ഈ ഉത്സവ കാലത്തും വിപണി പിടിച്ചടക്കിയിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോര്‍ കോര്‍പ്. ഉപഭോക്തൃ ആവശ്യകതയെ മുന്‍നിര്‍ത്തി ഈ ഉത്സവ സീസണില്‍ മാത്രം 14 ലക്ഷത്തോളം ബൈക്കുകളും സ്‍കൂട്ടറുകളും വിറ്റാണ് കമ്പനി അതിന്‍റെ ശക്തി അടിവരയിട്ട് ഉറപ്പിച്ചിരിക്കുന്നത്. 

32 ദിവസം നീണ്ട ഉത്സവ കാലയളവിൽ മികച്ച പ്രകടനമാണ് കമ്പനി കാഴ്‍ചവച്ചത്. ഈ വർഷം കൊവിഡ് -19 കാരണമുണ്ടായ കടുത്ത പ്രതിസന്ധിയെക്കൂടി അതിജീവിച്ചാണ് കമ്പനിയുടെ ഈ മിന്നുന്ന പ്രകടനം എന്നതാണ് ശ്രദ്ധേയം. മുന്‍ വര്‍ഷങ്ങളിലെ ഉത്സവ കാലയളവിനെ അപേക്ഷിച്ച് വമ്പന്‍ മുന്നേറ്റമാണ് ഹീറോ മോട്ടോര്‍ കോര്‍പ് സ്വന്തമാക്കിയത്. 2019 ലെ ഇതേ കാലയളിവിനെ അപേക്ഷിച്ച് 98  ശതമാനവും 2018 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 103 ശതമാനവുമാണ് വളര്‍ച്ച. വെറും നാല് ആഴ്‍ച കൊണ്ട് ഹീറോ മോട്ടോകോർപ്പിന്‍റെ ഡീലര്‍ഷിപ്പുകളിലെ സ്റ്റോക്കുകള്‍ മുഴുവനും വിറ്റുതീര്‍ന്നു.

കമ്പനിയുടെ ജനപ്രിയ മോഡലുകളുടെയെല്ലാം മികച്ച പ്രകടനത്തിനാണ് ഈ ഉത്സവകാലം സാക്ഷ്യം വഹിച്ചത്. 100 സിസി, 125 സിസി, പ്രീമിയം സെഗ്മെന്‍റുകളിലെല്ലാം ഹീറോ മോഡലുകള്‍ മികച്ചുനിന്നു. സ്‍പ്‍ളെൻഡർ പ്ലസ്, എച്ച്എഫ് ഡീലക്സ്, 
ഗ്ലാമർ, സൂപ്പർ സ്‍പ്ലെൻഡർ, എക്‌സ്ട്രീം 160 ആർ, എക്‌സ്‌പൾസ് തുടങ്ങിയ മോഡലുകള്‍ക്കെല്ലാം വിപണിയില്‍ വന്‍ ഡിമാന്‍ഡായിരുന്നു. ബിഎസ്6 ഗ്ലാമറും വിപണിയില്‍ മികച്ച പ്രകടനം തുടര്‍ന്നു.  ഡെസ്റ്റിനി, പ്ലെഷർ സ്‍കൂട്ടറുകൾക്കും ഈ ഉത്സവ കാലത്ത്  ശക്തമായ ഉപഭോക്തൃ പിന്തുണ ലഭിച്ചു. അതിന്റെ ഫലമായി ഇരു മോഡലുകളുടെയും വില്‍പ്പന ഇരട്ടിയിലധികം ഉയര്‍ന്നു.

പ്ലാന്‍റിലെ പ്രവർത്തനങ്ങളും റീട്ടെയിൽ വിൽപ്പനയും മെയ് മാസത്തില്‍ പുനരാരംഭിച്ചതിനു ശേഷം ഹീറോ മോട്ടോകോർപ്പ് ആഭ്യന്തര ഇരുചക്രവാഹന വിപണിയിലെ വിഹിതം ശക്തിപ്പെടുത്തുന്നത് തുടരുകയാണ്. ഹീറോ മോട്ടോകോർപ്പിന്റെ വിപണി വിഹിതം ഒക്ടോബർ മാസത്തിൽ 500 ബിപിഎസിലധികമാണ് വർദ്ധിച്ചത്. 

കഴിഞ്ഞ കുറച്ചുമാസങ്ങളായി പ്ലാന്‍റിന്‍റെ പ്രവർത്തനങ്ങളിലും പാര്‍ട്‍സ് വിതരണ ശൃംഖലയിലും  മറ്റും  തടസങ്ങളുണ്ടായിട്ടും ആഭ്യന്തര വാഹനവിപണിയില്‍ കമ്പനിയെ ഒന്നാമതെത്തിക്കാന്‍ പ്രയത്‍നിച്ച മുഴുവന്‍ ഡീലര്‍ഷിപ്പ് പങ്കാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും നന്ദി അറിയിക്കുന്നതായും ഹീറോ മോട്ടോര്‍കോര്‍പ് വ്യക്തമാക്കി.