അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിന്‍റെ (ജിഎം)  കീഴിലുള്ള ഓസ്‌ട്രേലിയന്‍ വാഹന ബ്രാന്‍ഡായ ഹോള്‍ഡന്‍ ബ്രാന്‍ഡ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം അവസാനത്തോടെ ഹോള്‍ഡന്‍ ബ്രാന്‍ഡിനെ അവസാനിപ്പിക്കാന്‍ മാതൃ കമ്പനിയായ ജനറല്‍ മോട്ടോഴ്‌സ് (ജിഎം) തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

പതിറ്റാണ്ടുകളായി ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് കാര്‍ വിപണികളില്‍ ആധിപത്യം പുലര്‍ത്തുന്ന ബ്രാന്‍ഡാണ് ഹോള്‍ഡന്‍. 164 വര്‍ഷത്തെ പഴക്കമുണ്ട് ഈ കമ്പനിക്ക്. 1856 ല്‍ മെല്‍ബണിലാണ് കമ്പനി സ്ഥാപിച്ചത്. 1931 ല്‍ ജനറല്‍ മോട്ടോഴ്‌സിന്റെ കൈകളിലെത്തി. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കമ്പനിയുടെ വിപണി വിഹിതം കുത്തനെ ഇടിയുന്നതിനാണ് സാക്ഷ്യം വഹിക്കുന്നത്. വലിയ നഷ്ടം രേഖപ്പെടുത്താന്‍ തുടങ്ങുകയും ചെയ്തു. 2019 ല്‍ ഓസ്‌ട്രേലിയന്‍ വിപണിയില്‍ 60,751 യൂണിറ്റ് ഹോള്‍ഡന്‍ കാറുകള്‍ മാത്രമാണ് വിറ്റത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 32 ശതമാനത്തിന്റെ ഇടിവ്. വില്‍പ്പന പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കൂപ്പും കുത്തി. 

ഓസ്‌ട്രേലിയയില്‍ ഹോള്‍ഡന്‍ ബ്രാന്‍ഡ് കാറുകള്‍ നിര്‍മിക്കുന്നത് 2017 ല്‍ ജനറല്‍ മോട്ടോഴ്‌സ് അവസാനിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് ഓപല്‍, ജിഎം മോഡലുകള്‍ ഇറക്കുമതി ചെയ്തും റീബാഡ്‍ജും ചെയ്തും വില്‍ക്കുകയായിരുന്നു. 

ഹോള്‍ഡന്‍ ബ്രാന്‍ഡ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനോടൊപ്പം, തായ്‌ലന്‍ഡിലെ ഫാക്റ്ററി ചൈനീസ് കാര്‍ നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന് വില്‍ക്കുമെന്നും ജനറല്‍ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. തായ്‌ലന്‍ഡില്‍നിന്ന് ഷെവര്‍ലെ ബ്രാന്‍ഡ് പിന്‍മാറുകയും ചെയ്യും. അന്താരാഷ്ടതലത്തിലെ പ്രവര്‍ത്തനങ്ങള്‍ പുന:സംഘടിപ്പിക്കുകയാണെന്ന് ജനറല്‍ മോട്ടോഴ്‌സ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മേരി ബാറ വ്യക്തമാക്കി. തെക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ദക്ഷിണ കൊറിയ എന്നീ പ്രധാന വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജനറല്‍ മോട്ടോഴ്‌സിന്റെ തീരുമാനം.

എന്തായാലും ഹോള്‍ഡന്‍ ബ്രാന്‍ഡിന് തിരശ്ശീല വീഴുന്നതോടെ ഓസ്‌ട്രേലിയയില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.