നടപ്പുസാമ്പത്തിക വര്‍ഷം ആദ്യ പകുതിയിലെ ഇരുചക്ര വില്‍പനയില്‍ ഒന്നാമനായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ആക്ടീവ. ഏപ്രില്‍ മുതല്‍ സെപ്‍തബര്‍ വരെയുള്ള കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 14 ലക്ഷത്തോളം (13,93,256) അക്ടീവ യൂണിറ്റാണ് ഹോണ്ട വിറ്റഴിച്ചത്.  അതായത് പ്രതിദിനം  ശരാശരി  7,740 യൂണിറ്റ് എന്നും ഓരോ മിനിറ്റിലും അഞ്ച് പുതിയ ഉപഭോക്താക്കള്‍ ആക്ടീവ സ്വന്തമാക്കിയെന്നും കണക്കുകള്‍. 

നിലവില്‍ രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹന വിപണിയില്‍ 14 ശതമാനവും ആക്ടീവയ്ക്കാണ്. സ്‌കൂട്ടര്‍ വിപണിയിലേക്ക് വരുമ്പോള്‍ 56 ശതമാനം വിഹിതവും ആക്ടീവയ്ക്കാണെന്ന് ഹോണ്ട അവകാശപ്പെടുന്നു.  ആക്ടീവ ഐ, ആക്ടീവ 5G, ആക്ടീവ 125 എന്നീ വകഭേദങ്ങളിലാണ് ആക്ടീവ സ്‌കൂട്ടര്‍ വിപണിയിലുള്ളത്. 

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രകടനത്തിന്‍റെ മാറ്റ് അല്‍പ്പം കുറയും. 22 ശതമാനനത്തോളമാണ് വില്‍പ്പനയിലെ ഇടിവ്. 2018 – 19ന്റെ  ആദ്യ പകുതിയിൽ 17,86,687 ആക്ടീവകളെ വിറ്റിരുന്നു. ഇന്ത്യൻ വാഹന വിപണിയിലെ പ്രതിസന്ധിയുടെ ആഴം വെളിവാക്കുന്നതാണ് രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള ആക്ടീവയ്ക്കു നേരിട്ട കനത്ത ഇടിവ്.‌

2001-ലാണ് ആദ്യ ആക്ടീവ വിപണിയിലെത്തുന്നത്.  വാഹനത്തിന്‍റെ 2.20 കോടി യൂണിറ്റുകള്‍ ഇതുവരെ ഹോണ്ട വിറ്റഴിച്ചിട്ടുണ്ട്.  മേയ് അവസാനവാരത്തോടെ ആക്ടീവ ഫൈവ് ജി ലിമിറ്റഡ് എഡീഷൻ നിരത്തിലെത്തിയിരുന്നു. തുടര്‍ന്ന് ബി എസ് ആറ് നിലവാരത്തോടെ പുതിയ ‘ആക്ടീവ 125’ഉം കഴിഞ്ഞമാസം അവതരിപ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ്, അലോയി, ഡീലക്‌സ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലാണ്  ആക്ടീവ 125 ബിഎസ് 6 ലഭിക്കുക. യഥാക്രമം 67,490 രൂപ, 70,900 രൂപ, 74,490 രൂപ എന്നിങ്ങനെയാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില. റെബല്‍ റെഡ് മെറ്റാലിക്, മിഡ്നൈറ്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക്, പേള്‍ പ്രിഷ്യസ് വൈറ്റ് എന്നിങ്ങനെ നാലു നിറങ്ങളില്‍ ഇവ ലഭിക്കും.