കൊവിഡ് 19 നഷ്‍ടപ്പെടുത്തിയ വിപണി തിരിച്ചുപിടിക്കാന്‍ 2020 ഓഗസ്റ്റ് മാസത്തിൽ ഉപഭോക്താക്കൾക്ക് ഓഫറുകളുമായി ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാർ ഇന്ത്യ. 

പ്രത്യേക ക്യാഷ് ഡിസ്‍കൌണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കമ്പനി ഡീലർഷിപ്പുകളിലും ഔദ്യോഗിക ഓൺലൈൻ വിൽപ്പന പോർട്ടലിലും ഈ കിഴിവുകൾ ലഭ്യമാണ്. എന്നാല്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളും ഡീലർഷിപ്പുകളും സ്റ്റോക്ക് ലഭ്യതയും അനുസരിച്ച് കമ്പനിയുടെ ഈ ഓഫറുകളിലും വ്യത്യാസമുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അമേസ് സബ് കോംപാക്‌ട് സെഡാൻ വാങ്ങുന്നവർക്ക് 15,000 രൂപ വിലമതിക്കുന്ന പ്രത്യേക എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, 6,000 രൂപ ലോയൽറ്റി ബോണസ്, 4,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവ ലഭിക്കും. ഇതിനൊപ്പം അഞ്ച് വർഷത്തെ വാറന്റി പാക്കേജും ലഭിക്കും. 

പുതിയ ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിന് 6,000 രൂപ ലോയൽറ്റി ബോണസുമായാണ് 2020 ഓഗസ്റ്റിൽ ഹോണ്ട അവതരിപ്പിക്കുന്നത്. അതോടൊപ്പം 4,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഡീസൽ-സിവിടി ഫോർമാറ്റിൽ വരുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് നിലവിലെ തലമുറ ഹോണ്ട അമേസ്. 

മുൻതലമുറ സിറ്റിയുടെ SV, V വേരിയന്റുകളിൽ 25,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യം, 6,000 രൂപയുടെ ലോയൽറ്റിയും 8,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് ഹോണ്ടയുടെ വാഗ്‍ദാനം. അടുത്തിടെ അവതരിപ്പിച്ച സിറ്റിയുടെ പുത്തൻ മോഡൽ ഇപ്പോൾ സ്വന്തമാക്കുന്നവർക്ക് 6,000 രൂപ ലോയൽറ്റി ബോണസും ലഭിക്കും.

ഹോണ്ട സിവിക് ബിഎസ്6ന് ലോയൽറ്റി, കോർപ്പറേറ്റ് ഡിസ്കൗണ്ടുകൾ കമ്പനി വാഗ്‌ദാനം ചെയ്യുന്നു. പെട്രോൾ, ഡീസൽ വേരിയന്റുകളിൽ യഥാക്രമം ഒരു ലക്ഷം രൂപയും 1.50 ലക്ഷം രൂപയുടെയും ആനുകൂല്യങ്ങളാകും ഈ മോഡലില്‍ ഉപഭോക്താക്കൾക്ക് ലഭിക്കുക.