 50 തൊഴിലാളികളെയും ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നാണ് കമ്പനി പ്രതിനിധി സൂചിപ്പിച്ചത്.

യുഎസ് വിപണിയില്‍ വില്‍പ്പന വളര്‍ച്ച കൈവരിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതിനെതുടര്‍ന്ന് 2020 മാര്‍ച്ചില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാത്യു ലെവറ്റിച്ച് രാജിവെച്ചിരുന്നു. ആഭ്യന്തര വിപണിയില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് ഇലക്ട്രിക് ബൈക്കുകള്‍ ഉള്‍പ്പെടെ പുതിയ ലോഞ്ചുകള്‍ നടത്തിയെങ്കിലും പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ല.

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആകെ വില്‍പ്പനയില്‍ പകുതിയിലധികം വില്‍ക്കുന്നതും അവരുടെ ഏറ്റവും പ്രധാനപ്പെട്ട വിപണിയുമാണ് അമേരിക്ക. എന്നാല്‍ ജന്മദേശത്ത് മികച്ച വില്‍പ്പന വളര്‍ച്ച കൈവരിക്കുന്നതില്‍ കമ്പനി വര്‍ഷങ്ങളായി പരാജയപ്പെടുകയാണ്. 2019 ല്‍ യുഎസ് വിപണിയിലെ ഹാര്‍ലിയുടെ വില്‍പ്പന കഴിഞ്ഞ പതിനാറ് വര്‍ഷത്തെ ഏറ്റവും താഴ്ന്നതായിരുന്നു. കഴിഞ്ഞ പന്ത്രണ്ട് പാദങ്ങളിലും വില്‍പ്പന ഇടിഞ്ഞതിനെതുടര്‍ന്ന് ബൈക്കുകളുടെ ഉല്‍പ്പാദനം പരിമിതപ്പെടുത്താന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ നിര്‍ബന്ധിതരായിരുന്നു.

2019 ല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലെ ഏറ്റവും കുറവ് ബൈക്കുകളാണ് യുഎസ് വിപണിയില്‍ ഹാര്‍ലി വില്‍പ്പനയ്ക്ക് എത്തിച്ചത്. ആഗോള കയറ്റുമതി 2010 നുശേഷമുള്ള ഏറ്റവും കുറവ്. വില്‍പ്പന വര്‍ധിക്കാനുള്ള സാധ്യത മങ്ങിയതോടെ നിക്ഷേപകര്‍ അസ്വസ്ഥത പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. ലെവറ്റിച്ച് സ്ഥാനമേറ്റശേഷം ഹാര്‍ലിയുടെ ഓഹരി മൂല്യം 46 ശതമാനമാണ് ഇടിഞ്ഞത്.

അതേസമയം ആഗോള പുനസംഘടനയുടെ ഭാഗമായി ഹാര്‍ലി ഡേവിഡ്സണ്‍ സിംഗപ്പൂരിലേക്ക് മാറ്റുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Follow Us:
Download App:
  • android
  • ios