Asianet News MalayalamAsianet News Malayalam

ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന വിദ്യക്ക് വയസ് 61, ചില്ലിക്കാശുപോലും ലാഭം വാങ്ങാതെ വണ്ടിക്കമ്പനി!

ഈ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത് 1959 -ൽ വോൾവോ എന്ന സ്വീഡിഷ് വാഹനനിർമ്മാണ കമ്പനിയിലെ ഡിസൈൻ എഞ്ചിനീയർ ആയിരുന്ന നീൽസ് ബോലിൻ ആണ്. ആ കണ്ടുപിടുത്തത്തിന് ഈ വർഷം 61 വയസ്സുതികഞ്ഞു. 

History Of Seat Belts In Vehicles
Author
Trivandrum, First Published Feb 5, 2020, 12:14 PM IST

"കാറോടിക്കുന്നവരുടെ ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു ചെറിയ ദൂരമേയുള്ളൂ" എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. ആ അകലം മിക്കപ്പോഴും ആറുസെന്റീമീറ്റർ വീതിയിൽ, കാറിൽ സഞ്ചരിക്കുന്നവരുടെ നെഞ്ചിനു കുറുകെ കിടന്നുന്ന ഒരു പ്ലാസ്റ്റിക് സ്ട്രാപ്പാണ്. അതിന്റെ പേര് സീറ്റ് ബെൽറ്റ് എന്നാണ്.

History Of Seat Belts In Vehicles

ഈ ചിത്രത്തിൽ കാണുന്ന കാറുണ്ടല്ലോ. അത് മുംബൈ പൂനെ ഹൈവേയിലൂടെ ഏകദേശം 80 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു  ഫോക്സ്‌വാഗൺ പോളോ TdI ബ്ലാക്ക് ഹൈലൈൻ മോഡൽ കാറായിരുന്നു. അതിൽ എബിഎസ് ഉണ്ടായിരുന്നു. എയർ ബാഗ്‌സ് ഉണ്ടായിരുന്നു. മഴയത്തുപോലും തെന്നില്ല എന്ന് വാഗ്ദാനം ചെയ്യുന്ന യോക്കോഹാമ എസ് ഡ്രൈവ്സ് ടയർ ആയിരുന്നു അതിൽ. ഒരു കാറിൽ ഉണ്ടാകാവുന്നതിന്റെ പരമാവധി സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും, ആ ഹൈവേയിലെ നിർണായകമായ ഒരു വളവിൽ വെച്ച് ഒരു ട്രക്ക് ആ കാറിന്റെ പിന്നിലിടിച്ചു. അതോടെ അതിന്റെ നിയന്ത്രണം പാടെ നഷ്ടമായി. വളഞ്ഞുപുളഞ്ഞ് പോയ ആ കാർ ചെന്നിടിച്ചത് ഒരു സ്പീഡ് ബ്രേക്കറിന്റെ മുകളിലായിരുന്നു. 

പിന്നെ നടന്നതൊന്നും ഡ്രൈവർക്ക് ഓർമയില്ല. മനസ്സിൽ തെളിയുന്നത് മിന്നിമായുന്ന വെട്ടവും, തുടർച്ചയായി കാതിൽ വന്നു വീണ കുറെ ശബ്ദങ്ങളും മാത്രം. ഡിവൈഡറിൽ തട്ടി മറിഞ്ഞ ആ കാർ നേരെ ചെന്ന് വീണത് കലുങ്കിന്റെ എതിർവശത്തുള്ള ഒരു താഴ്ന്ന പ്രദേശത്തായിരുന്നു. ഡ്രൈവർ സീറ്റുബെൽറ്റ് ധരിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ എയർ ബാഗും പ്രവർത്തിച്ചിരുന്നു. ദേഹത്ത് അവിടവിടെയായി ചില പോറലുകൾ അല്ലാതെ ഒരൊടിവുപോലും അയാൾക്ക് പറ്റിയിരുന്നില്ല. എന്നാൽ ആ കാറിന്റെ ചിത്രം മാത്രം കാണുന്ന ആരെങ്കിലും അതിനുള്ളിൽ സഞ്ചരിച്ചിരുന്ന യാത്രക്കാർ ജീവനോടെ അവശേഷിക്കും എന്ന് കരുതുമോ?

