Asianet News MalayalamAsianet News Malayalam

പിന്‍സീറ്റിലും ഹെല്‍മറ്റ്, പക്ഷേ ഏതെങ്കിലും പോര; കേന്ദ്ര ഉത്തരവ് നടപ്പാക്കാന്‍ ഡിജിപിക്ക് കത്ത്

ബി ഐഎസ് മുദ്രയുള്ള ഹെൽമറ്റ് തന്നെയാണോ വയ്ക്കുന്നതെന്ന് പരിശോധിക്കണമെന്ന് ഗതാഗത സെക്രട്ടറിയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്

helmet mandatory for back seat two wheeler letter from motor department secretary
Author
Thiruvananthapuram, First Published Nov 21, 2019, 2:35 PM IST

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും, നാല് വയസ്സിനും മുകളിലുള്ള കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കണമെന്ന് സർക്കാർ. ഹൈക്കോടതി വിധിയും കേന്ദ്ര സർക്കാർ ഉത്തരവും നടപ്പാക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും ഗതാഗത കമ്മീഷണർക്കും ഗതാഗത സെക്രട്ടറി ജ്യോതിലാൽ കത്ത് നൽകി.

ഏതെങ്കിലും ഹെല്‍മറ്റ് വച്ച് പരിശോധനയില്‍ നിന്ന് രക്ഷപെടുന്ന രീതിക്ക് അവസാനമുണ്ടാക്കാനും കത്തില്‍ നിര്‍ദ്ദേശമുണ്ട്. ബി ഐഎസ് മുദ്രയുള്ള ഹെൽമറ്റ് തന്നെയാണോ വയ്ക്കുന്നതെന്ന് പരിശോധിക്കണമെന്ന് ഗതാഗത സെക്രട്ടറിയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധന കർശനമാക്കുകയും സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്യണമെന്നും കത്തിൽ പറയുന്നു.

ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധിമാക്കിയുള്ള വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചു. പിൻസീറ്റിൽ ഹെൽമറ്റ് നിർബന്ധമാക്കിയ കേന്ദ്രമോട്ടോർ നിയമത്തിന് എതിരെ സംസ്ഥാനസർക്കാർ കൊണ്ടുവന്ന ഭേദഗതി തിരുത്തണമെന്ന് ഹൈക്കോടതി സർക്കാരിന് കർശന നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിജ്ഞാപനമിറക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചത്.

Follow Us:
Download App:
  • android
  • ios