ലോക്ക് ഡൗൺ കാലത്ത് വാഹന പ്രേമികൾക്കും വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും ഡിസൈൻ വൈഭവം പ്രകടിപ്പിക്കാൻ വേദിയൊരുക്കി രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്.  കോ ലാബ്‍സ് ദ് ഡിസൈൻ ചലഞ്ച് എന്നാണ് പരിപാടിയുടെ പേര്. 

രണ്ടു വിഭാഗങ്ങളിലായിട്ടാണ് മത്സരം നടത്തുന്നത്. ഹീറോ സ്പ്ലെൻഡർ പ്ലസിനു സ്വന്തം ഭാവന പ്രകാരമുള്ള ഗ്രാഫിക്സ് രൂപകൽപ്പന ചെയ്യാനാണ് ഒരു മത്സരം. ഒപ്പം ഹീറോ റൈഡിങ് ജാക്കറ്റ് രൂപകൽപ്പന ചെയ്യാനും മത്സരമുണ്ട്. മത്സര വിജയിക്ക് ഹീറോ എക്സ് പൾസ് 200 ബൈക്കാണു സമ്മാനമായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം ഹീറോ അക്സസറികളും 10,000 രൂപയുടെ വൗച്ചറുകളുമാണു മറ്റു ജേതാക്കളെ കാത്തിരിക്കുന്നത്.  

വ്യക്തികൾക്ക് അവരുടെ പ്രതിഭ തെളിയിക്കാൻ അവസരമൊരുക്കുന്ന പുത്തൻ പ്ലാറ്റ്ഫോമാണ് ഹീറോ കോ ലാബ്സെന്നും സഹകരിക്കുക, യോജിച്ചു സൃഷ്ടിക്കുക എന്നീ ആശയങ്ങളിൽ അധിഷ്ഠിതമാണ് ഈ പുതിയ സംരംഭമെന്നും ഹീറോ മോട്ടോ കോർപ് ഗ്ലോബൽ പ്രോഡക്ട് പ്ലാനിങ് മേധാവി മാലൊ ലെ മാസൻ പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്നും ഭാവിയിൽ കൂടുതൽ പുതുമകൾ ഹീറോ കോ ലാബ്സിൽ നിന്നു പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനോടകം തന്നെ ആയിരത്തിലേറെ പേർ മത്സരത്തിൽ പങ്കെടുക്കാൻ പേരു രജിസ്റ്റര്‍ ചെയ്‍തെന്ന് ഹീറോ മോട്ടോ കോർപ് വ്യക്തമാക്കി. ഏപ്രിൽ 21 വരെയാണു ഹീറോ കോ ലാബ്സ് ദ് ഡിസൈൻ ചലഞ്ചിനുള്ള എൻട്രികൾ സ്വീകരിക്കുക.