Asianet News MalayalamAsianet News Malayalam

പോണ്ടിച്ചേരി രജിസ്ട്രേഷന്‍; ഈ നികുതി ആവാം, ആ നികുതി പറ്റില്ലെന്ന് കോടതി!

പോണ്ടിച്ചേരി ഉള്‍പ്പെടെ കേരളത്തിന് പുറത്ത് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി

High Court New Order About Pondicherry Registration Vehicles
Author
Kochi, First Published Jul 17, 2019, 10:20 AM IST

കൊച്ചി: പോണ്ടിച്ചേരി ഉള്‍പ്പെടെ കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്‍ത വാഹനങ്ങൾ സംസ്ഥാനത്ത് സ്ഥിരമായി ഓടുന്നുണ്ടെങ്കിൽ നികുതി നൽകണമെന്ന് ഹൈക്കോടതി. എന്നാല്‍ ഈ വാഹനങ്ങൾക്ക് കേരളത്തിൽ ഒറ്റത്തവണ നികുതി ചുമത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. 

കേരളത്തിനു പുറത്ത് രജിസ്റ്റർ ചെയ്‍ത വാഹനങ്ങൾക്ക് നികുതി ഈടാക്കാനുള്ള 2018 ലെ നിയമ ഭേദഗതി ശരിവെച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് എസ് വി ഭട്ടിയുടെ ഉത്തരവ്. ഒരുവർഷം മുപ്പതുദിവസത്തിലധികം വാഹനം തുടർച്ചയായി കേരളത്തിൽ ഓടിച്ചാൽ ആജീവനാന്തനികുതിയുടെ പതിനഞ്ചിലൊന്ന് ഈടാക്കാമെന്നാണ് കേരള മോട്ടോർവാഹനനിയമം 3(6) വ്യവസ്ഥചെയ്യുന്നത്. 15 കൊല്ലത്തെ നികുതിയാണ് വാഹനത്തിന്റെ ആജീവനാന്തനികുതിയെന്ന് വിലയിരുത്തിയാണ് ഈ വ്യവസ്ഥ. ഇത് കോടതി ശരിവച്ചു. വാഹനം കേരളത്തിൽ ഓടുന്നില്ലന്ന് ഉറപ്പാക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണന്നും വാഹനം ഇവിടെ ഓടുന്നില്ലന്ന് തെളിയിച്ചാൽ നികുതി ഒടുക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ ഒറ്റത്തവണ നികുതി ഒടുക്കിയില്ലങ്കിൽ രജിസ്ടേഷൻ റദ്ദാക്കുമെന്ന് കാണിച്ച് ആർ ടി ഒ മാർ അയച്ച നോട്ടീസ് കോടതി റദ്ദാക്കി. പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്‍ത വാഹനങ്ങൾക്ക് ഒറ്റത്തവണ  അധിക നികുതി ആവശ്യപ്പെട്ട് ആർ.ടി.ഒമാർ അയച്ച നോട്ടീസ് ചോദ്യം ചെയ്‍ത് എൺപതിലധികം വാഹന ഉടമകൾ സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്. രജിസ്ട്രേഷൻ റദ്ദാക്കാൻ അതു നൽകിയ അധികാരികൾക്ക് മാത്രമേ അവകാശമുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. 

കാരണം കാണിക്കൽ നോട്ടീസ് കിട്ടിയ ഹർജിക്കാരായ വാഹന ഉടമകൾ നാലാഴ്ചയ്ക്കകം ബന്ധപ്പെട്ട അധികാരികൾക്ക് വിശദീകരണം നൽകണം. കേരളത്തിൽ തുടർച്ചയായി 30 ദിവസം ഉപയോഗിച്ചിട്ടില്ലെങ്കിൽ അക്കാര്യം ബോധിപ്പിക്കാം. ഒരു വാഹനത്തിന് രണ്ടിടത്ത് രജിസ്ട്രേഷൻ അനുവദനീയമല്ല. വ്യാജരേഖ ചമച്ചുള്ള തട്ടിപ്പിലൂടെയാണ് വാഹനം കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്‍തിട്ടുള്ളതെങ്കിൽ അക്കാര്യം രേഖകൾ സഹിതം അതത് രജിസ്ട്രേഷൻ അധികാരികളെ അറിയിക്കാം. തിരിച്ചറിയൽ രേഖയിലെ മേൽവിലാസം മാത്രം നോക്കി വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

30 ദിവസംമുതൽ 12 മാസംവരെയുള്ള ഉപയോഗത്തിന് വർഷം 1500 രൂപ അടയ്ക്കണമെന്നായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. അടുത്തിടെ നിയമഭേദഗതിയിലൂടെയാണ് ഇത് ആജീവനാന്തനികുതിയുടെ പതിനഞ്ചിൽ ഒരുഭാഗമാക്കിയത്. ആഡംബരവാഹനങ്ങൾക്ക് വിലയുടെ 20 ശതമാനമാണ് കേരളത്തിൽ ആജീവനാന്തനികുതി.

നികുതി അടയ്ക്കാൻ ആവശ്യപ്പെട്ട് ആർ.ടി.ഒമാർക്ക് നോട്ടീസ് അയക്കാമെന്നും നാല് ആഴ്ചക്കകം നടപടി പുർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. തെളിവെടുപ്പിൽ ഉടമകൾക്ക് വാഹനം ഇവിടെ ഓടുന്നില്ലങ്കിൽ അക്കാര്യം ബോധ്യപ്പെടുത്താം. പോണ്ടിച്ചേരി രജിസ്ട്രേഷൻ വാഹനങ്ങൾ 20 ലക്ഷത്തിൽ അധികം വില വരുന്നതാണങ്കിൽ 15 ശതമാനം നികുതി അടക്കണമെന്നായിരുന്നു ആർ.ടി.ഒമാരുടെ സർക്കുലർ. നികുതി ഒറ്റത്തവണ തീർപ്പാക്കാൻ 2018ലെ ബജറ്റിൽ സർക്കാർ നിർദ്ദേശം അവതരിപ്പിച്ചിരുന്നു. നടൻമാരായ സുരേഷ് ഗോപി, ഫഹദ് ഫാസിൽ ,നടി അമല പോൾ എന്നിവർ കേസുമായി എത്തിയെങ്കിലും പിന്നീട് നികുതിയടച്ച് തർക്കം ഒത്തുതീർപ്പാക്കിയിരുന്നു.

2017 ഒക്ടോബറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍ എല്‍ഡിഎഫ് ജനജാഗ്രതായാത്രയില്‍ നടത്തിയ വിവാദ കാര്‍ യാത്രയോടെയാണ് പോണ്ടിച്ചേരി രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവ ചര്‍ച്ചയാകുന്നത്. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള മിനി കൂപ്പര്‍ ആഢംബര കാറിലായിരുന്നു കോടിയേരിയുടെ വിവാദ യാത്ര.

Follow Us:
Download App:
  • android
  • ios