History Of Seat Belts In Vehicles

അവിടെയാണ് സീറ്റ് ബെൽറ്റ് എന്ന കണ്ടുപിടുത്തതിന്റെ പ്രസക്തി നമുക്ക് ബോധ്യപ്പെടുന്നത്. ഈ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത് 1959 -ൽ വോൾവോ എന്ന സ്വീഡിഷ് വാഹനനിർമ്മാണ കമ്പനിയിലെ ഡിസൈൻ എഞ്ചിനീയർ ആയിരുന്ന നീൽസ് ബോലിൻ ആണ്. ആ കണ്ടുപിടുത്തത്തിന് ഈ വർഷം 61 വയസ്സുതികഞ്ഞു. ഇന്ന് വർഷാവർഷം അമേരിക്കയിൽ മാത്രം സീറ്റ്ബെൽറ്റ് എന്ന ഒരൊറ്റ സുരക്ഷാ സംവിധാനം കൊണ്ടുമാത്രം പൊലിയാതെ കാക്കപ്പെടുന്നത് പതിനായിരത്തോളം മനുഷ്യ ജീവനാണ്. ലോകമെമ്പാടും നടക്കുന്ന പല ട്രാഫിക് അപകടങ്ങളിലും യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെടുന്നതും അവർക്ക് ഗുരുതരമായ പരിക്കുകൾ പറ്റുന്നതും അവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതുകൊണ്ടു കൂടിയാണ്.

History Of Seat Belts In Vehicles

ആദ്യത്തെ സീറ്റ്ബെൽറ്റ് ഡിസൈൻ പക്ഷേ, നിൽസ് ബോലിന്റെ  ആയിരുന്നില്ല. ആദ്യമായി പുറത്തുവന്ന സീറ്റ്ബെൽറ്റ് ' ടു പോയിന്റ് ലാപ്പ് ബെൽറ്റ് ഡിസൈൻ' ആയിരുന്നു.  വിമാനങ്ങളിലും ഗ്ലൈഡറുകളിലുമാണ് ആദ്യമായി സീറ്റ്ബെൽറ്റ് ഉപയോഗിക്കപ്പെടുന്നത്. ജോർജ് ക്ലേലി എന്ന ശാസ്ത്രജ്ഞനാണ് വിമാനങ്ങൾക്കായി ആദ്യമായി സീറ്റ് ബെൽറ്റ് വികസിപ്പിച്ചെടുക്കുന്നത്. പിന്നീട് 1855 -ൽ എഡ്വേർഡ് ക്ലാഹോൺ അതേ ആശയത്തെ കാറുകളിലേക്കും പകർത്തി. തുടക്കത്തിൽ ലാപ്പ് ബെൽറ്റുകൾ ഉപയോഗിക്കപ്പെട്ടത് റേസ് കാറുകളിൽ ആയിരുന്നു എങ്കിലും, താമസിയാതെ അത് സാധാരണ കാറുകളിലേക്കും വ്യാപിച്ചു. എന്നാൽ അത് ഒരു അപകടമുണ്ടാകുന്ന വേളയിൽ യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പൂർണമായും തടഞ്ഞിരുന്നില്ല എന്നൊരു ന്യൂനത അതിനുണ്ടായിരുന്നു. അരയിൽ മാത്രമാണ് ബെൽറ്റ് ഉള്ളത് എന്നത് മറ്റുള്ള ശരീരഭാഗങ്ങളിൽ പരിക്ക് വർധിപ്പിച്ചു.

History Of Seat Belts In Vehicles

സീറ്റ് ബെൽറ്റുകളുടെ ഉപയോഗത്തിൽ വൻ വിപ്ലവമുണ്ടാകുന്നത് 1958-59 കാലത്താണ്. ആയിടെയാണ് നീൽസ് ബോലിൻ വോൾവോയ്ക്കുവേണ്ടി ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ വികസിപ്പിച്ചെടുക്കുന്നത്. അതാണ് നമ്മൾ ഇന്നുകാണുന്ന തരത്തിലുള്ള സീറ്റ് ബെൽറ്റുകളുടെ പ്രാരംഭ മോഡൽ. ഒരു അപകടമുണ്ടാകുമ്പോൾ പരിക്കേൽക്കുന്നത് തടയണമെങ്കിൽ ശരീരത്തിന്റെ മുകൾ ഭാഗവും കീഴ്ഭാഗവും ഒരുപോലെ കെട്ടി ഉറപ്പിച്ചു വെക്കേണ്ടതുണ്ട് എന്ന് നീൽസ് ബോലിൻ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന, നിമിഷങ്ങൾക്കുള്ളിൽ ധരിച്ചു തീരാവുന്ന, കാറിൽ ഇരുന്നുകൊണ്ട് ഒരു കൈകൊണ്ടുതന്നെ ഇടുകയും അഴിക്കുകയും ചെയ്യാനാകുന്ന ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുക എന്ന ഏറെ സങ്കീർണമായ ഒരു കണ്ടുപിടുത്തമായിരുന്നു ബോലിന് നിർവഹിക്കാനുണ്ടായിരുന്നത്.

ഇപ്പോൾ സീറ്റ്ബെൽറ്റ് ഇത്ര വ്യാപകമായ കാലത്തു പോലും ഒരാളെ അത് ഇടേണ്ടതിന്റെ ആവശ്യത്തെപ്പറ്റി ബോധ്യപ്പെടുത്താൻ എന്തൊരു പാടാണ്. അപ്പോൾ അങ്ങനെ ഒരു സാങ്കേതിക വിദ്യ നിലവിൽ ഇല്ലാതിരുന്ന കാലത്ത് പെട്ടെന്നൊരു സുപ്രഭാതത്തിൽ ആദ്യം അങ്ങനെ ഒരു ആശയം പരിചയപ്പെടുത്തിയ ശേഷം അത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുക എന്നത് എത്ര ശ്രമകരമായ ഒരു ജോലിയാണെന്ന് ആലോചിച്ചു നോക്കൂ. അത്തരത്തിൽ ഒരു സാങ്കേതിക വിദ്യ, ഗവേഷണത്തിലും പരീക്ഷണങ്ങളിലും അതിനു ചെലവിടേണ്ടി വരുന്ന തുക എത്ര വലുതാവും. സീറ്റ്ബെൽറ്റ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാൻ വേണ്ടി അമ്പതുകളിലും അറുപതുകളിലും വോൾവോ വലിയൊരു നിക്ഷേപം തന്നെ മാറ്റിവെച്ചു. നൂറുകണക്കിന് പരീക്ഷണങ്ങൾ നടത്തി. പതിനായിരക്കണക്കിന് അപകടങ്ങളിൽ നിന്ന് ശേഖരിച്ച ഡാറ്റ വിശകലനം ചെയ്ത് അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ഡിസൈനിൽ പരിഷ്‌കാരങ്ങൾ വരുത്തി. തങ്ങളുടെ ഡിസൈൻ എത്രത്തോളം ശാസ്ത്രീയമാക്കാൻ സാധിക്കുമോ അത്രത്തോളം ആക്കി.

History Of Seat Belts In Vehicles

എന്നാൽ, പുതുതായി ഒരു ഉപകരണം, വിശേഷിച്ച് ആളുകളുടെ ചലനങ്ങളെ നിയന്ത്രിച്ചു നിർത്തുന്ന, ആളുകളെ ഒരർത്ഥത്തിൽ ബന്ധനസ്ഥരാക്കുന്ന സുരക്ഷാ സംവിധാനം ഉപയോഗിക്കാൻ അവരെ പ്രേരിപ്പിക്കാൻ ഈ കണക്കും ശാസ്ത്രവും ഒന്നും പോരാ. അതിന് അവർക്ക് തോന്നണം. വൈകാരികമായി അവരെ അതിനു പ്രേരിപ്പിക്കാനാകണം. അത് സാംസ്കാരികമായ ഒരു സമൂല പരിവർത്തനമാണ്. അത് വളരെ പ്രയാസമുള്ള ഒരു കാര്യമാണ്. സ്വീഡൻ എന്ന രാജ്യം അത് വളരെ പതുക്കെ, പതിറ്റാണ്ടുകൾ കൊണ്ടാണെങ്കിലും നേടിയെടുത്തു. 1965 -ൽ സ്വീഡനിലെ കാറോടിക്കുന്നവരിൽ 25  ശതമാനം പേർ മാത്രമാണ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നത് എങ്കിൽ, 1975 ആയപ്പോഴേക്കും അത് 90 % ആയി ഉയർന്നു.

തങ്ങളുടെ ത്രീ പോയിന്റ് സീറ്റ്ബെൽറ്റ് ഡിസൈനിന് ഉടനടി പേറ്റന്റ് സ്വന്തമാക്കിയ വോൾവോയ്ക്ക് വേണമെങ്കിൽ അക്കാര്യത്തിൽ ഒരു 'എക്സ്ക്ലൂസിവിറ്റി' നിലനിർത്താമായിരുന്നു. തങ്ങൾ ഏറെ ചെലവിട്ട്, വർഷങ്ങളോളം നീണ്ട പരീക്ഷണത്തിലൂടെ സ്വന്തമാക്കിയ ആ സാങ്കേതികത തങ്ങൾക്കുമാത്രമായി കാത്തുസൂക്ഷിച്ച്‌, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകൾ എന്ന് മേനി നടിക്കാമായിരുന്നു. എന്നാൽ, വോൾവോ അന്നങ്ങനെ ചെയ്തില്ല. ബോലിന്റെ ആ പേറ്റന്റും ഡിസൈനും അവർ ലോകത്തുള്ള മറ്റെല്ലാ കാർ നിർമാതാക്കളുടെ പങ്കിട്ടു. അങ്ങനെ കാർ യാത്രയെ കൂടുതൽ സുരക്ഷിതമാക്കിയ ആ കണ്ടുപിടുത്തം ലോകത്തെവിടെയും നിർമിക്കപ്പെടുന്ന കാറുകളുടെ ഭാഗമായി മാറി.

History Of Seat Belts In Vehicles

ബോലിന്റെ ഈ കണ്ടുപിടുത്തം കൊണ്ട് ഏറ്റവും ഗുണമുണ്ടായ കൂട്ടർ ഒരുപക്ഷേ ഇൻഷുറൻസ് കമ്പനിക്കാർ ആയിരിക്കും. കാറുകളിൽ സീറ്റ്ബെൽറ്റ് നിർബന്ധമാക്കിയ ശേഷം രക്ഷപ്പെട്ടത് നിരവധി യാത്രക്കാരുടെ ജീവനാണ്. അതുവഴി അവർക്ക് രക്ഷപ്പെട്ടുകിട്ടിയത് ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടപരിഹാര ക്ലെയിമുകളും. സീറ്റ് ബെൽറ്റ് പരോക്ഷമായി ഇൻഷുറൻസ് പ്രീമിയങ്ങൾ കുറക്കുന്നതിനും സഹായകമായിട്ടുണ്ടെന്നു വേണമാ പറയാൻ. കാരണം, പ്രീമിയം എന്നത് ഇൻഷുറൻസ് കമ്പനികളുടെ ലാഭകരമായ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുമല്ലോ. സീറ്റ് ബെൽറ്റ് നിര്ബന്ധമാക്കപ്പെട്ടതിനു ശേഷം, അപകടങ്ങളിൽ മരണം ഏറെ കുറഞ്ഞു. അതോടെ സെറ്റിൽ ചെയ്യേണ്ടി വന്നിരുന്ന ജീവാപായ ക്ലെയിമുകളിലും കാര്യമായ കുറവുണ്ടായി. അത് അവരുടെ പ്രീമിയങ്ങളുടെയും നിരക്ക് കുറച്ചുകൊണ്ടുവന്നു.

ഇക്കാര്യത്തിൽ വോൾവോ വാഹന വിപണിയോട് പ്രവർത്തിച്ച ഔദാര്യത്തിന്റെ വലിപ്പം മനസ്സിലാക്കണമെങ്കിൽ, ചെറിയൊരു കണക്ക് കൂട്ടിനോക്കാം. 1978 ഈ പേറ്റന്റ് മറ്റുള്ള കമ്പനികളുമായി പങ്കുവെക്കുമ്പോൾ വോൾവോയുടെ അറ്റാദായം നൂറുകോടി ഡോളർ ആയിരുന്നു. അന്ന് ഇൻഡസ്ട്രിയിൽ വർഷാവർഷം പുറത്തിറങ്ങിയിരുന്നത് ആകെ നാലുകോടി കാറുകളായിരുന്നു. കാറൊന്നിന് പത്തു ഡോളർ വീതം അന്ന് വോൾവോ ചാർജ് ചെയ്തിരുന്നെങ്കിൽ അന്ന് 40 കോടി ഡോളർ വരുമാനമുണ്ടായേനെ കമ്പനിക്ക്. അതായത് ലാഭം അമ്പത് ശതമാനത്തോളം ഏറിയേനെ എന്ന്. ഇന്ന് ഏകദേശം എട്ടുകോടി കാറുകളാണ് വർഷാവർഷം ലോകത്ത് പുറത്തിറങ്ങുന്നത്. ഇന്ന് കാറൊന്നിന് അതിനു കണക്കാക്കി റോയൽറ്റി കിട്ടിയിരുന്നെങ്കിലോ?

History Of Seat Belts In Vehicles

1984 -ലാണ് അമേരിക്ക സീറ്റ് ബെൽറ്റ് വാഹനസുരക്ഷയുടെ ഭാഗമാക്കുന്നത്. 1994 -ലാണ് ഇന്ത്യയിൽ സീറ്റ്ബെൽറ്റ് നിയമപ്രകാരം നിർബന്ധമാക്കപ്പെടുന്നത്‌. ഡയാനാ രാജകുമാരി തന്റെ അന്ത്യയാത്രയിൽ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. ധരിച്ചിരുന്നെങ്കിൽ ഒരു പക്ഷേ മരിക്കുമായിരുന്നില്ല എന്നും. അതുപോലെ എത്രയോ പേർ. കുറഞ്ഞ സ്പീഡിൽ കാറോടിക്കുമ്പോൾ, കുറഞ്ഞ ദൂരത്തേക്ക് പോകുമ്പോൾ ഒന്നും സീറ്റ് ബെൽറ്റ് വേണ്ട എന്ന് കരുതുന്നവരുണ്ട്. ഡ്രൈവർ മാത്രം ധരിച്ചാൽ മതി എന്ന് കരുതുന്നവരും കുറവല്ല. നിർബന്ധിക്കാൻ മടിച്ച് മറ്റുള്ളവർ സീറ്റ്ബെൽറ്റ് ധരിച്ചില്ലെങ്കിലും കാറോടിക്കാൻ തയ്യാറാകുന്നവരുണ്ട്. നിങ്ങൾ സഞ്ചരിക്കുന്ന കാർ ഒരു അപകടത്തിൽ പെടാനുള്ള സാധ്യത എത്രയോ കുറവായിരിക്കാം. എന്നാൽ, അങ്ങനെ സംഭവിച്ചാൽ, നിങ്ങൾ മരിക്കാനുള്ള സാധ്യത 50 ശതമാനത്തോളമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പ്രാണന്റെ കാര്യത്തിൽ എത്രത്തോളം റിസ്കെടുക്കാൻ നിങ്ങൾ തയ്യാറാണ്. അതാണ്, അതുമാത്രമാണ് ഇനി അവശേഷിക്കുന്ന ഒരേയൊരു ചോദ്യം. 

History Of Seat Belts In Vehicles

Follow Us:
Download App:
  • android
  • ios