ജനപ്രിയ സ്‌കൂട്ടറായ ആക്ടീവയുടെ 125 സിസി, 6 ജി ബിഎസ്6 മോഡലുകളുടെ വില അല്‍പ്പം ഉയര്‍ത്തി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട. 68,042 രൂപ മുതല്‍ 75,042 രൂപ വരെയാണ് ആക്ടീവ 125-ന്റെ പുതിയ എക്‌സ്‌ഷോറൂം വില. ഈ സ്‌കൂട്ടറിന്റെ മൂന്ന് വേരിയന്റിനും 552 രൂപ വരെയാണ് വില ഉയര്‍ത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

2019 സെപ്റ്റംബറിൽ തന്നെ BS6 ആക്ടിവ 125-നെ ഹോണ്ട വിപണിയിലെത്തിച്ചിരുന്നു. കാർബുറേറ്ററിനു പകരം ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്ത് പരിഷ്കരിച്ച പുത്തൻ ആക്ടിവ 125-ലെ എൻജിൻ 6,500 ആർപിഎമ്മിൽ 8.1 ബിഎച്പി പവറും, 5000 അർപിഎമ്മിൽ 10.3 എൻഎം ടോർക്കും നിർമ്മിക്കും. ഇന്ത്യയിലെ തന്നെ ആദ്യത്തെ ബിഎസ് 6 ഇരുചക്ര വാഹനമാണ് ആക്ടീവ 125.

ഡ്രം, അലോയി ആന്‍ഡ് ഡിസ്‌ക് എന്നീ രണ്ട് ഓപ്ഷനുകളാണ് ആക്ടീവ 125-നുള്ളത്. ബിഎസ്-6 എന്‍ജിനിലേക്ക് മാറിയ ഹോണ്ടയുടെ ആദ്യ സ്‌കൂട്ടറും ആക്ടീവ 125 ആയിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ പുതിയ എന്‍ജിനൊപ്പം ലുക്കിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ചത്.

വലിയ ഗ്രൗണ്ട് ക്ലിയറന്‍സും ഫ്‌ളോര്‍ സ്‌പേസും വലിയ സീറ്റും നല്‍കുന്ന പുതിയ ഫ്രെയിമിലാണ് ആക്ടീവ 125 ഒരുങ്ങിയിരിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി പൊസിഷന്‍ ലൈറ്റ്, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മെറ്റല്‍ ബോഡി, സൈഡ് സ്റ്റാന്‍ഡ് എന്‍ജിന്‍ കട്ട് ഓഫ് എന്നീ സംവിധാനങ്ങളും ഇതിലുണ്ട്.

ആക്ടീവ 125 അലോയി വീല്‍ മോഡലില്‍ ഡിസ്‌ക് ബ്രേക്കും അടിസ്ഥാന മോഡലിലില്‍ ഡ്രം ബ്രേക്കിനൊപ്പം കോംബി ബ്രേക്കിങ്ങ് സംവിധാനവും സുരക്ഷയൊരുക്കും. ടിവിഎസ് എന്‍ടോര്‍ക്ക്, സുസുക്കി ആക്‌സസ്, ഹീറോ ഡെസ്റ്റിനി തുടങ്ങിയ സ്‌കൂട്ടറുകളുമായാണ് ആക്ടീവ 125 നിരത്തുകളില്‍ ഏറ്റുമുട്ടുക.