ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് (എം ജി മോട്ടോഴ്‌സ്)ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് മോഡലുകളുടെ സി.വി.ടി ഗിയര്‍ബോക്‌സ് മോഡല്‍  ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹെക്ടര്‍ സിവിടി മോഡലിന് 16.52 ലക്ഷം രൂപ മുതല്‍ 18.10 ലക്ഷം രൂപ വരെയും ഹെക്ടര്‍ പ്ലസ് സിവിടിക്ക് 17.22 ലക്ഷം രൂപ മുതല്‍ 18.90 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വിലയെന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്രോള്‍ എന്‍ജിന്‍ പതിപ്പിലെ സ്‍മാര്‍ട്ട്, ഷാര്‍പ്പ് എന്നീ വേരിയന്റുകളിലാണ് ഈ ട്രാന്‍സ്‍മിഷന്‍ നല്‍കിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ട്രാന്‍സ്മിഷന്‍ നൽകിയതല്ലാതെ വേറെ മാറ്റങ്ങളൊന്നും ഈ വാഹനത്തില്‍ വരുത്തിയിട്ടില്ല. സി.വി.ടി. ഗിയര്‍ബോക്‌സ് മറ്റ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളെക്കാള്‍ മികച്ച ഡ്രൈവിങ്ങ് അനുഭവവും, ഇന്ധനക്ഷമതയുമാണ് ഉറപ്പുനല്‍കുന്നത്. ഹെക്ടറിന്റെ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ മോഡലിന്റെ അതേ വിലയില്‍ തന്നെയാണ് സി.വി.ടിയും എത്തിയിട്ടുള്ളത്. ഈ മോഡല്‍ പ്രധാനമായും സിറ്റിയിലെ ഉപയോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. ഈ വാഹനം ട്രാഫിക് ഉള്ള പ്രദേശത്ത് മികച്ച ഡ്രൈവിങ്ങ് അനുഭവം നൽകുമെന്നാണ് എം.ജിയുടെ വാഗ്ദാനം.

സി.വി.ടി.ഗിയര്‍ബോക്‌സ് 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനൊപ്പമാണ് നല്‍കിയിട്ടുള്ളത്. ഈ എന്‍ജിന്‍ 141 ബി.എച്ച്.പി.പവറും 250 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഈ വാഹനത്തില്‍ സി.വി.ടി കൂടാതെ, ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയും ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്. എം.ജി. മോട്ടോഴ്‌സ് ഹെക്ടര്‍ വാഹനനിരയില്‍ നല്‍കുന്ന രണ്ടാമത്തെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് സി.വി.ടി. ഹെക്ടര്‍ നിരയ്ക്ക് കരുത്തേകുന്നത് 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ വിത്ത് 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ്, 2.0 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഹൃദയം.