ബിഎസ്-4 എന്‍ജിനിലുള്ള ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വമ്പന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്. 3000 രൂപ മുതല്‍ 12,500 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് നല്‍കുക. ഡീലര്‍ഷിപ്പുകളില്‍ സ്റ്റോക്ക് അവശേഷിക്കുന്ന ബിഎസ്-4 മോഡലുകള്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. 

ബൈക്ക് നിരയില്‍ എക്‌സ്പള്‍സ് 200, എച്ച്എഫ് ഡീലക്‌സ്, സ്‌പ്ലെന്‍ഡര്‍ ഐസ്‍മാര്‍ട്ട് എന്നിവയ്ക്കും സ്‌കൂട്ടര്‍ നിരയില്‍ പ്ലെഷര്‍ പ്ലസ് 110, മാസ്‌ട്രോ 125 എന്നീവയ്ക്കുമാണ് പ്രധാനമായും ഓഫറുകള്‍ ഒരുക്കിയിരിക്കുന്നത്. വാഹനങ്ങളുടെ വിലയില്‍ തന്നെ വലിയ ഇളവ് നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹീറോ അടുത്തിടെ അവതരിപ്പിച്ച എക്‌സ്പള്‍സ്200-ന് 12,500 രൂപ വരെയുള്ള ആനുകൂല്യങ്ങളാണുള്ളത്. 98,500 രൂപ മുതലാണ് ഈ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. 39000 രൂപ വിലയുള്ള എച്ച്എഫ് ഡീലക്‌സിന് 4000 രൂപയും  50,000 രൂപ വിലയുള്ള സ്‍പ്‍ളെന്‍ഡര്‍ ഐസ്മാര്‍ട്ടിന് 3000 രൂപയും ഡിസ്‍കൌണ്ട് ലഭിക്കും. 

ഹീറോ സ്‌കൂട്ടര്‍ ശ്രേണിയിലെ എല്ലാ മോഡലുകള്‍ക്കും ആനൂകൂല്യം ഒരുക്കുന്നതിനൊപ്പം പ്ലെഷര്‍ പ്ലസ് 110, മാസ്‌ട്രോ 125 എന്നീ മോഡലുകള്‍ക്ക് 10,000 രൂപ വീതമാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്ലെഷര്‍ പ്ലസ് 110 മോഡലിന് 52,700 രൂപയും മാസ്‌ട്രോ 125 സ്‌കൂട്ടറിന് 60,370 രൂപയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില.  ദില്ലിയിലെ ഹീറോ ഷോറൂമുകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.