Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ ആദ്യ വെര്‍ച്വല്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ഷോറൂം തുറന്ന് ഹോണ്ട

ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സമ്പര്‍ക്കരഹിത ഇടപഴകലിനും മുന്‍ഗണന നല്‍കിക്കൊണ്ട് ഡിജിറ്റല്‍ സമ്പര്‍ക്ക സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോണ്ട ബിഗ്‌വിങ് വെര്‍ച്വല്‍ ഷോറൂം ആരംഭിച്ച് ഹോണ്ട

Honda 2Wheelers Launches 1st Virtual Showroom in Indian Premium Motorcycle Category
Author
Kochi, First Published Sep 7, 2021, 8:39 PM IST

കൊച്ചി : ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട ടൂവീലേഴ്‌സ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സമ്പര്‍ക്കരഹിത ഇടപഴകലിനും മുന്‍ഗണന നല്‍കിക്കൊണ്ട് ഡിജിറ്റല്‍ സമ്പര്‍ക്ക സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോണ്ട ബിഗ്‌വിങ് വെര്‍ച്വല്‍ ഷോറൂം ആരംഭിച്ചു. വെര്‍ച്വല്‍ റിയാല്‍റ്റി സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോം ഉപയോക്താക്കള്‍ക്ക് വീട്ടിലിരുന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ശ്രേണി, റൈഡിങ് ഗിയര്‍, ആക്‌സസറികള്‍ എന്നിവയുടെ ചെറിയചെറിയ കാര്യങ്ങള്‍ പോലും സൂക്ഷ്മവും വിശദവുമായി മനസിലാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നിലവില്‍ ഹോണ്ട  ഹൈനസ് സിബി350യുടെ മുഴുവന്‍ സവിശേഷതകളും ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. എല്ലാ പ്രീമിയം മോഡലുകളുടെയും വിവരങ്ങള്‍ വൈകാതെ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്തുകൊണ്ടുതന്നെ അവരുടെ കൂടുതല്‍ അടുത്തേയ്ക്ക് തങ്ങളുടെ ഉല്‍പന്ന നിര എത്തിക്കുക എന്നതാണ് ഈ വെര്‍ച്വല്‍ ഷോറൂമിലൂടെ ലക്ഷ്യമിടുന്നത്. ഹോണ്ട ബിഗ്‌വിങിന് കീഴിലുള്ള പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണി സമ്പൂര്‍ണമായി ലഭ്യമാക്കുന്ന ഈ പ്ലാറ്റ്‌ഫോം തീര്‍ച്ചയായും തങ്ങളുടെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കും, ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ യാദവീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ഷോറൂമില്‍ പോയി വാഹനം വാങ്ങുന്നതിന് സമാനമായ അനുഭവം വാഗ്ദാനം ചെയ്യുന്ന ഈ വെര്‍ച്വല്‍ ഷോറൂം വാഹനങ്ങളുടെയും മറ്റ് ഉല്‍പന്നങ്ങളുടെയും 360 ഡിഗ്രി കാഴ്ചയും വെര്‍ച്വല്‍ ചാറ്റ് സംവിധാനവും എളുപ്പത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള സൗകര്യവും ലഭ്യമാക്കുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ താമസസ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ സൗകര്യപ്രദമായ ഡീലര്‍ഷിപ്പ് തെരഞ്ഞെടുക്കാനും ഹോണ്ട ടൂവീലര്‍ ഇഷ്ടാനുസൃതമാക്കാനും ഈ പ്ലാറ്റ്‌ഫോമില്‍ സൗകര്യമുണ്ടെന്നും കമ്പനി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios