ഫ്രാങ്ക്ഫര്‍ട്ട്: സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്‍റെ ബെര്‍ലിനിലെ വമ്പന്‍ ഫാക്ടറി നിര്‍മ്മാണത്തിന് വെല്ലുവിളിയായി പാമ്പുകള്‍. ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിനായുള്ള ജിഗാ ഫാക്ടറിയുടെ നിര്‍മ്മാണമാണ് നീണ്ടുപോവുന്നത്. നിര്‍ദ്ദിഷ്ട ഫാക്ടറിയ്ക്കായി കണ്ടെത്തിയ സ്ഥലത്തിലുള്ള ചെറുകാട്ടിലെ പാമ്പുകളാണ് മസ്കിനെ ചുറ്റിക്കുന്നത്. ഈ പ്രദേശങ്ങളിലെ പാമ്പുകളുടെ ശിശിര നിദ്രയ്ക്ക് ഫാക്ടറി നിര്‍മ്മാണം  തടസമാകുമെന്ന് വിശദമാക്കിയാണ് ജര്‍മ്മന്‍ കോടതി ഈ കാട് വെട്ടിത്തെളിക്കുന്നത് തടഞ്ഞത്. 

സ്ഥലത്തെ സാഹചര്യം പരിസ്ഥിതി വകുപ്പുകള്‍ പഠിച്ച ശേഷമേ സ്ഥിതിയില്‍ മാറ്റമുണ്ടാവൂ എന്നാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട്. യൂറോപ്പിലെ ആദ്യ ടെസ്ല ഫാക്ടറി ജര്‍മ്മനിയില്‍ നിര്‍മ്മിക്കുമെന്ന് കഴിഞ്ഞ വര്‍ഷമാണ് ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചത്. 2021 ജൂലൈ 1 ബെര്‍ലിന് പുറത്ത് പ്ലാന്‍റ് പ്രവര്‍ത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. സ്റ്റാര്‍ട്ട് അപ്പ് എന്ന നിലയില്‍ നിന്ന് ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള കാര്‍ നിര്‍മ്മാതാക്കളായി ടെസ്ലയെ 16 വര്‍ഷത്തിനുള്ളിലാണ് മസ്ക് മാറ്റിയെടുത്തത്. 

യൂറോപ്പിലേക്കുള്ള പറിച്ചുനടലിന് ഇനി പാമ്പുകളും മസ്കിനോട് കനിയണം. പ്രാദേശിക ഭരണകൂടമാണ് ടെസ്ലയുടെ നിര്‍മ്മാണ അനുമതി നല്‍കിയത്. എന്നാല്‍ അനുമതി നല്‍കുന്നതിന് മുന്‍പ് പ്രദേശത്തെ പരിസ്ഥിതി സംഘടനകളേയും മറ്റ് വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടന്നിരുന്നില്ലെന്നാണ് വിവരം. എന്‍എബിയു എന്ന പ്രാദേശിക പരിസ്ഥിതി സംഘടനയാണ് ടെസ്ലയുടെ പുതിയ പദ്ധതിക്കെതിരെ എത്തിയത്. സ്മൂത്ത് സ്നേക്ക് എന്നയിനം പാമ്പുകളുടെ ശിശിര നിദ്രയാണ് മരങ്ങള്‍ വെട്ടുന്നത് മൂലം തടസപ്പെടുകയെന്നാണ് പരിസ്ഥിതി സംഘടന ചൂണ്ടിക്കാണിക്കുന്നത്. യൂറോപ്പിലെ വടക്ക്, മധ്യ മേഖലകളില്‍ സാധാരണയായി കാണാറുള്ളത്. മുട്ടകള്‍ കൊണ്ടുനടന്ന് കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഇനം പാമ്പുകളാണ് ഇവ.