മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്. ഉത്സവ സീസണോട് അനുബന്ധിച്ചാണ് ഓഫറുകള്‍ എന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ പ്രത്യേക ഓഫറുകള്‍ 2020 നവംബര്‍ 14 വരെ സാധുതയുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ആനുകൂല്യങ്ങള്‍ രാജ്യത്തൊട്ടാകെയുള്ള 500-ല്‍ അധികം ഡീലര്‍ഷിപ്പുകള്‍ വഴി വാഹനം വാങ്ങുന്നവര്‍ക്ക് പ്രയോജനപ്പെടുത്താം.

 ലിഥിയം അയണ്‍, ലെഡ്-ആസിഡ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. കൂടാതെ, ലെഡ്-ആസിഡ് മോഡലുകള്‍ക്ക് രാജ്യത്തൊട്ടാകെയുള്ള ഹീറോ ഇലക്ട്രിക്കിന്റെ ഡീലര്‍ഷിപ്പുകള്‍ വഴി 3,000 രൂപയുടെയും തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 5,000 രൂപയുടെയും കിഴിവ് ലഭിക്കുമെന്നാണ് സൂചന.

1,000 രൂപ വിലമതിക്കുന്ന അധിക ആനുകൂല്യങ്ങള്‍ ആണ് ബ്രാന്‍ഡിന്റെ റഫറല്‍ സ്‌കീം വഴി തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. അതായത്, മൊത്തം മൂല്യം 6,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ആണ് നൽകുന്നത്. കമ്പനി എല്ലാ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് മൂന്ന് ദിവസത്തെ റിട്ടേണ്‍ പോളിസിയും മറ്റ് ഉപഭോക്താക്കളുടെ റഫറന്‍സില്‍ 2000 രൂപ വരെ ക്യാഷ്ബാക്കും ഉണ്ടെന്നാണ് റിപ്പോർട്ട്. മാത്രമല്ല, 5,000 രൂപ വരെ എക്‌സ്‌ചേഞ്ച് കിഴിവുകളും കമ്പനി നല്‍കുന്നു. 

എന്നാല്‍ അടുത്തിടെ വിപണിയില്‍ എത്തിയ ഒപ്റ്റിമ HX സിറ്റി സ്പീഡ്, Nyx HX സിറ്റി സ്പീഡ് എന്നിവയില്‍ ഈ ഉത്സവ ഓഫര്‍ ലഭ്യമല്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.