ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച് എം എസ് ഐ)യുടെ രാജ്യത്തെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് ആക്ടിവ. രാജ്യത്തെ ഏറ്റവും മികച്ച വില്‍പ്പനയുള്ള സ്‌കൂട്ടറായ ആക്ടിവയുടെ ഓള്‍ ഇലക്ട്രിക് പതിപ്പിനെ ഹോണ്ട പുറത്തിറക്കിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തള്ളിയിരിക്കുകയാണ് ഇപ്പോള്‍ ഹോണ്ട. ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ആക്ടിവയുടെ ഇലക്ട്രിക് മോഡല്‍ എന്ന പരിപാടിയില്‍ നിന്ന് കമ്പനി പിറകോട്ടു പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാറ്ററി സിസ്റ്റങ്ങളുടെ വില നിര്‍ണയം കുറയുകയും ഇന്‍ഫ്രാസ്ട്രക്ചര്‍ ചാര്‍ജ് ചെയ്യുന്നത് കൂടുതല്‍ കാര്യക്ഷമമാവുകയും ചെയ്യുന്നതുവരെ കാത്തിരിക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. എന്നിരുന്നാലും ഉയര്‍ന്ന ഇലക്ട്രിക് ഇരുചക്രവാഹന സാങ്കേതികവിദ്യകള്‍ കമ്പനി പരീക്ഷിച്ചേക്കാം. അതായത് അന്താരാഷ്ട്ര വിപണികളില്‍ ലഭ്യമായ PCX ഇലക്ട്രിക്കിനെ ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവന്നേക്കാമെന്ന് ചുരുക്കം. ജപ്പാനില്‍ ഒരു ലീസിംഗ് പദ്ധതിയിലൂടെ മാത്രമേ ഇത് ലഭ്യമാകൂ. ഹീറോ ഇലക്ട്രിക്, ആംപിയര്‍ വെഹിക്കിള്‍സ്, ഓഖീനാവ സ്‌കൂട്ടറുകളാണ് നിലവില്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയിലെ താരങ്ങള്‍.

അതേസമയം 2020 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകള്‍ അനുസരിച്ച് ഹോണ്ട ആക്ടിവയുടെ ജനപ്രിയത ഇടിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ മാസത്തില്‍ കമ്പനിക്ക് 51.21 ശതമാനം വില്‍പ്പന ഇടിവ് സംഭവിച്ചു എന്ന് കമ്പനിയുടെ വില്‍പ്പന കണക്കുകളെ ഉദ്ദരിച്ച് റഷ് ലൈന്‍, ഗാഡി വാഡി തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ഇരുചക്രവാഹനങ്ങളില്‍ ഒന്നാം സ്ഥാനത്തു നിന്നും ആക്ടിവ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നും റിപ്പോര്‍ട്ടുകളുണ്ട്. 2020 ജൂലൈ മാസത്തെ കണക്കുകള്‍ അനുസരിച്ച് ഒന്നും രണ്ടു സ്ഥാനങ്ങളില്‍ ഹീറോ സ്‌പ്ലെന്‍ഡര്‍, ഹീറോ എച്ച് എഫ് എന്നീ മോഡലുകളാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ആക്ടിവ ആയിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍ സ്‌കൂട്ടര്‍ വില്‍പ്പനയില്‍ ഇപ്പോഴും ആക്ടിവ തന്നെയാണ് ഒന്നാമത്. ടിവിഎസ് ജൂപ്പിറ്റര്‍, ഹോണ്ട ഡിയോ തുടങ്ങിയവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

അതേസമയം വില്‍പ്പന ഇടിഞ്ഞെങ്കിലും ആക്ടിവ തന്നെയാണ് ഹോണ്ടയുടെ ഇന്ത്യയിലെ ആകെ വില്‍പ്പനയെ തുണച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2001ല്‍ ആണ് ഗീയര്‍ രഹിത സ്‌കൂട്ടറായ ആക്ടീവയെ എച്ച് എം എസ് ഐ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. വമ്പന്‍ ജനപ്രീതി വളരെ എളുപ്പമാണ് വാഹനം നേടിയെതുട്ടത്. 2020 ജനുവരിയില്‍ ആണ് കമ്പനി ആക്ടിവ 6ജിയെ വിപണിയിലെത്തിച്ചത്. നിരവധി പരിഷ്‌കാരങ്ങളോടെയാണ് ആക്ടിവ 6ജി എത്തുന്നത്.