കടുത്ത മാന്ദ്യത്തിനിടെ പിടിച്ചുനില്‍ക്കാന്‍ പുതിയ ഓഫറുകളുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. വിവിധ മോഡലുകളിലായി 42000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടുകള്‍  ഉള്‍പ്പെടെയുള്ള ഓഫറുകളാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം അവസാനം വരെയാണ് ഓഫറുകള്‍ നിലവിലുള്ളത്. വിവിധ സ്ഥലങ്ങളേയും ഡീലർഷിപ്പുകളേയും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചാണ് ഓഫറുകൾ നൽകി വരുന്നത്. ഈ ഓഫറുകളെക്കുറിച്ച് അറിയാം

ഹോണ്ട സിആർ–വി
കഴിഞ്ഞ വർഷമാണ് ഹോണ്ട പുതിയ സിആർ–വി വിപണിയിലെത്തിച്ചത്.  ഹോണ്ടയുടെ പ്രീമിയം എസ്‌യുവി സിആർ–വിയുടെ വിവിധ മോ‍ഡലുകള്‍ക്ക് നാലു ലക്ഷം രൂപ വരെ ഡിസ്‍കൗണ്ടാണ് ഹോണ്ടയുടെ വാഗ്‍ദാനം. 120 ബിഎച്ച്പി കരുത്തുള്ള 1.6 ലീറ്റർ ഡീസൽ എൻജിനും 154 ബിഎച്ച്പി കരുത്തുള്ള 2 ലീറ്റർ പെട്രോൾ എൻജിനുമാണ് വാഹനത്തിന്‍റെ ഹൃദയം. 

ഹോണ്ട സിവിക്ക്
പ്രീമിയം സെഡാനായ സിവിക്കിന് 2.50 ലക്ഷം രൂപ വരെ ഓഫറാണ് ഹോണ്ട നൽകുന്നത്. വിസിവിടി ഒഴികയുള്ള പെട്രോൾ വകഭേദത്തിന് 25000 രൂപ വരെ എക്സ്ചേഞ്ച് ബോണസും എല്ലാ ഡീസൽ മോഡലുകൾക്ക് 2.50 ലക്ഷം വരെ ക്യാഷ് ഡിസൗണ്ടും പെട്രോൾ വിസിവിടിക്ക് ക്യാഷ് ഡിസ്കൗണ്ടും 2 ലക്ഷം എക്സ്ചേഞ്ച് ബോണസും ലഭിക്കും. 


ഹോണ്ട ബിആർ–വി
വിവിധ വകഭേദങ്ങളിലായി ക്യാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഓഫറുകളും ആക്സറീസും അടക്കം 1.10 ലക്ഷം രൂപ വരെ ഓഫറാണ്ചെറു എസ്‌യുവിയായ ബിആർ–വിക്ക്   ഹോണ്ട നൽകുന്നത്. 

ഹോണ്ട സിറ്റി
ജനപ്രിയ സെഡാന്‍ സിറ്റിയുടെ എല്ലാ വകഭേദങ്ങൾക്കും 32000 രൂപ ക്യാഷ് ഡിസ്കൗണ്ടും 30000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 62000 രൂപ വിലക്കിഴിവ് ലഭിക്കും. 

ഹോണ്ട ഡബ്ല്യുആർ–വി
ഡബ്ല്യുആർ–വിയുടെ എല്ലാ വകഭേദങ്ങൾക്കും 25000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 45000 രൂപയുടെ ഓഫര്‍ ലഭിക്കും. 

ഹോണ്ട അമേയ്‍സ്
കോംപാക്റ്റ് സെ‍ഡാനായ അമേയ്സിന്റെ വിവിധ മോഡലുകൾക്ക് 42000 രൂപവരെയാണ് ഡിസ്കൗണ്ട് നൽകുന്നത്. ചില മോഡലുകൾക്ക് 30000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 12000 രൂപ വിലയുള്ള രണ്ടുവർഷത്തെ അഡീഷണൽ വാറന്റിയും നൽകുമ്പോൾ എക്ചേഞ്ച് ഇല്ലാത്തവർക്ക് അഡീഷണൽ വാറന്റിയുടെ കൂടെ 16000 രൂപയുടെ ഹോണ്ട മെന്റനൻസ് പ്രോഗ്രാമും നൽകുന്നുണ്ട്. അമേയ്സിന്റെ എയ്സ് എഡിഷൻ വിഎക്സ്എംടി/സിവിടി എന്നിവയ്ക്ക് എക്സ്ചേഞ്ച് ബോണസായി 30000 രൂപയും എക്സ്ചേഞ്ച് ഇല്ലാത്തവർക്ക് അഡീഷണൽ വാറന്റിയുടെ കൂടെ 16000 രൂപയുടെ ഹോണ്ട മെന്റനൻസ് പ്രോഗ്രാമും നൽകുന്നുണ്ട്.

ഹോണ്ട ജാസ്
പ്രീമിയം ഹാച്ച്ബാക്കായ ജാസിന് 25000 രൂപ ക്യാഷ് ‍ഡിസ്കൗണ്ടും 25000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 50000 രൂപയുടെ ഓഫറാണ് നൽകുന്നത്.