രാജ്യത്തെ പ്രമുഖ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോയുടെ ഡ്യുവല്‍ പര്‍പ്പസ് ബൈക്കായ എക്‌സ്-പള്‍സിന്റെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ വിപണിയില്‍ എത്തി. 

ബിഎസ്-6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 199 സിസി ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പുത്തന്‍ എക്‌സ്-പള്‍സിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 17.8 ബിഎച്ച്പി കരുത്തും 16.45 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. മുന്‍ മോഡലിനെക്കാള്‍ 0.3 ബിഎച്ച്പി പവര്‍ ഉയര്‍ത്തിയതിനൊപ്പം 0.65 എന്‍എം ടോര്‍ക്കും കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സ് തന്നെയാവും ട്രാന്‍സ്‍മിഷന്‍.

എന്‍ജിനിലെ പരിഷ്‍കാരം ഒഴിച്ചാല്‍ വാഹനത്തിന്‍റെ ഡിസൈനിലും മറ്റും മാറ്റമില്ല. ഹൈ ടെന്‍സില്‍ സ്‌ട്രെങ്ത്ത് സ്റ്റീല്‍ ഫ്രെയ്മാണ് എക്‌സ്-പള്‍സിന്റെ അടിസ്ഥാനം. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ സ്‌പോക്ക്ഡ് വീല്‍, അലൂമിനിയം സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ്, ഡ്യുവല്‍ പര്‍പ്പസ് ടയര്‍, എന്നിവ എക്‌സ്പള്‍സിന്റെ പ്രധാന പ്രത്യേകതകള്‍.  

220 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 2223 എംഎം നീളവും 850 എംഎം വീതിയും 1257 എംഎം ഉയരവും 1412 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് സ്‌പോക്ക് വീല്‍. മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ 10 സ്റ്റെപ്പ് റൈഡര്‍ അഡ്‍ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍.

ഇതിനൊപ്പം ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഫ്‌ളൈസ്‌ക്രീന്‍, ഉയര്‍ന്ന മഡ്ഗാര്‍ഡ് എന്നിവ ഈ വാഹനത്തിന് ഓഫ് റോഡ് ലുക്ക് നല്‍കുന്നുണ്ട്. ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, കോള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗിയര്‍ ഇന്‍ഡികേറ്റര്‍, ട്രിപ്പ് മീറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍ എന്നീ സൗകര്യങ്ങളുള്ള വലിയ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിലുണ്ട്.

1.11 ലക്ഷം രൂപയാണ് ബൈക്കിന്‍റെ ദില്ലി എക്‌സ്‌ഷോറും വില. ബിഎസ്-4 മോഡലിനെക്കാള്‍ 6000 രൂപയോളം കൂടി.