തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രികര്‍ക്ക് ഹെൽമറ്റും കാറുകൾ ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രികര്‍ക്ക് സീറ്റ് ബെൽറ്റും നിര്‍ബന്ധമാക്കാനൊരുങ്ങി സംസ്ഥാന ഗതാഗതവകുപ്പ്. ഇതില്ലാത്ത യാത്രികര്‍ക്കെതിരെ കര്‍ശന നടപടിക്കാണ് നീക്കം. 

പിന്‍സീറ്റ് യാത്രികര്‍ ഹെല്‍മറ്റും സീറ്റും ബെല്‍റ്റും ഉപയോഗിക്കാതെയുള്ള  യാത്രകള്‍ റോഡ് നിയമത്തിന്റെ ലംഘനമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണു കർശന നടപടിക്കുള്ള ഗതാഗത വകുപ്പിന്‍റെ നീക്കം. ഇതുസംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർക്കും ഡിജിപിക്കും ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കത്തയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം നിയമലംഘന യാത്രകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിന്‍‍റെയും എൻഫോഴ്‍സ്‍മെന്‍റ് വിഭാഗങ്ങൾക്കു നിർദേശം നൽകണമെന്നാണ് കത്തിലെ ആവശ്യമെന്നാണ് സൂചന. 

ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രികര്‍ക്ക് ഹെൽമറ്റും കാറുകൾ ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രികര്‍ക്ക് സീറ്റ് ബെൽറ്റും മുമ്പേ നിര്‍ബന്ധമാണെങ്കിലും കേരളത്തില്‍ ഇത് പൂര്‍ണമായും നടപ്പിലാക്കിയിരുന്നില്ല. ഇത്തരം യാത്രകളിലെ അപകടങ്ങളും മരണങ്ങളും സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി കര്‍ശനമാക്കുന്നത്. ഇത്തരം നിയമലംഘന യാത്രകളിലെ അപകടങ്ങള്‍ക്ക് ഇൻ‍ഷുറന്‍സ് കമ്പനികള്‍ നഷ്‍ടപരിഹാരം നല്‍കേണ്ടതില്ലെന്ന് കോടതി നിര്‍ദ്ദേശമുണ്ടെന്ന കാര്യവും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.