Tesla : ചെലവ് 100 കോടിയിലധികം, അമ്പരപ്പിക്കും ഈ വമ്പന്‍ വണ്ടി ഫാക്ടറി!
ഈ വമ്പന്‍ വണ്ടി ഫാക്ടറി വീണ്ടും വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് എന്തുകൊണ്ടായിരിക്കും? ഇതാ ഈ ഫാക്ടറിയെപ്പറ്റി ചില കാര്യങ്ങള്‍ അറിയാം

ടെക്‌സാസിലെ ( Texas) ഓസ്റ്റിനില്‍ (Austin), ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ഏറ്റവും പുതിയ ഫാക്ടറിയിൽ അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ല (Tesla) കോടികളുടെ വൻ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. കമ്പനിയുടെ ഫയലിംഗുകൾ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ടെസ്‌ല അതിന്റെ ഏറ്റവും പുതിയ ഫാക്‌ടറിക്കായി കുറഞ്ഞത് 1.06 ബില്യൺ ഡോളർ ചിലവഴിക്കും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത കാലത്താണ് കമ്പനിയുടെ യുഎസിലെ കേന്ദ്രമായ കാലിഫോർണിയയിൽ നിന്ന് ടെക്‌സാസിലേക്ക് ടെസ്‌ല ശ്രദ്ധ മാറ്റിയത്. വരാനിരിക്കുന്ന ഫാക്ടറി അവിടെയാണ് നിർമ്മിക്കുന്നത്. കാലിഫോർണിയ, നെവാഡ, ചൈനയിലെ ഷാങ്ഹായ് എന്നിവിടങ്ങളിൽ ഫാക്ടറികൾ പ്രവർത്തിക്കുന്നത് തുടരുമ്പോഴും അതിന്റെ ആസ്ഥാനം തെക്കൻ സംസ്ഥാനത്തേക്ക് മാറ്റാനുള്ള പദ്ധതികൾ ടെസ്‌ല പ്രഖ്യാപിച്ചിരുന്നു. ടെക്‌സാസിലെ ടെസ്‌ലയുടെ ഈ വമ്പന്‍ ഫാക്ടറി വീണ്ടും വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് എന്തുകൊണ്ടായിരിക്കും? ഇലക്ട്രിക്ക് വാഹന ഭീമനെ സംബന്ധിച്ചിടത്തോളം ഇത് എന്താണ് അർത്ഥമാക്കുന്നത്? ഇതാ ഈ ടെസ്‍ല ഫാക്ടറിയെപ്പറ്റി ചില കാര്യങ്ങള്‍ അറിയാം.
1. ടെസ്‌ല ഗിഗാഫാക്‌ടറി ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി കെട്ടിടമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 1.21 കിലോമീറ്ററോളം നീളം വരും കെട്ടിടത്തിന്. എപ്പോഴും പുനരുപയോഗിക്കാവുന്ന ഊർജ്ജമാണ് മറ്റൊരു പ്രത്യേകത. പ്രാഥമികമായി സൗരോർജ്ജം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. നിലവിലെ ഘടനയ്ക്ക് 1.9 ദശലക്ഷത്തിലധികം ചതുരശ്ര അടി വിസ്‍തീർണ്ണമുണ്ട്. അതിൽ നിരവധി നിലകളിലായി ഏകദേശം 5.3 ദശലക്ഷം ചതുരശ്ര അടി പ്രവർത്തന സ്ഥലമുണ്ട്.
2. ടെസ്‌ല ഫാക്ടറി ട്രാവിസ് കൗണ്ടിയിലാണ് നിർമ്മിക്കുന്നത്. ഇത് ഓസ്റ്റിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ വാഹന ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കല്‍, പെയിന്‍റിംഗ്, കാസ്റ്റിംഗ്, സ്റ്റാമ്പിംഗ്, ബോഡി ഷോപ്പ് സൗകര്യങ്ങൾ തുടങ്ങിയവയുടെ നിർമ്മാണം നടക്കും. ഈ സൌകര്യങ്ങള്‍ ഈ വര്‍ഷം തന്നെ പൂർത്തീകരിക്കാനാണ് പദ്ധതി.
3. ടെക്സാസിലെ ടെസ്‌ല സൗകര്യം അതിന്റെ ആദ്യത്തെ നാല് വർഷത്തെ പ്രവർത്തനത്തിൽ 5,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്‍ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നികത്താനുള്ള ഒഴിവുകള്‍ കമ്പനി ഇതിനകം പരസ്യപ്പെടുത്തിയിട്ടുണ്ട്.
4. ടെക്‌സാസ് ഫാക്ടറിയില്‍ വിവിധ പ്രവർത്തനങ്ങൾക്കായി അത്യാധുനിക സൌകര്യങ്ങളാകും ഒരുങ്ങുക. ടെസ്‍ലയുടെ മോഡൽ 3, മോഡൽ വൈ തുടങ്ങിയ ജനപ്രിയ മോഡലുകളുടെയും വരാനിരിക്കുന്ന സൈബർട്രക്ക്, ടെസ്‌ല സെമിയുടെയും നിർമ്മാണ കേന്ദ്രമായിരിക്കും ഈ ഫാക്ടറി.
5. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ടെസ്‌ലയുടെ ഈ ഫാക്ടറി നിർമ്മിക്കുന്ന സ്ഥലത്തിന് സമീപമുള്ള റിയൽ എസ്റ്റേറ്റ് വിലകൾ അടുത്ത കാലത്തായി കുത്തനെ വർദ്ധിച്ചു. ഈ സൗകര്യം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങള്‍ക്ക് ചുറ്റും ശരാശരി 40 ശതമാനം റിയൽ എസ്റ്റേറ്റ് വില വർദ്ധന ഉണ്ടായതായിട്ടാണ് കണക്കുകള്‍ നല്‍കുന്ന സൂചന.