വാഹനങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട. ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് തങ്ങളുടെ ഏറ്റവും ഡിമാന്റുള്ള സെഡാൻ മോഡലുകളായ അമെയ്‍സിനും സിറ്റിയ്ക്കും ഹോണ്ട ജൂൺ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഭാരത് സ്റ്റേജ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന അമെയ്‌സ് മോഡലിന് 32,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ആണ് ജൂൺ മാസത്തിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ ഓഫർ E, S, V, VX എന്നീ എല്ലാ വേരിയന്റിനും ബാധകമാണ്. മാത്രമല്ല, എക്സ്ചേഞ്ച് ഓഫർ ആയി Rs 20,000 രൂപയും 20,000 രൂപയുടെ രണ്ട് വർഷ എക്‌സ്‌റ്റൻഡഡ്‌ വാറന്റിയും ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട് . എക്സ്ചേഞ്ച് ചെയ്യാൻ കാർ ഇല്ലാത്ത പക്ഷം മൂന്ന് വർഷത്തെ ഹോണ്ട കെയർ മൈന്റെനൻസ് പ്രോഗ്രാം പകുതി വിലയ്ക്ക് തിരഞ്ഞെടുക്കാൻ സാധിക്കും.

ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച ഹോണ്ട അമെയ്‌സിൻ്റെ പെട്രോൾ മോഡലുകൾക്ക് 6.10 ലക്ഷം മുതൽ 8.75 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. 7.56 ലക്ഷം മുതൽ 9.95 ലക്ഷം രൂപ വരെയാണ് അമെയ്‌സ് ഡീസൽ മോഡലുകൾക്ക് എക്‌സ്-ഷോറൂം വില.

25,000 രൂപ ഡിസ്‌കൗണ്ടും 20,000 എക്‌സ്ചേഞ്ച് ബോണസും അടക്കം 45,000 രൂപയുടെ ആനുകൂല്യങ്ങൾ ആണ് ജനപ്രിയ മോഡല്‍ സിറ്റിക്ക് ലഭിക്കുക. സിറ്റിയുടെ അടിസ്ഥാന വേരിയന്റുകളായ SV MT, V MT, V CVT എന്നീ വേരിയന്റുകൾക്ക് ആണ് ഈ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 

VX MT വേരിയന്റിന് 37,000 രൂപ ഡിസ്‌കൗണ്ടും 35,000 എക്‌സ്ചേഞ്ച് ബോണസും അടക്കം 72,000 രൂപയുടെ ആനുകൂല്യങ്ങൾ ആണ് ലഭിക്കുക. ഏറ്റവും അധികം ഡിസ്‌കൗണ്ട് ഉയർന്ന ZX MT, VX CVT, ZX CVT എന്നീ വേരിയന്റുകൾക്കാണ്. 50,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപയുടെ എക്‌സ്ചേഞ്ച് ഓഫറും അടക്കം ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുക.

ബിഎസ്6 ഹോണ്ട സിറ്റി പെട്രോൾ വേരിയന്റുകൾക്ക് 9.91 ലക്ഷം മുതൽ 14.31 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. നാല് വേരിയന്റുകളിൽ മാത്രം വില്പനയിലുള്ള ബിഎസ്6 ഹോണ്ട സിറ്റി ഡീസൽ വേരിയന്റുകൾക്ക് 11.11 ലക്ഷം മുതൽ 14.21 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില.