ഹീറോ മോട്ടോകോര്‍പ്പ്, സ്‍പ്ളെന്‍ഡര്‍ മോട്ടോര്‍സൈക്കിളിന്റെ പുതിയ പതിപ്പ് , സ്‌പ്ലെന്‍ഡര്‍ പ്ലസ് ബ്ലാക്ക് ആന്‍ഡ് ആക്‌സന്റ് പുറത്തിറക്കി.

സ്‍പ്ളെന്‍ഡര്‍ പ്ലസ് ബ്ലാക്ക് ആന്‍ഡ് ആക്സന്റ് വാങ്ങുന്ന സമയത്ത് ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ഗ്രാഫിക്സ് ഉപയോഗിച്ച് ഇഷ്ടാനുസൃതമാക്കാമെന്നും മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

സ്‍പ്ളെന്‍ഡര്‍ പ്ലസ്  ബ്ലാക്ക് ആന്‍ഡ് ആക്സന്റ് പതിപ്പ് ബ്ലാക്ക് ടയറുകള്‍, ബ്ലാക്ക് എഞ്ചിന്‍, ബ്ലാക്ക് ചെയിന്‍ കവര്‍ എന്നിവയുള്ള 'ഓള്‍ബ്ലാക്ക്' രൂപത്തിലാണ്. ഈ സ്റ്റൈലിഷ് അപ്പീല്‍ ഒരു ത്രീഡി ഹീറോ ലോഗോ ഉപയോഗിച്ച് കൂടുതല്‍ ആകര്‍ഷകമാക്കാം, അത് ഒരു ആക്‌സസറിയായി ലഭ്യമാണ്.  64,470/- രൂപയാണ് ബൈക്കിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില.

ഈ  ആശയം കമ്പനിയുടെ നൂതനമായ 'ഹീറോ കോലാബ്സ്' മത്സരത്തിന്റെ ഫലമാണെന്ന് കമ്പനി വ്യക്തമാക്കി. മത്സരത്തിന്റെ ഭാഗമായി, രാജ്യമെമ്പാടുമുള്ള മത്സരാര്‍ത്ഥികളാണ് സ്‍പ്ളെന്‍ഡര്‍ പ്ലസ് മോട്ടോര്‍സൈക്കിളിനായി ഗ്രാഫിക് ഡിസൈന്‍ തീമുകള്‍ സൃഷ്‍ടിച്ചത്. ആയിരക്കണക്കിന് എന്‍ട്രികളില്‍ നിന്നും മികച്ച മൂന്നു ഡിസൈനുകള്‍ ഉത്പാദനത്തിനായി തിരെഞ്ഞെടുക്കുകയായിരുന്നു.

ഈ മൂന്ന് ഡിസൈനുകള്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനും അവയിലൊന്ന് അവരുടെ പുതിയ മോട്ടോര്‍സൈക്കിളില്‍ പകര്‍ത്താനും ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഗ്രാഫിക്സ് ഇല്ലാതെയും മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ തീരുമാനിക്കാം.

വാങ്ങുന്ന സമയത്ത്, ഉപഭോക്താക്കള്‍ക്ക് ബീറ്റില്‍ റെഡ്, ഫയര്‍ഫ്‌ലൈ ഗോള്‍ഡന്‍, ബംബിള്‍ ബീ യെല്ലോ എന്നീ മൂന്ന് വ്യത്യസ്ത ഡിസൈന്‍ തീമുകളില്‍ നിന്ന് തിരഞ്ഞെടുക്കാം. ഗ്രാഫിക് തീമുകള്‍ക്ക് രാജ്യമെമ്പാടും ആകര്‍ഷകമായ വില 899 രൂപയാണ്. ഉപഭോക്താക്കള്‍ക്ക് ഗ്രാഫിക്‌സ്, 3 ഡി ഹീറോ ലോഗോ, റിം ടേപ്പ് എന്നിവയുള്‍പ്പെടെയുള്ള മുഴുവന്‍ കിറ്റും 1,399 രൂപയ്ക്ക് വാങ്ങാം.

2020 ഏപ്രില്‍ 7 ന് ആരംഭിച്ച ഹീറോ കോലാബ്‍സ്, ബ്രാന്‍ഡ് ആരാധകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവരുടെ സര്‍ഗ്ഗാത്മകതയും ഡിസൈന്‍ കഴിവുകളും പ്രദര്‍ശിപ്പിക്കുന്നതിന് അനുയോജ്യമായ വേദി നല്‍കിയെന്ന് കമ്പനി പറയുന്നു. ഈ ചലഞ്ചിന് പതിനായിരത്തിലധികം രജിസ്ട്രേഷനുകള്‍ ലഭിച്ചു. 2020 മെയ് 16 നാണ് ഫലം പ്രഖ്യാപിച്ചത്.

'ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ വീക്ഷണവും ദൗത്യവും ഒരു സഹകരണ സമീപനവുമായി മുന്നോട്ട് പോകാനും ഡിജിറ്റല്‍, ഭൗതിക ലോകങ്ങള്‍ക്കിടയില്‍ സമന്വയം കൈവരിക്കാനുമുള്ള മികച്ച ഉദാഹരണമാണിതെന്ന് ഹീറോ മോട്ടോകോര്‍പ്പ് ഹെഡ് ഓഫ് സ്ട്രാറ്റജി, മാലോ ലി മാസ്സണ്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.