ആഗസ്റ്റ് മാസം ഹോണ്ടയുടെ മൊത്തം വില്‍പ്പന 4,30,683 യൂണിറ്റായി, ഇതില്‍ 4,01,469 ആഭ്യന്തര വില്‍പ്പനയും 29,214 കയറ്റുമതിയും ഉള്‍പ്പെടുന്നു. 

കൊച്ചി: 2021 ആഗസ്റ്റില്‍ ഹോണ്ട ഇരുചക്രവാഹനങ്ങളുടെ ഡിമാന്‍ഡില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയതായി ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ടൂവീലേഴ്‍സ് ഇന്ത്യ. ആഗസ്റ്റ് മാസം ഹോണ്ടയുടെ മൊത്തം വില്‍പ്പന 4,30,683 യൂണിറ്റായി, ഇതില്‍ 4,01,469 ആഭ്യന്തര വില്‍പ്പനയും 29,214 കയറ്റുമതിയും ഉള്‍പ്പെടുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സ്ഥിരത വീണ്ടെടുത്തതും ഉത്സവ സീസണ്‍ ആരംഭിച്ചതുമാണ് കാരണമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 18% വളര്‍ച്ചയോടെ ഹോണ്ടയുടെ ആഭ്യന്തര വില്‍പ്പന 4 ലക്ഷം മറികടന്നു. കഴിഞ്ഞ മാസം മൊത്തം വില്‍പ്പന 384,920 യൂണിറ്റായിരുന്നു, ഇതില്‍ ആഭ്യന്തര വില്‍പ്പന 340,420 യൂണിറ്റും, 44,500 കയറ്റുമതിയും ഉള്‍പ്പെടുന്നു.

ആഗസ്റ്റ് മാസം രാജ്യത്ത് ഉത്സവകാലം ആരംഭിച്ചതോടെ,കൂടുതല്‍ ഉപഭോക്തൃ അന്വേഷണങ്ങളും, വില്‍പ്പനയും നടന്നു. വരും മാസങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമാണ്. കൂടാതെ,അടുത്തിടെ അവതരിപ്പിച്ച മോട്ടോര്‍സൈക്കിള്‍ സിബി200എക്‌സിന്റെ ഡെലിവറികള്‍ സെപ്റ്റംബറില്‍ ആരംഭിക്കും, ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ, സെയില്‍സ് & മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona