ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ടയുടെ ഫുൾ ഫെയേഡ് ബൈക്കായ CBR 250R ഇനിയില്ല . ഏപ്രിലിൽ നിലവിൽ വരുന്ന ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് ബൈക്കിനെ കമ്പനി പരിഷ്‍കരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

2011-ൽ വിപണിയിലെത്തിയ സിബിആർ 250ആർ ഫുൾ ഫെയേഡ് ബൈക്ക് ആരാധകരുടെ ഇഷ്‍ടവാഹനമാണ്. ബിഎസ്3 ആയി ലോഞ്ച് ചെയ്‍തതിന് ശേഷം 2018-ലാണ് വാഹനത്തെ ഹോണ്ട ആദ്യം പരിഷ്‍കരിച്ചത്. 2017 ഏപ്രിലിൽ ബിഎസ്4 മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നപ്പോൾ വിപണിയിൽ നിന്ന് പിൻവാങ്ങിയ വാഹനം 2018 ഓട്ടോ എക്‌സ്‌പോയിലൂട വീണ്ടും തിരികെയെത്തി.

പൂർണമായും എൽഇഡി ഹെഡ്‍ലാംപും, മാർസ് ഓറഞ്ചുള്ള മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, സ്ട്രൈക്കിംഗ് ഗ്രീനുള്ള മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, പേൾ സ്പോർട്സ് യെല്ലോ, സ്പോർട്സ് റെഡ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് 2018 മോഡൽ വില്പനയിലെത്തിയത്. പരിഷ്കരിച്ച ഇൻസ്ട്രുമെന്റ് കൺസോൾ, പുതിയ റേസിംഗ് മഫ്ലർ എന്നിവയായിരുന്നു മറ്റുള്ള കൂട്ടിച്ചേർക്കലുകൾ.

ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്ത 249 സിസി ലിക്വിഡ്-കൂൾഡ് ഫോർ-സ്ട്രോക്ക് എൻജിനാണ് സിബിആർ 250ആർ-ന്‍റെ ഹൃദയം. ആറ് സ്പീഡ് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ച ഈ എൻജിൻ 8,500 ആർപിഎമ്മിൽ 26.15 ബിഎച്ച്പി കരുത്തും 7,000 ആർപിഎമ്മിൽ 22.9 എൻഎം ടോർക്കും ഉല്‍പ്പാദിപ്പിക്കും. 

മുന്നില്‍ ടെലിസ്‌കോപ്പിക് സസ്‌പെൻഷനും പിന്നില്‍ പ്രോ-ലിങ്ക് മോണോ സസ്‌പെൻഷനും ആണ് ബൈക്കില്‍. എബി‌എസിന് പുറമേ 296 എംഎം ഡിസ്ക് മുന്നിലും 220 എംഎം ഡിസ്ക് പിന്നിലും ബ്രെയ്ക്കിങ്ങ്. 

എന്തായാലും ഹോണ്ട ഡീലർഷിപ്പുകൾ പുത്തൻ സിബിആർ 250ആർ മോഡലുകളുടെ ബുക്കിംഗ് സ്വീകരിക്കുന്നത് അവസാനിപ്പിച്ച് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാൻഡേർഡ്, എബിഎസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വില്പനയിലുള്ള CBR 250Rന് യഥാക്രമം Rs 1.69 ലക്ഷവും, Rs 2.00 ലക്ഷവും ആണ് നിലവിലെ കൊച്ചി എക്‌സ്-ഷോറൂം വില.