Asianet News MalayalamAsianet News Malayalam

കാശൊട്ടും കൂട്ടാതെ സിറ്റിക്ക് സുരക്ഷ കൂട്ടി ഹോണ്ട!

കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളോടെ ഹോണ്ടയുടെ ജനപ്രിയ വാഹനം സിറ്റി

Honda City gets new safety updates
Author
Mumbai, First Published Jun 10, 2019, 5:11 PM IST

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ ജനപ്രിയ വാഹനം സിറ്റി കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളോടെ എത്തുന്നു. കേന്ദ്ര സർക്കാർ നിർദേശപ്രകാരം നിലവിൽ വരുന്ന പരിഷ്‍കരിച്ച സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് മാറ്റങ്ങൾ. 

പുതിയ സ്പീഡ് അലാം സംവിധാനം ഘടിപ്പിച്ചതാണ് കാറിലെ പ്രധാന പരിഷ്‍കാരം. കാറിന്റെ വേഗം മണിക്കൂറിൽ 80 കിലോമീറ്റർ കടന്നാല്‍ ആദ്യ ശബ്ദ സൂചന ലഭിക്കും. വേഗം 120 കിലോമീറ്ററിലേറെയായാല്‍ അലാം തുടർച്ചയായി ബീപ് ശബ്ദം പുറപ്പെടുവിക്കും. ഇതോടൊപ്പം മുൻ സീറ്റ് യാത്രികൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനവുമുണ്ട്. ഇതോടൊപ്പം ഡ്രൈവർക്ക് എയർബാഗും ആന്റി ലോക്ക് ബ്രേക്ക് സംവിധാനവും നിർബന്ധമാക്കിയിട്ടുണ്ട്. സിറ്റിയുടെ എല്ലാ വകഭേദങ്ങളിലും ഇരട്ട എയർബാഗും എ ബി എസും നേരത്തെ തന്നെ ലഭ്യമാണ്. പുതിയ സുരക്ഷാ വിഭാഗത്തിലെ പരിഷ്‍കാരങ്ങളുടെ പേരിൽ കാറിന്റെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടുമില്ലെന്നതാണ് മറ്റൊരു പ്രത്യേകത. 

1998 ജനുവരിയിലാണ് ഹോണ്ടയുടെ ഉപസ്ഥാപനമായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) ആഭ്യന്തര വിപണിയിൽ പ്രീമിയം സെഡാനായ സിറ്റിയുടെ വിൽപ്പനയ്ക്കു തുടക്കമിടുന്നത്. അന്നു മുതല്‍ വാഹനപ്രേമികളുടെ ഇഷ്ടവാഹനമായി മാറി സിറ്റി. വിപണിയിലെത്തിയ ശേഷം 2003ല്‍ രണ്ടാം തലമുറയും 2008ല്‍ മൂന്നാംതലമുറയും 2014ല്‍ നാലാം തലമുറയും ഇന്ത്യന്‍ നിരത്തുകളിലെത്തി. ഈ നാലാം തലമുറയാണ് ഇപ്പോള്‍ നിരത്തുകളിലുള്ളത്. 

1.5 ലീറ്റർ ഐ വിടെക് പെട്രോൾ എൻജിനാണ് സിറ്റിയുടെ ഹൃദയം. 119 ബി എച്ച് പി കരുത്ത് ഈ എൻജിൻ സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്‍മിഷനോടെ എത്തുന്ന ഈ എൻജിന് ലീറ്ററിന് 17.8 കിലോമീറ്ററാണു ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.  കീ രഹിത എൻട്രി, ഇലക്ട്രിക് സൺറൂഫ്, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ, ബ്ലൂടൂത്ത് ഹാൻഡ്സ്ഫ്രീ, ഡിജിപാഡ് എന്നു പേരിട്ട 17.7 സെന്റിമീറ്റർ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, റിവേഴ്സ് കാമറ, പാർക്കിങ് സെൻസർ, ക്രൂസ് കൺട്രോൾ, ഓട്ടമാറ്റിക് എയർ കണ്ടീഷനർ, ലതർ സീറ്റ്, 16 ഇഞ്ച് അലോയ് വീൽ, ഇ ബി ഡി സഹിതം എ ബി എസ്, എയർ ബാഗ് എന്നിവയെല്ലാം നിലവിലെ സിറ്റിയിലുണ്ട്. 

ഇന്ത്യൻ വിപണിയിൽ ഏഴു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടം കൈവരിക്കുന്ന ആദ്യ പ്രീമിയം സെഡാനെന്ന നേട്ടം 2017 ഒക്ടോബറില്‍ സിറ്റി സ്വന്തമാക്കിയിരുന്നു. നിലവിൽ സിറ്റിയുടെ മൊത്തം വിൽപ്പനയിൽ 25 ശതമാനത്തിലേറെ ഇന്ത്യയുടെ സംഭാവനയെന്നതാണ് ശ്രദ്ധേയം. അതേസമയം സിറ്റി അടിമുടി മാറ്റത്തിനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. ആദ്യം തായ്‌ലന്‍ഡിലെ നിരത്തുകളില്‍ എത്തുന്ന ഈ വാഹനം  ഈ വര്‍ഷം ഒടുവില്‍ ഇന്ത്യയിലുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

Follow Us:
Download App:
  • android
  • ios