Asianet News MalayalamAsianet News Malayalam

സൂപ്പര്‍ ഹിറ്റായി അമേസ്, പിന്നിട്ടത് നാലുലക്ഷമെന്ന നാഴികക്കല്ല്!

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇന്ത്യയിലെ ജനപ്രിയ കോംപാക്ട് സെഡാന്‍ അമേസിന്റെ നാല് ലക്ഷം യൂണിറ്റുകള്‍
നിരത്തിലെത്തിച്ചെന്ന് കമ്പനി. 

Honda Amaze crosses milestone of 4 lakh in sales
Author
Mumbai, First Published Aug 17, 2020, 10:13 AM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇന്ത്യയിലെ ജനപ്രിയ കോംപാക്ട് സെഡാന്‍ അമേസിന്റെ നാല് ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ചെന്ന് കമ്പനി. 2013-ല്‍ എത്തിയ ഈ വാഹനം ഏഴ് വര്‍ഷം കൊണ്ടാണ് ഈ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. 2013-ല്‍ എത്തിയ അമേസിന്‍റെ രണ്ടാം തലമുറ 2018ലാണ് എത്തുന്നത്. ഈ മോഡലാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്. കോംപാക്ട് സെഡാന്‍ ശ്രേണിലെ മികച്ച വില്‍പ്പനയുള്ള മോഡലിനൊപ്പം, ഹോണ്ടയുടെ ടോപ്പ് സെല്ലിങ്ങ് കാറുകളുടെ പട്ടികയിലേക്കും അമേസ് എത്തിയിട്ടുണ്ട്.

2013 ഏപ്രിലില്‍ അവതരിപ്പിച്ച ശേഷം 2018 മാര്‍ച്ച് വരെ ഈ മോഡലിന്റെ 2.6 ലക്ഷം യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചെന്നാണ് കണക്കുകള്‍. തുടര്‍ന്ന് 2018 മേയ് മാസത്തില്‍ അവതരിപ്പിച്ച രണ്ടാം തലമുറയുടെ 1.4 ലക്ഷം യൂണിറ്റുകളും ഇതുവരെ വിറ്റഴിച്ചുവെന്ന് കമ്പനി പറയുന്നു. ഇതിലെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് മികച്ച വില്‍പ്പന. അമേസ് വിൽപനയിൽ 44 ശതമാനത്തോളം വൻനഗരങ്ങളുടെ സംഭാവനയാണെന്നാണു ഹോണ്ടയുടെ കണക്ക്. അവശേഷിക്കുന്ന 56% രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിൽ നിന്നു ലഭിച്ചതാണ്. ഒപ്പം അമേയ്സിന്റെ ഓട്ടമാറ്റിക് പതിപ്പിനോടുള്ള പ്രിയമേറുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആദ്യ തലമുറ അമേയ്സ് വിൽപനയിൽ 10 ശതമാനത്തിൽ താഴെ മാത്രമായിരുന്നു സി വി ടി പതിപ്പിന്റെ വിഹിതം. എന്നാൽ പുതിയ മോഡലിന്റെ വിൽപനയിൽ 20 ശതമാനത്തോളം ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള കാറുകളാണ്. 

എച്ച് സി ഐ എല്ലിനെ സംബന്ധിച്ചിടത്തോളം തകർപ്പൻ വിജയം കൈവരിച്ച മോഡലാണ് അമേയ്സ് എന്നു കമ്പനി സീനിയർ വൈസ് പ്രസിഡന്റും വിപണന, വിൽപ്പന വിഭാഗം ഡയറക്ടറുമായ രാജേഷ് ഗോയൽ അഭിപ്രായപ്പെട്ടു. എച്ച് സി ഐ എല്ലിന്റെ ബിസിനസിലെ നെടുംതൂണാണ് അമേയ്സ്. ഉപയോക്താക്കളുടെ പ്രതീക്ഷകളെ മറികടക്കാൻ പോന്ന സൗകര്യങ്ങളും സംവിധാനങ്ങളുമായെത്തുന്ന, തികച്ചും സമകാലിക സെഡാനാണ് അമേയ്സ് എന്നും അദ്ദേഹം അവകാശപ്പെട്ടു. 

2020 ഫെബ്രുവരിയിലാണ് വാഹനത്തിന്‍റെ ബിഎസ്6 പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. 6.09 ലക്ഷം മുതല്‍ 9.95 ലക്ഷം രൂപ വരെയാണ് ബിഎസ്6 വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില. പഴയ പതിപ്പില്‍ നിന്നും 50,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പില്‍ ഉണ്ടായിരിക്കുന്നത്. 

ബിഎസ് 6 പാലിച്ചപ്പോഴും വാഹനത്തിന്‍റെ എന്‍ജിന്‍ സ്‌പെസിഫിക്കേഷനുകളില്‍ മാറ്റം വന്നില്ല. 1.2 ലിറ്റര്‍ ഐ-വിടെക് പെട്രോള്‍, 1.5 ലിറ്റര്‍ ഐ-ഡിടെക് ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. 5 സ്പീഡ് മാന്വല്‍, സിവിടി എന്നിവ രണ്ട് എന്‍ജിനുകളുടെയും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ്. പെട്രോള്‍ എന്‍ജിന്‍ 89 ബിഎച്ച്പി, 110 എന്‍എം ഉല്‍പ്പാദിപ്പിക്കും. മാന്വല്‍ ട്രാന്‍സ്മിഷനുമായി ചേര്‍ത്തുവെച്ച ഡീസല്‍ എന്‍ജിന്‍ 99 ബിഎച്ച്പി, 200 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. സിവിടി ഘടിപ്പിക്കുമ്പോള്‍ 79 ബിഎച്ച്പി, 160 എന്‍എം ഉല്‍പ്പാദിപ്പിക്കും.

