2020 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പനയില്‍ വമ്പന്‍ നേട്ടവുമായി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സിബി ഷൈന്‍. 1,18,004 യൂണിറ്റ് മോട്ടോര്‍സൈക്കിള്‍ വില്‍ക്കാന്‍ സെപ്റ്റംബറില്‍ ഹോണ്ടയ്ക്ക് സാധിച്ചെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ മോട്ടോര്‍സൈക്കിളായി CB ഷൈന്‍ മാറി.

2019 വര്‍ഷം ഇതേ കാലയളവില്‍ 88,893 യൂണിറ്റ് ബൈക്ക് മാത്രമേ വില്‍ക്കാന്‍ ഹോണ്ടയ്ക്ക് സാധിച്ചിരുന്നുള്ളു. 33 ശതമാനം വളര്‍ച്ച വാര്‍ഷിക വില്‍പ്പനയില്‍ കൈവരിക്കാനും സാധിച്ചു. 125 സിസി മോട്ടോര്‍സൈക്കിള്‍ ഇതുവരെ നേടിയ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന കണക്കാണിതെന്നും കമ്പനി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ CB ഷൈനിന്റെ ബിഎസ്6 കംപ്ലയിന്റ് പതിപ്പിനെ 2020 ഫെബ്രുവരിയിലാണ് ഹോണ്ട വിപണിയിൽ എത്തിച്ചത്. ഡ്രം, ഡിസ്‌ക് എന്നീ രണ്ട് വ്യത്യസ്‍ത വേരിയന്റുകളില്‍ നിലവില്‍ ഹോണ്ട ഷൈന്‍ വിപണിയില്‍ ലഭ്യമാണ്. ഇവയ്ക്ക് യഥാക്രമം 69,415 രൂപ, 74,115 രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. നിലവിലെ ബി‌എസ്4 പതിപ്പിനേക്കാൾ 14 ശതമാനം കൂടുതൽ ഇന്ധനക്ഷമതയുള്ളതാണ് പുതിയ ഷൈൻ എന്ന് ഹോണ്ട അവകാശപ്പെടുന്നു. 

 ബിഎസ്6 ഹോണ്ട ഷൈൻ 125 ന് ഹോണ്ട എൻഹാൻസ്ഡ് സ്മാർട്ട് പവർ (ESP) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 125 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് കരുത്തേകുന്നത്.  7,500 rpm -ല്‍ പരമാവധി 10.7 bhp കരുത്തും 6.000 rpm -ല്‍ 11 Nm ടോർക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ചേർത്തിരിക്കുന്നു. സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത് മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു ഹൈഡ്രോളിക് ടൈപ്പ് റിയര്‍ സെറ്റപ്പുമാണ്.  ഒരു ഡിസി ഹെഡ്‌ലാമ്പ്, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്വിച്ച് , പുതിയ ഡെക്കലുകൾ, പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡിസൈൻ എന്നിവ ഹോണ്ട ഷൈൻ 125ന്റെ ഫീച്ചറുകളാണ്. ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, റെബൽ റെഡ് മെറ്റാലിക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക് എന്നീ നാല് കളർ ഓപ്ഷനുകളിൽ ബിഎസ്-VI ഹോണ്ട ഷൈൻ 125 ലഭിക്കും.