ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‍സണ്‍ 2020 സെപ്‍റ്റംബറിലാണ് ഇന്ത്യ വിടുന്നതായി പ്രഖ്യാപിച്ചത്. ഹരിയാനയിലെ ബാവല്‍ ഉത്പാദന കേന്ദ്രത്തിലെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇപ്പോഴിതാ കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മോഡലുകളായ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോഡലുകളുടെ നിര്‍മ്മാണവും കമ്പനി അവസാനിപ്പിച്ചതായി ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

2013-ലാണ് ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് 750 ആദ്യമായി എത്തുന്നത്. ബിഎസ് VI നവീകരണം ലഭിക്കുന്ന കമ്പനിയുടെ ആദ്യ മോഡല്‍ കൂടിയാണ്. സ്ട്രീറ്റ് 750-ന്റെ സ്‌പോര്‍ട്ടിയര്‍ പതിപ്പായ സ്ട്രീറ്റ് റോഡ് നാല് വര്‍ഷത്തിന് ശേഷം 2017-ല്‍ വിപണിയില്‍ എത്തി. ഈ രണ്ട് മോട്ടോര്‍സൈക്കിളുകളും 749 സിസി V-ഡ്യുവല്‍ എഞ്ചിനാണ് കരുത്ത് നല്‍കിയിരുന്നത്.

ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് 750-ന് 4.69 ലക്ഷം രൂപയും സ്ട്രീറ്റ് റോഡിന് 5.99 ലക്ഷം രൂപയുമായിരുന്നു എക്‌സ്‌ഷോറൂം വില. ഇരുമോഡലുകള്‍ക്കും കമ്പനി വലിയ ഓഫറുകള്‍ നല്‍കിയായിരുന്നു വിറ്റഴിച്ചിരുന്നത്. സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോഡലുകള്‍ ഹരിയാനയിലെ ഈ പ്ലാന്റിലായിരുന്നു നിര്‍മ്മാണമെന്ന് കമ്പനി പറയുന്നു. ഇവ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്‍തിരുന്നതും ഇവിടെ നിന്നായിരുന്നു. 

ഇരുമോഡലുകളെയും വ്യത്യസ്തമാക്കിയിരുന്നത് ചില കോസ്‌മെറ്റിക് മാറ്റങ്ങളാണ്. സ്ട്രീറ്റ് ബോബിന്റെ എഞ്ചിന്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കൂടുതല്‍ ശക്തമായ എഞ്ചിനാകും ഈ മോഡലിന് ലഭിക്കുക. പുതിയ കളര്‍ ഓപ്ഷനും പുതിയ പതിപ്പിന്റെ സവിശേഷതയാണ്.

അതേസമയം ഇന്ത്യയിലെ വില്‍പ്പനയും നിര്‍മ്മാണവും അവസാനിപ്പിക്കാനുള്ള ആഡംബര ബൈക്ക് നിർമ്മാതാക്കളായ ഹാർലി ഡേവിഡ്സന്റെ തീരുമാനത്തില്‍ പ്രതിഷേധച്ച് ഉപയോക്താക്കള്‍ 2020 നവംബറില്‍ ഡാര്‍ക്ക് റൈഡ് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. രാജ്യത്തെ 13 പ്രധാന നഗരങ്ങളില്‍ പ്രതിഷേധ റൈഡ്  സംഘടിപ്പിച്ചത്. എന്നാല്‍ പുതിയ വാണിജ്യ പങ്കാളിയായ ഹീറോ മോട്ടോകോർപ്പുമായി ചേർന്ന് ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി വിൽപ്പനാനന്തര സേവനങ്ങളും വാറണ്ടിയും ഉറപ്പാക്കാനുളള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് ഹാര്‍ലി ഡേവിഡ്‍സണ്‍ പറയുന്നത്.