Asianet News MalayalamAsianet News Malayalam

ഒന്നുപോലുമില്ല ബാക്കി, ഈ ബൈക്കിന്‍റെ ചൂടപ്പം പോലുള്ള വില്‍പ്പന കണ്ട് അന്തംവിട്ട് വാഹനലോകം!

 കേവലം രണ്ട് മാസത്തിനുള്ളില്‍ ഈ മോഡലിന്‍റെ മുഴുവന്‍ യൂണിറ്റുകളും വിറ്റുപോയെന്നാണ് പുതിയ റിപ്പോര്‍ട്ട്

Honda CB300R Sold Out For 2019 In India
Author
Mumbai, First Published Apr 22, 2019, 11:51 AM IST

ഈ ഫെബ്രുവരിയിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയുടെ CB300R മോഡല്‍  ഇന്ത്യയില്‍ അവതരിപ്പിച്ചത്. 2.41 ലക്ഷം രൂപയോളമായിരുന്നു നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ഈ മോഡലിന്റെ വില. എന്നാല്‍ കേവലം രണ്ട് മാസത്തിനുള്ളില്‍ ഈ മോഡലിന്‍റെ മുഴുവന്‍ യൂണിറ്റുകളും വിറ്റുപോയെന്നാണ് പുതിയ റിപ്പോര്‍ട്ട്. 

ഹോണ്ട നിയോ സ്‌പോര്‍ട്‌സ് കഫെ കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബൈക്കിന്‍റെ ഡിസൈന്‍. 30.5 ബിഎച്ച്പി കരുത്തും 27.5 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കുന്ന 286 സിസി നാലു സ്ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ഹൃദയം. ലിക്വിഡ് കൂളിംഗ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളും നാലു വാല്‍ ഹെഡും ഇരട്ട ഓവര്‍ഹെഡ് ക്യാംഷാഫ്റ്റുകളും ഈ എഞ്ചിന്റെ പ്രത്യേകതയാണ്. ആറു സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. രൂപത്തിലും ഭാവത്തിലും അക്രമണോത്സുകത നിറഞ്ഞ ഈ ബൈക്കിന് ക്ലാസിക് ലുക്കുമായി വട്ടത്തിലുള്ള എല്‍ഇഡി ഹെഡ്ലാമ്പും വലിയ ഇന്ധനടാങ്കുമുണ്ട്. മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, കാന്‍ഡി ക്രോമോസ്ഫിയര്‍ റെഡ് എന്നീ രണ്ടു നിറങ്ങളില്‍ സിബി300ആര്‍ ലഭ്യമാകും. 

റൗണ്ട് രൂപത്തിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, ഫുള്‍ എല്‍സിഡി ഇന്‍ട്രുമെന്റ് ക്ലസ്റ്റര്‍, വീതിയേറിയ പെട്രോള്‍ ടാങ്ക്, ടു പീസ് സീറ്റ്, സ്‌പോര്‍ട്ടി എക്‌സ്‌ഹോസ്റ്റ് ഡിസൈന്‍ എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍. 17 ഇഞ്ചാണ് ടയര്‍. ഡ്യുവല്‍ ചാനല്‍ എബിഎസില്‍ മുന്നില്‍ 296 എംഎം ഡിസ്‌കും പിന്നില്‍ 220 എന്‍എം ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷ ഒരുക്കുക.  സുഖകരമായ യാത്ര ഉറപ്പാക്കുന്നതിനായി മുന്‍വശത്ത് അപ്‌സൈഡ് ഫോര്‍ക്കുകളും പിന്‍ഭാഗത്ത് ഏഴ് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് സസ്‌പെന്‍ഷനുമാണുള്ളത്. 

500 ബുക്കിങ്ങുകളാണ് ഈ മോഡലിന് ലഭിച്ചിരുന്നത്. ഇന്ത്യയിലെത്തിയ ബൈക്കുകളെല്ലാം വിറ്റുതീര്‍ന്നെങ്കിലും ഹോണ്ട ഇപ്പോഴും ബുക്കിങ്ങ് സ്വീകരിക്കുന്നുണ്ട്. റെട്രോ ഡിസൈനില്‍ ഇന്ത്യയിലെത്തുന്ന ആദ്യ നിയോ കഫേ റേസറായതിനാലാണ് ഡിമാന്റ് ഉയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. കെടിഎം ഡ്യൂക്ക് 390, ബിഎംഡബ്ല്യു ജി 310 ആര്‍, ബജാജ് ഡോമിനാര്‍ 400 തുടങ്ങിയവയാണ് CB300Rന്‍റെ മുഖ്യ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios