രാജ്യത്തെ പ്രമുഖ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ തങ്ങളുടെ ജനപ്രിയ മോഡലായ മാസ്‌ട്രോ എഡ്‍ജ് 125 സ്‌കൂട്ടറിന്റെ ഒരു പുതിയ പതിപ്പ് എത്തിച്ചു. സ്റ്റെല്‍ത്ത് എഡീഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന് 72,950 രൂപയാണ് എക്‌സ്‌ഷോറൂം വില എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

125 സിസി ഫ്യുവല്‍ ഇഞ്ചക്ട് എഞ്ചിനാണ് സ്‍കൂട്ടറിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 9 bhp കരുത്തും 10.4 Nm ടോർക്കും ഉത്പാദിപ്പിക്കും. i3S സാങ്കേതികവിദ്യ (ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം) വാഹനത്തിലുണ്ട്. ഇന്ധനം ലാഭിക്കുന്നതിന് ഈ സാങ്കേതികവിദ്യ സഹായിക്കും.

ബ്ലാക്ക് നിറത്തിലാണ് സ്‌കൂട്ടറിന്റെ ബോഡി പാനലുകള്‍ ഒരുങ്ങുന്നത്. ഫ്രണ്ട് ആപ്രോണില്‍ 'സ്റ്റെല്‍ത്ത്' ബാഡ്ജുകളും പിന്‍ പാനലുകളില്‍ സ്‌കൂട്ടറിന്റെ ബോള്‍ഡ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബ്രാന്‍ഡിംഗും ലഭ്യമാണ്. മാറ്റ് ഗ്രേ നിറത്തിലുള്ള സ്‌പോര്‍ട്ടി ഗ്രാഫിക്‌സ് കൂടുതൽ ലുക്ക് നൽകുന്നു. പുതിയ ഗ്രാഫിക്‌സിനൊപ്പം സീല്‍ സില്‍വര്‍, കാന്‍ഡി ബ്ലേസിംഗ് റെഡ്, മിഡ്‌നൈറ്റ് ബ്ലൂ, പേള്‍ ഫേഡ്‌ലെസ് വൈറ്റ്, പാന്തര്‍ ബ്ലാക്ക്, ടെക്‌നോ ബ്ലൂ എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളും ഉണ്ടെന്നാണ് റിപ്പോർട്ട്.