Asianet News MalayalamAsianet News Malayalam

രാജാക്കന്മാരുടെ രാജാവിനെ പ്രഖ്യാപിച്ച് ഐക്കണിക്ക് ബൈക്ക് കമ്പനി!

ഈ വര്‍ഷത്തെ ഹാര്‍ലി ഡേവിഡ്‌സണ്‍ കിംഗ് ഓഫ് കിംഗ്‌സ് പ്രഖ്യാപിച്ചിരിക്കുകയാണ്.

Harley Davidson King of Kings winner announced
Author
USA, First Published Apr 18, 2020, 9:58 AM IST

ലോകത്തെ ഏറ്റവും വലിയ കസ്റ്റം മോട്ടോര്‍സൈക്കിള്‍ ബില്‍ഡ് ഓഫ് മല്‍സരമാണ് കിംഗ് ഓഫ് കിംഗ്‌സ്. ഈ വര്‍ഷത്തെ ഹാര്‍ലി ഡേവിഡ്‌സണ്‍ കിംഗ് ഓഫ് കിംഗ്‌സ് പ്രഖ്യാപിച്ചിരിക്കുകയാണ്.  ഹാര്‍ലി ഡേവിഡ്‌സണ്‍ ക്വെററ്റാരോ (മെക്‌സിക്കോ) നിര്‍മിച്ച ഏപെക്‌സ് പ്രിഡേറ്റര്‍ എന്ന മോട്ടോര്‍സൈക്കിളാണ് മല്‍സരത്തില്‍ വിജയിച്ചത്. ഓസ്‌ക്കാര്‍ പെരാള്‍ട്ടയും സംഘവുമാണ് കസ്റ്റം മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്തത്. പന്ത്രണ്ട് രാജ്യങ്ങളില്‍നിന്നുള്ള പതിനെട്ട് ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലര്‍മാരാണ് കിംഗ് ഓഫ് കിംഗ്‌സ് മത്സരത്തില്‍ പങ്കെടുത്തത്.

ഓരോ രാജ്യത്തും ദേശീയ തലത്തില്‍ സംഘടിപ്പിച്ച ബാറ്റില്‍ ഓഫ് കിംഗ്‌സ് മല്‍സരത്തില്‍ വിജയിച്ചവരാണ് ആഗോളതലത്തിലെ ഫൈനല്‍ റൗണ്ട് മത്സരത്തില്‍ പങ്കെടുത്തത്. പൊതു വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ഏപെക്‌സ് പ്രിഡേറ്റര്‍ ചാമ്പ്യനായത്. ഗ്രീസിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഏഥന്‍സ് നിര്‍മിച്ച ഗ്രിപ്‌സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജര്‍മനിയിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ നീഡെറെന്‍ നിര്‍മിച്ച ‘തണ്ടര്‍ബൈക്ക്’ പ്രത്യേക പരാമര്‍ശം നേടി. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌റ്റൈലിംഗ് സംഘം തെരഞ്ഞെടുത്തത് ഈ മോട്ടോര്‍സൈക്കിളാണ്.

ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌പോര്‍ട്സ്റ്റര്‍ എക്‌സ്ആര്‍ 1200 അടിസ്ഥാനമാക്കിയാണ് ഏപെക്‌സ് പ്രിഡേറ്റര്‍ വികസിപ്പിച്ചത്. കസ്റ്റം മോട്ടോര്‍സൈക്കിളിന് അഗ്രസീവ് ലുക്ക് നല്‍കി. കൈകൊണ്ട് നിര്‍മിച്ച എക്‌സോസ്റ്റ് സീറ്റിനടിയിലാണ്. മുന്നില്‍ ഷോവ ബിഗ് പിസ്റ്റണ്‍ ഇന്‍വെര്‍ട്ടഡ് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും.

എല്‍ഇഡി ഡേമേക്കര്‍ ഹെഡ്‌ലൈറ്റാണ് ഏപെക്‌സ് പ്രിഡേറ്റര്‍ ഉപയോഗിക്കുന്നത്. ഹൈ ടെക്, ഫുള്‍ കളര്‍, ടിഎഫ്ടി, ബ്ലൂടൂത്ത് ഇന്‍സ്ട്രുമെന്റ് പാനല്‍ കാണാം. എല്ലാ കൈ, കാല്‍ നിയന്ത്രണങ്ങളും അല്‍കാന്ററ തുകല്‍ സീറ്റും കസ്റ്റം നിര്‍മിതമാണ്. മോട്ടോര്‍സൈക്കിളിന് ഗ്രീന്‍ പൗഡര്‍ കോട്ട് ഫിനിഷ് നല്‍കിയിരിക്കുന്നു. അതേസമയം കാലിപറുകള്‍, സീറ്റ്, പിന്നിലെ ഇരട്ട ഷോക്ക് സ്പ്രിംഗുകള്‍ എന്നിവിടങ്ങളില്‍ മഞ്ഞ നിറം കാണാം.

Follow Us:
Download App:
  • android
  • ios