ഐക്കണിക്ക് അമേരിക്കൻ ക്രൂയിസർ ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്‍സന്റെ ഇന്ത്യൻ നിരയിലെ ഏറ്റവും വിലക്കുറവുള്ള മോഡലാണ് സ്ട്രീറ്റ് 750. ഈ മോഡലിന്‍റെ വില വെട്ടിക്കുറച്ചിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. ഈ വർഷം മാർച്ചിൽ ബിഎസ് 6 സ്ട്രീറ്റ് 750 വിപണിയില്‍ എത്തിച്ചപ്പോള്‍ 5.34 ലക്ഷം ആയിരുന്നു അടിസ്ഥാന മോഡലിന്റെ എക്‌സ്-ഷോറൂം വില. ഇപ്പോൾ ഈ മോഡലിന് 65,000 രൂപ കുറഞ്ഞു. ഇതോടെ വാഹനവില 4.69 ലക്ഷം രൂപയായി. 

വിവിഡ് ബ്ലാക്ക് നിറത്തിനാണ് Rs 4.69 ലക്ഷം രൂപ. പെർഫോമൻസ് ഓറഞ്ച്, ബ്ലാക്ക് ഡെനിം, വിവിഡ് ബ്ലാക്ക് ഡീലക്‌സ്, ബാരക്കുട സിൽവർ ഡീലക്‌സ് നിറങ്ങൾക്ക് Rs 4.81 ലക്ഷം ആണ് എക്‌സ്-ഷോറൂം വില.  ഈ നിറങ്ങൾക്ക് മാർച്ചിൽ ലോഞ്ച് ചെയ്യുമ്പോൾ Rs 5.46 ലക്ഷം മുതൽ Rs 5.66 ലക്ഷം വരെയായിരുന്നു വില. 

749സിസി ലിക്വിഡ് കൂൾഡ് വി-ട്വിൻ റിവൊല്യൂഷൻ എക്സ് എൻജിൻ ആണ് സ്‍ട്രീറ്റ് 750ന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 3750 ആർപിഎമ്മിൽ 60 എൻഎം ടോർക്ക് സൃഷ്‍ടിക്കും. 6- സ്പീഡ് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. മുന്നില്‍ ടെലിസ്‍കോപിക്ക് സസ്‍പെൻഷനും പിന്നില്‍ ട്വിൻ ഷോക്ക് പിൻ സസ്‍പെഷനുകളുമാണ് സ്ട്രീറ്റ് 750യിലും സ്ട്രീറ്റ് റോഡ് 750-യിലും. ഡ്യുവൽ ചാനൽ എബിഎസ് അടക്കം ഡിസ്‍ക് ബ്രേക്കുകളാണ് മുന്നിലും പിന്നിലും.

മുൻവശത്ത് കറുപ്പിൽ പൊതിഞ്ഞ ഫോർക്കുകളും, ട്രിപ്പിൾ ക്ലാമ്പുകളും, പുതിയ സ്പീഡ് സ്‌ക്രീനുമാണ് സ്ട്രീറ്റ് റോഡ് 750-യുടെ പ്രത്യേകത. പിൻഭാഗത്ത് പെർഫൊറേറ്റഡ് മഡ്‌ഗാർഡ്, എൽഇഡി ടൈൽ‌ലൈറ്റ് എന്നിവ സ്ട്രീറ്റ് റോഡ് 750-യെ വ്യത്യസ്തമാക്കുന്നു. ഇത് കൂടാതെ ഡ്രാഗ്-സ്റ്റൈൽ ഹാൻഡിൽബാർ, ബാർ-എൻഡ് റിയർ-വ്യൂ മിററുകൾ എന്നിവയാണ് സ്ട്രീറ്റ് റോഡ് 750-യുടെ സ്പെഷ്യലിറ്റി. ഹാർലി-ഡേവിഡ്‌സൺ ഡാർക്ക് കസ്റ്റം സ്റ്റൈലിംഗ് സ്ട്രീറ്റ് റോഡ് 750-യ്ക്ക് കൂടുതൽ സ്‌പോർട്ടി മുഖഭാവം നൽകുന്നു. 

ബി‌എസ്6 സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് 750 ബൈക്കുകൾ ഇന്ത്യൻ സായുധ സേന അംഗങ്ങൾക്ക് പ്രത്യേകം കുറഞ്ഞ വിലയ്ക്ക് വിൽക്കുമെന്ന് ഹാർലി-ഡേവിഡ്‌സൺ ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സായുധ സേനാംഗങ്ങൾക്കും മുൻ സൈനികർക്കും രാജ്യത്തുടനീളമുള്ള സൈനികരുടെ ആശ്രിതർക്കും കാന്റീൻ സ്റ്റോർ ഡിപ്പാർട്ട്‌മെന്റുകൾ (സി‌എസ്‌ഡി) വഴി സ്ട്രീറ്റ് മോഡലുകൾ വാങ്ങാം.