ഡീസല്‍- CVT വകഭേദത്തിന് 79 bhp കരുത്തും 160 Nm torque ഉം മാത്രമേ ഉത്പാദിപ്പിക്കുകയുള്ളു. ഡീസല്‍-CVT കോംബോ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് ഹോണ്ട അമേസെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഞ്ചിന്‍ നവീകരിച്ചതിനൊപ്പം വാഹനത്തിന്റെ മൈലേജിലും മാറ്റങ്ങള്‍ വന്നതായി ARAI സ്ഥിരീകരിച്ചു. ബിഎസ് IV പെട്രോള്‍ മാനുവല്‍ പതിപ്പില്‍ 19.5 കിലോമീറ്റര്‍ മൈലേജ് ലഭ്യമായിരുന്നെങ്കില്‍ പുതിയ എഞ്ചിനില്‍ 18.6 കിലോമീറ്റര്‍ മാത്രമേ ലഭിക്കുകയുള്ളു.

എന്നാല്‍ CVT ഗിയര്‍ബോക്‌സില്‍ 19 കിലോമീറ്ററില്‍ നിന്നും 18.3 കിലോമീറ്ററായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഎസ് IV പതിപ്പില്‍ 27.4 കിലോമീറ്റര്‍ ലഭ്യമായിരുന്നെങ്കില്‍ ബിഎസ് VI ഡീസല്‍ മാനുവല്‍ പതിപ്പിന്റെ മൈലേജ് 2.7kpl കുറഞ്ഞു. ബിഎസ് IV CVT ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ 23.8 കിലോമീറ്റര്‍ മൈലേജ് ലഭിച്ചിരുന്നെങ്കില്‍ പുതിയ പതിപ്പില്‍ 2.8kpl ആയി കുറഞ്ഞുവെന്നും പറയുന്നു.

രൂപത്തില്‍ പൂര്‍ണമായും അഴിച്ചുപണി നടത്തിയായിരുന്നു 2018ല്‍ ഹോണ്ട അമേസിന്റെ രണ്ടാം വരവ്. ഒറ്റ നോട്ടത്തില്‍ ഹോണ്ട സിറ്റിയോട് സാദൃശ്യമുള്ള ഗ്രില്‍, വശങ്ങളിലേക്ക് നീളുന്ന ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍ എന്നിവയാണ് മുന്നിലെ പ്രധാന ആകര്‍ഷണം. കൂടുതല്‍ സൗകര്യമുള്ള ഇന്റീരിയറാണ് പുതിയ അമേസിനുള്ളത്. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി, നാവിഗേഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ നല്‍കിയിട്ടുള്ള പുതിയ ഏഴിഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. ഹോണ്ടയുടെ ഐക്കണിക്ക് മോഡല്‍ സിറ്റിയോട് സാമ്യമുള്ള രൂപകല്‍പ്പനയാണ് പ്രധാന മാറ്റങ്ങളിലൊന്ന്. പിന്‍ഭാഗം കൂടുതല്‍ മനോഹരമാക്കി.

പുതിയ കാറിന് ആദ്യ തലമുറയെക്കാള്‍ വലുപ്പം കൂടി. നീളം 5 എംഎം വര്‍ധിച്ച് 3995 എംഎം ആയി. വീതി 15 എംഎം വര്‍ധിച്ച് 1695 എംഎമ്മും വീല്‍ബെയ്‌സ് 65 എംഎം വര്‍ധിച്ച് 2470 എംഎമ്മുമായി മാറി. ബൂട്ട് സ്‌പെയ്‌സ് 400 ലീറ്ററില്‍ നിന്ന് 420 ലീറ്ററായി ഉയര്‍ന്നു.  എന്നാല്‍ ഉയരം അഞ്ച് എംഎം കുറഞ്ഞിട്ടുണ്ട്.

എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഷാര്‍ക്ക് ഫിന്‍ ആന്റീന എന്നിവയാണ് പുത്തന്‍ അമേസിന്റെ പ്രധാന ഫീച്ചറുകള്‍. ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ക്ലൈമറ്റ് കണ്‍ട്രോളിനുള്ള ടച്ച് ബട്ടണുകള്‍, സ്റ്റീയറിംഗിലുള്ള കണ്‍ട്രോളുകള്‍ തുടങ്ങിയവ അകത്തളത്തെ വേറിട്ടതാക്കുന്നു. വലിയ 15 ഇഞ്ച് അലോയ് വീലുകളിലാണ് വാഹനം എത്തുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍,  ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, സെന്‍സറുകളോടുള്ള റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയും വിശേഷങ്ങളാണ്.

കോംപാക്ട് സെഡാന്‍ ശ്രേണിയില്‍ മാരുതി സുസുക്കി ഡിസയര്‍, ഹ്യുണ്ടായി ഓറ, ഫോര്‍ഡ് ആസ്പയര്‍, ടാറ്റ ടിഗോര്‍ എന്നിവരാണ് അമേസിന്റെ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios