Asianet News MalayalamAsianet News Malayalam

വിപണിയില്‍ ചാകരക്കോള്; ഉല്‍പ്പാദനം അഞ്ചിരട്ടിയോളം കൂട്ടാന്‍ ഈ കമ്പനി!

. 2022 മാര്‍ച്ചോടെ ഉല്‍പ്പാദനം അഞ്ചിരട്ടിയോളം വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ നീക്കം

Hero Electric to Boost Production to Over 5 Lakh Units by March 2022
Author
Mumbai, First Published Sep 26, 2021, 4:56 PM IST

രാജ്യത്ത് ഇലക്ട്രിക്ക് വാഹന വിപ്ലവം നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ കമ്പനികള്‍ ഈ മേഖലയിലേക്ക് ചുവടുവച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്ത് മുന്‍നിരയിലുള്ള ഹീറോ ഇലക്ട്രിക്ക് (Hero Electric). 2022 മാര്‍ച്ചോടെ ഉല്‍പ്പാദനം അഞ്ചിരട്ടിയോളം വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഫസ്റ്റ് പോസ്റ്റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ പ്രതിവര്‍ഷം ഒരുലക്ഷം യൂണിറ്റാണ് ഹീറോ ഇലക്ട്രിക്കിന്റെ ലുധിയാനയിലെ നിര്‍മാണ പ്ലാന്റിന്റെ ശേഷി. ഇത് 2022 മാര്‍ച്ചോടെ അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ച് അഞ്ച് ലക്ഷം യൂണിറ്റാക്കി ഉയര്‍ത്താനാണ് നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ, ഡിമാന്റ് വര്‍ധിച്ചതോടെ ഹീറോ ഇലക്ട്രിക് തങ്ങളുടെ ഉല്‍പ്പാദനം മൂന്ന് ലക്ഷമാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന വര്‍ധിച്ചതോടെ ഉല്‍പ്പാദനം വീണ്ടും വര്‍ധിപ്പിക്കാന്‍ ഹീറോ ഇലക്ട്രിക്ക് നിര്‍ബന്ധിതരായെന്നാണ് റിപ്പോര്‍ട്ടുകള്‍.  നിലവില്‍ ഹിറോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പന കുത്തനെ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ വർഷവും ഉല്‍പ്പാദനം 10 ലക്ഷം യൂണിറ്റ് ശേഷി വർദ്ധിപ്പിക്കുന്നത് തുടരുമെന്നും 2026 ഓടെ 50 ലക്ഷത്തിലധികം യൂണിറ്റ് ഉൽപാദന ശേഷി ലക്ഷ്യമിടുകയാണെന്നും കമ്പനി അറിയിച്ചു.

2021  ന്‍റെ ആദ്യ പകുതിയില്‍ 15,000 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 3,270 ഇ-സ്‌കൂട്ടറുകളേക്കാള്‍ അഞ്ച് മടങ്ങ് കൂടുതലാണിത്. ജൂലൈയില്‍ മാത്രം 4,500 ല്‍ അധികം ഇ-സ്‌കൂട്ടറുകളാണ് വിറ്റത്. 2020-ല്‍ ഇതേ മാസത്തില്‍ വിറ്റ 399 യൂണിറ്റുകളെ അപേക്ഷിച്ച് പത്തിരട്ടിയാണ് വര്‍ധനവ്.

കേന്ദര്‍ സര്‍ക്കാര്‍ ഫെയിം-2 പദ്ധതിയുടെ ഭാഗമായി കൂടുതല്‍ സബ്‌സിഡികള്‍ ലഭ്യമാക്കിയതാണ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന ഉയരാന്‍ മുഖ്യ കാരണം. നേരത്തെ ഒരു കിലോവാട്ടിന് 10,000 രൂപയായിരുന്ന സബ്‌സിഡി 15,000 രൂപയായി കേന്ദ്രം ഉയര്‍ത്തിയിരുന്നു. ഇതു കൂടാതെ പല സംസ്ഥാനങ്ങളും ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സംസ്ഥാന ഇവി പോളിസികളുടെ ഭാഗമായി ഉദാരമായ പ്രോത്സാഹനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സബ്‍സിഡികളും ഇലക്ട്രിക്ക് വാഹനവില കുറയ്ക്കുന്നതില്‍ വളരെയേറെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിന് ഹീറോ ഇലക്ട്രിക്കിന്റെ മിഡ്-സ്പീഡ് സ്‌കൂട്ടര്‍ ശ്രേണിക്ക് ഇപ്പോള്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും 40,000 രൂപയില്‍ താഴെയാണ് വില എന്നാണ് റിപ്പോര്‍ട്ടുകള്‍. വരും മാസങ്ങളിൽ വിൽപ്പന കൂടുതൽ ഊർജ്ജിതമാക്കുന്നതിനായി പ്രമുഖ നഗരങ്ങളില്‍ എക്സ്‍പീരിയന്‍സ് സെന്‍ററുകള്‍ തുടങ്ങുമെന്നും ഹീറോ ഇലക്ട്രിക് പ്രഖ്യാപിച്ചിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios