ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍വിപണി കീഴടക്കാന്‍ ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്രവാഹന ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‍സണ്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി 250 മുതൽ 500 വരെ സിസി എൻജിൻ കപ്പാസിറ്റിയുള്ള മിഡ് സൈസ് റെട്രോ ലുക്ക് ബൈക്കുകൾ പുറത്തിറക്കാനുള്ള ആലോചനയിലാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വികസ്വര രാജ്യങ്ങളിലെ വിപണികളില്‍ നേട്ടമുണ്ടാക്കണമെങ്കില്‍ വില കുറയ്‍ക്കുകയല്ലാതെ വഴിയില്ല എന്നതിനാല്‍ വി–ട്വിൻ എൻജിനുള്ള ഈ ചെറു ബൈക്കുകൾക്ക് വില കുറവായിരിക്കും എന്നാണ് സൂചന. ബിഎംഡബ്ല്യു-ടിവിഎസ്, ബജാജ്-കെടിഎം കൂട്ടുകെട്ടിന്‍റെ മാതൃകയില്‍ ഇന്ത്യയിലെ ഏതെങ്കിലും പ്രാദേശിക കമ്പനിയുമായി സഹകരിച്ച്  ചെറു ബൈക്കുകളെ പുറത്തിറക്കാനാണ് ഹാര്‍ലിയുടെ നീക്കം.  എന്നാല്‍ നിലവില്‍ ഏതു കമ്പനിയുമായാണ് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ തയ്യാറെടുക്കുന്നതെന്ന കാര്യം വ്യക്തമല്ല. 

എന്തായാലും ഏഷ്യൻ രാജ്യങ്ങളിലെ നിർമാതാക്കളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണെന്നാണ് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. റോയൽ എൻഫീൽഡ് ബൈക്കുകളുടെ പ്രധാന എതിരാളിയാകുന്ന ഹാർലിയുടെ ഈ ചെറു ബൈക്കുകള്‍ 2022 ൽ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.